ഡിജിറ്റൽകാലത്തും പഴയ ടിക്കറ്റ്; ഭൂരിഭാഗം സ്വകാര്യ ബസുകളിലും ഇപ്പോഴും ടിക്കറ്റ് മെഷീൻ ഇല്ല, കെഎസ്ആർടിസി 23 വർഷം മുന്നിൽ

കോഴിക്കോട്: സംസ്ഥാനത്തെ എല്ലാ സ്വകാര്യ ബസുകളിലും ഇനിയും ടിക്കറ്റ് മെഷീൻ സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. പല ബസുകളിലും പരമ്പരാഗത രീതിയിലാണ് ഇപ്പോഴും ടിക്കറ്റ് നൽകുന്നത്. ഇതോടെ യാത്രക്കാരുടെ കൈവശം ലഭിക്കുന്ന ടിക്കറ്റിന്റെ വിവരങ്ങൾ, യാത്രാനിരക്ക് തുടങ്ങിയവ സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്നു.

ടിക്കറ്റിൽ ബസ് നമ്പർ, യാത്രാനിരക്ക്, ഫെയർ പോയിന്റ്, ടിക്കറ്റ് നമ്പർ തുടങ്ങിയവ രേഖപ്പെടുത്തണമെന്ന് മോട്ടർ വാഹന നിയമത്തിലുണ്ട്. പല സ്വകാര്യ ബസുകളും ഇത് കൃത്യമായി പാലിക്കുന്നില്ലെന്ന ആക്ഷേപം നിലനിൽക്കുകയാണ്. ഭൂരിഭാഗം ബസുകളിലും ഇപ്പോഴും ടിക്കറ്റുകൾ കീറി നൽകുകയാണ് പതിവ്. ഡിജിറ്റൽ ടിക്കറ്റുകൾ ഉപയോഗിക്കാൻ അനുമതിയുണ്ടെങ്കിലും ഇത് വ്യാപകമായിട്ടില്ല.

ഡിജിറ്റൽ ടിക്കറ്റിങ് സംവിധാനം വ്യാപകമാകുന്ന സാഹചര്യത്തിലും സ്വകാര്യ ബസ് മേഖലയിലെ ടിക്കറ്റ് സംവിധാനത്തിൽ ഏകീകരണമില്ലാത്തതാണ് പ്രധാന പ്രശ്നം. ചില ബസുകളിൽ ടിക്കറ്റ് മെഷീനുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും എല്ലാ സർവിസുകളിലും ഇത് നിർബന്ധിതമായി നടപ്പാക്കിയിട്ടില്ല.

കെ.എസ്.ആർ.ടി.സിയുടെ എല്ലാ ബസുകളിലും ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം നിലവിൽ വന്നിട്ടും കൂടുതൽ സ്വകാര്യ ബസുകളിലും സ്ഥിതി പഴയപോലെയാണ്. കൈയില്‍ പണമില്ലെങ്കിൽ ചില സ്വകാര്യ ബസുകളിൽ കയറാനാകില്ല. ജിപേ, പേടിഎം, ഫോണ്‍പേ തുടങ്ങിയ ആപ്പുകള്‍ വഴി പണം സ്വീകരിക്കാത്ത ബസുകൾ ഇപ്പോഴുമുണ്ട്. ക്യൂആര്‍ കോഡ് പോലും പതിച്ചിട്ടില്ല. പല കണ്ടക്ടർമാരും ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തോട് മുഖംതിരിക്കുകയാണ്. ചില്ലറ പ്രശ്നം ഉൾപ്പെടെ പരിഹരിക്കപ്പെടുമെന്നിരിക്കെയാണ് ഈ വിമുഖത.

അതേസമയം, കെ.എസ്.ആർ.ടി.സി ബസുകളിൽ ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ (ഐ.ടി.എം) പദ്ധതി നിലവിൽ വന്നിട്ട് 23 വർഷം പിന്നിട്ടു. 2003 ജൂൺ അഞ്ചിന് കൊല്ലം ഡിപ്പോയിലാണ് പദ്ധതി ആദ്യം നടപ്പിലാക്കിയത്. ആദ്യ ഘട്ടത്തിൽ 57 ഡിപ്പോകളിലായി 3,000 ഇ.ടി.എമ്മുകൾ കെ.എസ്.ആർ.ടി.സി അനുവദിച്ചിരുന്നു. ആയുസ്സ് കുറഞ്ഞ ബാറ്ററികൾ, പ്രിന്റിങ് പ്രശ്നങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ തരണംചെയ്താണ് കെ.എസ്.ആർ.ടി.സി സമ്പൂർണ ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ സംവിധാനത്തിലേക്ക് വന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.