മത്സരയോട്ടത്തിന് കടിഞ്ഞാൺ; ബസ് സർവിസുകളിൽ നവംബര്‍ ഒന്നുമുതല്‍ ജിപിഎസ് വഴി നിരീക്ഷണം
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ് സർവിസുകളിൽ കർശന നിയന്ത്രണവുമായി സർക്കാർ. റോഡിലെ അശ്രദ്ധമായ ഡ്രൈവിങ്ങും മത്സരയോട്ടവും തടയുന്നതിന്റെ ഭാഗമായി, ബസ് സര്‍വിസുകള്‍ക്കിടയില്‍ ജിപിഎസ് വഴി നിരീക്ഷിക്കുന്ന നിര്‍ബന്ധിത സമയ ഇടവേളകള്‍ നടപ്പാക്കാന്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി തീരുമാനിച്ചു. നവംബര്‍ ഒന്നുമുതല്‍ പുതിയ സംവിധാനം നിലവില്‍ വരും.
കേന്ദ്രീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലേക്ക് ഉള്‍പ്പെടുത്തുന്നതിനായി സ്വകാര്യ ബസ് ഉടമകളില്‍ നിന്നും കെ.എസ്.ആർ.ടി.സിയില്‍ നിന്നും റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റികള്‍ ട്രിപ്പ് ഷെഡ്യൂളുകള്‍ ശേഖരിച്ചു തുടങ്ങി. പുതിയ സംവിധാനം യാഥാർഥ്യമാക്കുന്നതിന് മുന്നോടിയായി റൂട്ടുകളിലെ കൃത്യവും സുരക്ഷിതവുമായ സമയക്രമം തയാറാക്കാന്‍ ഈ വിവരങ്ങള്‍ സോഫ്റ്റ് വെയറിലേക്ക് മാറ്റും. കേരള ബസ്, ബസ് ടൈം ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി യാത്രക്കാര്‍ക്ക് തത്സമയ വിവരങ്ങള്‍ അറിയാന്‍ സാധിക്കും.
പുതിയ സംവിധാനമനുസരിച്ച് ഒരേ റൂട്ടില്‍ സര്‍വിസ് നടത്തുന്ന കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ കര്‍ശനമായ സമയഇടവേള പാലിക്കേണ്ടതുണ്ട്. നഗരപ്രദേശങ്ങളില്‍ അഞ്ച് മിനിറ്റും ഗ്രാമീണ പാതകളില്‍ 10 മിനിറ്റും ആയിരിക്കും ചുരുങ്ങിയ ഇടവേള. യാത്രക്കാരെ കയറ്റുന്നതിനായുള്ള ബസുകളുടെ മത്സരയോട്ടവും അപകടകരമായ ഡ്രൈവിങ്ങും ഇതുവഴി ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ.
ജിപിഎസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ ആപ്പുകള്‍ വഴിയും മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴിയുമാണ് തത്സമയ ലൊക്കേഷനുകളും സമയക്രമവും നിരീക്ഷിക്കുക. നിലവില്‍ സംസ്ഥാനത്ത് ഏകദേശം 7,000 സ്വകാര്യ ബസുകളും 4,468 കെ.എസ്.ആർ.ടി.സി ബസുകളുമാണ് സര്‍വിസ് നടത്തുന്നത്. റോഡ് സുരക്ഷയാണ് പ്രധാന ലക്ഷ്യമെന്നതിനാലാണ് കെ.എസ്.ആർ.ടി.സി ബസുകളെയും ഈ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
റോഡ് അപകടങ്ങള്‍ കുറക്കുന്നതിനും ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിനും പുതിയ പദ്ധതി സഹായിക്കുമെന്ന് കേരള സ്റ്റേറ്റ് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ഹംസ എരിക്കുന്നന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.