യാത്രക്കാർക്ക് ആശ്വാസം; പരശുറാം എക്സ്പ്രസിൽ ജനറൽ കോച്ചുകൾ കുറയില്ലെന്ന് റെയിൽവേ

കോഴിക്കോട്: പരശുറാം എക്സ്പ്രസ്സിൽ പുതിയ എൽ.എച്ച്.ബി (ലിങ്ക് ഹോഫ്മാൻ ബുഷ്) കോച്ചുകൾ അനുവദിക്കുമ്പോൾ ജനറൽ കമ്പാർട്ടുമെന്റുകളുടെ എണ്ണം കുറയുമെന്ന യാത്രക്കാരുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് റെയിൽവേയുടെ വിശദീകരണം. പഴയ ഐ.സി.എഫ് കോച്ചുകൾക്ക് പകരം ആധുനിക എൽ.എച്ച്.ബി സംവിധാനത്തിലേക്ക് മാറുമ്പോഴും ജനറൽ കോച്ചുകൾ നിലവിലേതുപോലെ തന്നെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

സെപ്റ്റംബർ 22-ന് സർവീസ് നടത്തുന്ന മംഗളൂരു-കന്യാകുമാരി (16649) എക്സ്പ്രസ്സിലും സെപ്റ്റംബർ 23-ന് കന്യാകുമാരി-മംഗളൂരു (16650) എക്സ്പ്രസ്സിലുമാണ് കോച്ചുകളിൽ ഈ മാറ്റം നിലവിൽ വരുന്നത്. പുതിയ മാറ്റവുമായി ബന്ധപ്പെട്ട് പാലക്കാട് റെയിൽവേ ഡിവിഷൻ ആദ്യം നൽകിയ അറിയിപ്പാണ് ആശയക്കുഴപ്പങ്ങൾക്ക് വഴിവെച്ചത്. രണ്ട് എ.സി ചെയർകാറുകൾക്ക് പുറമെ, ഒൻപത് സെക്കൻഡ് സിറ്റിങ് കോച്ചുകളും ഒൻപത് ജനറൽ കോച്ചുകളുമാണ് പുതിയ ട്രെയിനിൽ ഉണ്ടാവുകയെന്നായിരുന്നു ആദ്യത്തെ കുറിപ്പ്. ഇതിന് പിന്നാലെയാണ് തിരുത്തലുമായി റെയിൽവേ പുതിയ വിശദീകരണം നൽകിയത്. ഒൻപതല്ല, മറിച്ച് ഒരു എസ്.എൽ.ആർ.ഡി കോച്ച് ഉൾപ്പെടെ 16 ജനറൽ കോച്ചുകൾ പുതിയ സംവിധാനത്തിലും ഉണ്ടാകുമെന്ന് റെയിൽവേ ഉറപ്പുനൽകി.

തിരുത്തിയ അറിയിപ്പ് പ്രകാരം ആകെ 21 കോച്ചുകളാണ് പരശുറാം എക്സ്പ്രസ്സിൽ ഉണ്ടാവുക. മുൻകൂട്ടി റിസർവ് ചെയ്യേണ്ടാത്ത ജനറൽ കോച്ചുകൾ - 15, ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ കോച്ച് (എസ്.എൽ.ആർ.ഡി) - 1, സെക്കൻഡ് സിറ്റിങ് കോച്ചുകൾ - 3, എ.സി ചെയർ കാർ - 2.

നിലവിലെ സീറ്റിങ് കപ്പാസിറ്റി

എസ്.ആർ.ഡി., എസ്.എൽ.ആർ. എന്നിവയുൾപ്പെടെ നിലവിൽ 23 കോച്ചുകളുമായാണ് പരശുറാം സർവീസ് നടത്തുന്നത്. ഇതിൽ 1680 സീറ്റുകളുള്ള 16 ജനറൽ കോച്ചുകളും, 315 സീറ്റുകളുള്ള മൂന്ന് സെക്കൻഡ് സിറ്റിങ് കോച്ചുകളും, 146 സീറ്റുകളുള്ള രണ്ട് ചെയർകാറുമാണ് ഉള്ളത്. പുതിയതായി വരുന്ന എൽ.എച്ച്.ബി കോച്ചുകൾക്ക് നിലവിലെ കോച്ചുകളേക്കാൾ നീളം കൂടുതലായതിനാൽ സീറ്റുകളുടെ എണ്ണത്തിൽ നേരിയ വർധനവുണ്ടാകുമെന്നും റെയിൽവേ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Parashuram Express General Coaches Will Not Be Reduced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.