തിരുവനന്തപുരം: ഇടുക്കി ജില്ലയിൽ കനത്ത മഴയ്ക്ക് ശമനമായതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ ജില്ല ഭരണകൂടം പിൻവലിച്ചു. കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരുന്ന വിവിധ അലർട്ടുകൾ നീക്കിയ സാഹചര്യത്തിലാണ് മുൻകരുതലിന്റെ ഭാഗമായി ഏർപ്പെടുത്തിയ താൽക്കാലിക നിരോധനം മാറ്റിയത്. നിലവിൽ കാര്യമായ മഴ മുന്നറിയിപ്പുകളില്ലെങ്കിലും ആഗസ്റ്റ് 12 ഓടെ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് ആഗസ്റ്റ് 14 വരെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, എറണാകുളം, കന്യാകുമാരി തീരങ്ങളിൽ ആഗസ്റ്റ് 11 രാത്രി വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും കടുത്ത ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
അപകട മേഖലകളിൽ ഉള്ളവർ അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും പൂർണമായി ഒഴിവാക്കേണ്ടതാണ്. കൂടാതെ, തീരപ്രദേശങ്ങളിലെ ബീച്ച് ടൂറിസവും കടലിലിറങ്ങിയുള്ള വിനോദങ്ങളും നിർത്തിവെക്കണമെന്നും മത്സ്യബന്ധന യാനങ്ങൾ ഹാർബറുകളിൽ സുരക്ഷിതമായി കെട്ടിയിടണമെന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.