ചൊ​ക്ര​മു​ടി​യി​ൽ നീ​ല​ക്കു​റി​ഞ്ഞി പൂ​ത്തു​നി​ൽ​ക്കു​ന്നു

നീലക്കുറിഞ്ഞി കണ്ടുമടങ്ങിയത് കാൽലക്ഷത്തിന് മുകളിൽ സഞ്ചാരികൾ

തൊടുപുഴ: ചൊക്രമുടിയിൽ ഇതുവരെ നീലക്കുറിഞ്ഞി കാണാനെത്തിയത് കാൽലക്ഷത്തിന് മുകളിൽ സഞ്ചാരികൾ. ശനി, ഞായർ ദിവസങ്ങളിലാണ് കൂടുതൽ സഞ്ചാരികളും ഇവിടേക്ക് എത്തുന്നത്. ചൊക്രമുടിയിൽ ഉൾപ്പെടെ മൂന്നാറിൽ നീലക്കുറിഞ്ഞി പൂത്തത് വിനോദസഞ്ചാര മേഖലക്ക് വലിയ ഉണർവാണ് നൽകിയിരിക്കുന്നത്.

അനുകൂല കാലാവസ്ഥയായതിനാൽ പൂക്കാലത്തിന്റെ ദൈർഘ്യം കൂടും. ഇടക്ക് പെയ്ത മഴയും കുറിഞ്ഞിയുടെ പൂവിടലിന് ഗുണകരമായതായാണ് വനം വകുപ്പിന്‍റെ കണക്കുകൂട്ടൽ. ചൊക്രമുടിയുടെ താഴ്‌വാരത്ത് ദേവികുളം ഗ്യാപ്പ് റോഡിന്റെ വശത്തു സ്ഥിതിചെയ്യുന്ന വനംവകുപ്പിന്റെ ബൈസൺ ട്രയൽ സെന്ററിൽ എത്തുന്നതിൽ പകുതി ആളുകൾ മാത്രമേ ടിക്കറ്റെടുത്ത് നീലക്കുറിഞ്ഞി കാണാൻ മലമുകളിലേക്ക് പോകുന്നുള്ളൂ. ദുർഘടമായ ഒറ്റയടിപ്പാതയിലൂടെ പോകണം എന്നുള്ളതാണ് പല സഞ്ചാരികളെയും ഇതിൽനിന്ന് വിലക്കുന്നത്.

കഴിഞ്ഞ രണ്ടാഴ്ചയായി ലഭിച്ച വെയിലിൽ 60 ശതമാനം പൂക്കളും ഇതിനോടകം വിരിഞ്ഞിരുന്നു. മഴ പെയ്യാതിരുന്നതിനാൽ വിടർന്ന പൂക്കൾ വാടാതെ നിന്നത് സഞ്ചാരികൾക്ക് മനംമയക്കുന്ന കാഴ്ചയായിരുന്നു. ഇടക്ക് ചെറിയ തോതിൽ മഴ ലഭിച്ചു. മഴ മാറിയാൽ ഇനി വിടരാനുള്ള മൊട്ടുകളും വിടർന്ന് കാഴ്ചവസന്തം തുടരും. ദേവികുളം ഗ്യാപിന് സമീപമുള്ള ചൊക്രമുടി, മാട്ടുപ്പെട്ടി കൊരണ്ടക്കാട്, പള്ളിവാസൽ കുരിശുമലക്ക് സമീപം എന്നിവിടങ്ങളിലാണ് ഇത്തവണ നീലക്കുറിഞ്ഞി വ്യാപകമായി പൂത്തത്.

വനം വകുപ്പിന്റെ നേതൃത്വത്തിൽ പ്രവേശനമൊരുക്കുന്ന ചൊക്രമുടിയിൽ കഴിഞ്ഞ 24 മുതൽ 27,000 പേരാണ് സന്ദർശനം നടത്തിയത്. മഴ പെയ്യുന്ന സമയങ്ങളിൽ ഉള്ളിലേക്കുള്ള പ്രവേശനത്തിന് വനം വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ട്.

Tags:    
News Summary - Over a quarter of a million tourists have visited Neelakurinji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.