കുടിവെള്ളമില്ല, മോശം ഭക്ഷണം, ശുചിത്വമില്ലായ്മ, എന്നിവയാണോ പ്രശ്നം? 'റെയിൽ മദാദ്' ആപ്പിൽ സമഗ്ര പരിഷ്കരണവുമായി ഇന്ത‍്യൻ റെയിൽവേ

ന്യൂഡൽഹി: യാത്രക്കാർ നൽകുന്ന സന്ദേശങ്ങൾ തടസ്സങ്ങളില്ലാതെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിലേക്ക് നേരിട്ടെത്തിക്കാനും തത്സമയം നടപടി സ്വീകരിക്കാനും ലക്ഷ്യമിട്ട് 'റെയിൽ മദാദ്' ആപ്പിലൂടെ സമഗ്ര പരിഷ്കരണവുമായി ഇന്ത്യൻ റെയിൽവേ. ട്രെയിൻ യാത്രയ്ക്കിടെ നേരിടുന്ന കുടിവെള്ള ലഭ്യതക്കുറവ്, ശുചിത്വമില്ലായ്മ, മോശം ഭക്ഷണം തുടങ്ങിയ പരാതികൾക്ക് കൂടുതൽ വേഗത്തിൽ പരിഹാരം കാണാൻ ആപ്പിൽ സൗകര‍്യം ചെയ്യും. യാത്രക്കാർ നൽകുന്ന സന്ദേശങ്ങൾ തടസ്സങ്ങളില്ലാതെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിലേക്ക് നേരിട്ടെത്തിക്കാനും തത്സമയം നടപടി സ്വീകരിക്കാനും ലക്ഷ്യമിട്ടാണ് ആപ്പിന്റെ നവീകരണം.

പ്രധാന മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ:

ലളിതമായ ഒ.ടി.പി നടപടികൾ

പരാതി പരിഹരിച്ചതായി രേഖപ്പെടുത്തുന്നതിന് യാത്രക്കാരിൽ നിന്ന് ഒ.ടി.പി (OTP) വാങ്ങുന്ന രീതിയിൽ മാറ്റം വരുത്തും. ഇത് പരാതി ക്ലോസ് ചെയ്യുന്ന പ്രക്രിയ യാത്രക്കാർക്ക് കൂടുതൽ എളുപ്പമുള്ളതാക്കും.

വെള്ളവും ഭക്ഷണവും: തത്സമയ ഇടപെടൽ കോച്ചുകളിൽ വെള്ളം തീരുന്നതുപോലുള്ള അടിയന്തര പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്താൽ, ട്രെയിൻ അടുത്തതായി എത്തുന്ന സ്റ്റേഷനിലെ ജീവനക്കാരിലേക്ക് വിവരങ്ങൾ ഉടനടി കൈമാറും. വന്ദേ ഭാരത് ഉൾപ്പെടെയുള്ള പ്രീമിയം ട്രെയിനുകളിലെ ഭക്ഷണ നിലവാരത്തെക്കുറിച്ചുള്ള പരാതികൾ കാറ്ററിങ് വിഭാഗത്തിന് നേരിട്ട് നൽകി പരിഹരിക്കാനും പുതിയ ക്രമീകരണം സഹായിക്കും.

ട്രെയിൻ - സ്റ്റേഷൻ പരാതികൾ വേർതിരിക്കും

റെയിൽവേ സ്റ്റേഷനുകളിൽ അനുഭവപ്പെടുന്ന പോരായ്മകളും ഓടുന്ന ട്രെയിനിലെ പ്രശ്നങ്ങളും വേവ്വേറെ വിഭാഗങ്ങളായി തിരിച്ച് രജിസ്റ്റർ ചെയ്യാം. ഇത് വഴി അതാത് മേഖലകളിലെ ഉത്തരവാദപ്പെട്ട ജീവനക്കാരിലേക്ക് പരാതി വേഗത്തിലെത്തും.

PNR, QR കോഡ് അധിഷ്ഠിത ട്രാക്കിങ്

ഒരു പി.എൻ.ആർ (PNR) നമ്പർ ഉപയോഗിച്ച് ഒരേ വിഷയത്തിൽ നിരന്തരം നൽകുന്ന പരാതികൾ നിയന്ത്രിക്കാൻ ക്യു.ആർ കോഡ്, പി.എൻ.ആർ അധിഷ്ഠിത സംവിധാനം വരും. സമാനമായ പ്രശ്നങ്ങൾ ആവർത്തിച്ച് ഉയരുമ്പോൾ അത് പ്രത്യേകമായി നിരീക്ഷിച്ച് സ്ഥിരം പരിഹാരം കാണാൻ ഇത് വഴി സാധിക്കും.

പരാതികളുടെ എണ്ണം കുറച്ചു കാണിക്കുകയല്ല, മറിച്ച് ലഭിക്കുന്ന ഓരോ പരാതിയും അർഹിക്കുന്ന പ്രാധാന്യത്തോടെ പരിഹരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഈ പരിഷ്കരണത്തിലൂടെ റെയിൽവേ ലക്ഷ്യമിടുന്നത്.

Tags:    
News Summary - Rail Madad App Upgrade: Fast Solution for Water, Food & Cleanliness Issues in Trains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.