പ്രത്യേക ഫീസ് വാങ്ങിയിട്ടും സേവനവീഴ്ച; എയർ ഇന്ത്യ എക്സ്പ്രസിന് 27,000 രൂപ പിഴ
മംഗളുരു : യാത്രക്കാരനിൽ നിന്ന് പ്രത്യേക ചാർജ് ഈടാക്കിയിട്ടും ലക്ഷങ്ങൾ വിലമതിക്കുന്ന സ്പോർട്സ് സൈക്കിൾ സാധാരണ കൺവെയർ ബെൽറ്റിലിട്ട് അശ്രദ്ധമായി കൈകാര്യം ചെയ്തതിന് എയർ ഇന്ത്യ എക്സ്പ്രസ്സ് കമ്പനിക്ക് ദക്ഷിണ കന്നഡ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ 27,000 രൂപ പിഴ ചുമത്തി. ചെന്നൈയിൽ നിന്നും മംഗലാപുരത്തേക്ക് യാത്ര ചെയ്ത ചെന്നൈ ജവഹർ നഗർ സ്വദേശിയായ സുശാന്ത് എൻ.ജി എന്ന യാത്രക്കാരനാണ് എയർ ഇന്ത്യയുടെ സേവനത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്.
മത്സരങ്ങൾക്കും പരിശീലനങ്ങൾക്കുമായി ഉപയോഗിക്കുന്ന മൂന്ന് ലക്ഷത്തിലധികം രൂപ വിലവരുന്ന റേസിങ് സൈക്കിളാണ് ഇദ്ദേഹം യാത്രയിൽ ഒപ്പം കരുതിയിരുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് സൈക്കിൾ പ്രത്യേകമായി ശ്രദ്ധിച്ച് സുരക്ഷിതമായി എത്തിക്കുന്നതിനായി 2,000 രൂപ സ്പെഷ്യൽ എക്വിപ്മെന്റ് ഹാൻഡ്ലിങ് ഫീസായി സുശാന്ത് അധികമായി നൽകിയിരുന്നു. ചെന്നൈ എയർപോർട്ടിലെ ജീവനക്കാർ സൈക്കിൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യാമെന്ന് ഉറപ്പ് നൽകിയെങ്കിലും മംഗലാപുരത്ത് എത്തിയപ്പോൾ കൺവെയർ ബെൽറ്റിൽ മറ്റ് സാധാരണ ലഗേജുകൾക്കൊപ്പമാണ് സൈക്കിൾ എത്തിയത്. ഇതിനെക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ അങ്ങനെയൊരു ബുക്കിങ്ങിനെ കുറിച്ച് അറിയില്ലെന്നാണ് എയർ ഇന്ത്യ ജീവനക്കാർ മറുപടി നൽകിയത്. തുടർന്ന് കമ്പനിക്ക് ഇ മെയിൽ അയച്ചെങ്കിലും അനുകൂല പ്രതികരണം ഉണ്ടാകാത്തതിനെത്തുടർന്നാണ് യാത്രക്കാരൻ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.
സൈക്കിളിന് മറ്റ് ഭൗതിക കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ലെങ്കിലും, പ്രത്യേക തുക വാങ്ങിയ ശേഷം വാഗ്ദാനം ചെയ്ത സുരക്ഷിതത്വം നൽകാത്തത് സേവനത്തിലെ ഗുരുതരമായ വീഴ്ചയാണെന്ന് കോടതി വിലയിരുത്തി. എന്നാൽ സൈക്കിൾ നിശ്ചിത വലുപ്പത്തിനുള്ളിൽ ആയതിനാലാണ് സാധാരണ ബെൽറ്റിലൂടെ എത്തിച്ചതെന്നും, ജീവനക്കാർ അത് കണ്ട് ഉടൻ തന്നെ സുരക്ഷിതമാക്കിയെന്നുമാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് കോടതിയിൽ വാദിച്ചത്. എങ്കിലും യാത്രക്കാരന് പ്രത്യേകമായി ഈടാക്കിയ 2,000 രൂപയുടെ റീഫണ്ടും, മാനസിക വിഷമങ്ങൾക്കും സേവനത്തിലെ അനാസ്ഥക്കുമുള്ള നഷ്ടപരിഹാരമായി 20,000 രൂപയും, കോടതി ചിലവുകൾക്കായി 5,000 രൂപയും ഉൾപ്പെടെ ആകെ 27,000 രൂപ നൽകാൻ കോടതി ഉത്തരവിട്ടു. ഉത്തരവ് വന്ന് 45 ദിവസത്തിനകം തുക കൈമാറണമെന്നും അല്ലാത്തപക്ഷം ആറ് ശതമാനം വാർഷിക പലിശ സഹിതം തുക നൽകേണ്ടി വരുമെന്നും വിധിയിൽ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.