15വയസിൽ താഴെയുള്ളവരുടെ പാസ്‌പോർട്ടിന് 5 വർഷത്തെ കാലാവധി അല്ലെങ്കിൽ 18 വയസുവരെ

ന്യൂഡൽഹി: 15 വയസിന് താഴെയുള്ള കുട്ടികൾക്ക് നൽകുന്ന സാധാരണ ഇന്ത്യൻ പാസ്‌പോർട്ടുകൾക്ക് ഇനിമുതൽ 5 വർഷമോ അല്ലെങ്കിൽ കുട്ടിക്ക് 18 വയസ് തികയുന്നത് വരെയോ (ഏതാണോ ആദ്യം വരുന്നത്) പ്രാബല്യമുണ്ടായിരിക്കും. സെപ്റ്റംബർ 17ന് ഇന്ത്യാ ഗസറ്റിൽ പ്രസിദ്ധീകരിച്ച 'പാസ്‌പോർട്ട് ഭേദഗതി നിയമങ്ങൾ, 2026' പ്രകാരം 1980ലെ പാസ്‌പോർട്ട് നിയമങ്ങളിലാണ് ഈ ഭേദഗതി വരുത്തിയത്.

മുമ്പ് 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 5 വർഷത്തേക്ക് അല്ലെങ്കിൽ അവർക്ക് 15 വയസ്സ് തികയുന്നത് വരെ (ഏതാണോ ആദ്യം വരുന്നത്) മാത്രമായിരുന്നു പാസ്‌പോർട്ട് കാലാവധി നൽകിയിരുന്നത്.15 മുതൽ 18 വയസ്സ് വരെയുള്ളവർക്ക് മുമ്പ് 10 വർഷത്തെ കാലാവധിയുള്ള പാസ്‌പോർട്ടോ അല്ലെങ്കിൽ 18 വയസ്സ് തികയുന്നത് വരെയുള്ള പാസ്‌പോർട്ടോ തിരഞ്ഞെടുക്കാൻ അവസരമുണ്ടായിരുന്നു.

പാസ്‌പോർട്ട് സംബന്ധമായ സേവനങ്ങളുടെ ഫീസ് വിദേശകാര്യ മന്ത്രാലയം ജൂലൈ 1 മുതൽ വർധിപ്പിച്ചിരുന്നു. പുതിയ പാസ്‌പോർട്ട് അപേക്ഷകൾ, പുതുക്കൽ, തത്കാൽ സേവനങ്ങൾ, നഷ്ടപ്പെട്ടതോ കേടുപാടുകൾ സംഭവിച്ചതോ ആയ പാസ്‌പോർട്ടുകൾക്ക് പകരമുള്ളവ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, മറ്റ് പാസ്‌പോർട്ട് അധിഷ്ഠിത സേവനങ്ങൾ എന്നിവക്ക് വർധിപ്പിച്ച ഫീസ് നിരക്കുകൾ ബാധകമാണ്.

കുട്ടികളുടെ പുതിയ അപേക്ഷകൾക്ക് 10 ശതമാനം ഇളവ് തുടരും

എട്ട് വയസിൽ താഴെയുള്ള കുട്ടികൾക്കും 60 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും പുതിയ പാസ്‌പോർട്ട് അപേക്ഷകളിൽ 10 ശതമാനം ഇളവ് തുടരും. എന്നാൽ പാസ്‌പോർട്ട് റീഇഷ്യൂ അപേക്ഷകൾക്ക് ഈ ഇളവ് ബാധകമല്ല. മുതിർന്നവരുടെ കാര്യത്തിൽ, പുതിയ 36 പേജ് പാസ്‌പോർട്ടിനും പുതുക്കലിനുമുള്ള സാധാരണ അപേക്ഷാ ഫീസ് 1,500 രൂപയിൽ നിന്ന് 2,500 രൂപയായി ഉയർത്തി. 60 പേജുള്ള പാസ്‌പോർട്ടിന് (സാധാരണം) ഫീസ് 2,000 രൂപയിൽ നിന്ന് 3,500 രൂപയായി വർധിപ്പിച്ചു. തത്കാൽ പദ്ധതിക്ക് കീഴിൽ 36 പേജുള്ള പാസ്‌പോർട്ടിന് 3,500 രൂപയിൽ നിന്ന് 5,000 രൂപയായും, 60 പേജുള്ള പാസ്‌പോർട്ടിന് 4,000 രൂപയിൽ നിന്ന് 6,000 രൂപയായും നിരക്ക് കൂട്ടി.

തത്കാൽ വിഭാഗത്തിൽ 60 പേജുള്ള പാസ്‌പോർട്ട് റീപ്ലേസ്‌മെന്റിനുള്ള ഫീസ് 5,500 രൂപയിൽ നിന്ന് 8,500 രൂപയായി ഉയർത്തി. 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ പാസ്‌പോർട്ട് സേവനങ്ങൾക്കും നിരക്ക് വർധിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്തവർക്കുള്ള 36 പേജുള്ള പുതിയ പാസ്‌പോർട്ടിനും റീഇഷ്യൂവിനുമുള്ള സാധാരണ ഫീസ് 1,000 രൂപയിൽ നിന്ന് 1,750 രൂപയായി ഉയർത്തി. തത്കാൽ വിഭാഗത്തിൽ 36 പേജുള്ള പാസ്‌പോർട്ടിന് ഫീസ് 3,000 രൂപയിൽ നിന്ന് 4,250 രൂപയായും വർധിപ്പിച്ചു.

Tags:    
News Summary - Minors' passports are valid for 5 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.