പ്രതീകാത്മക ചിത്രം

എസി കോച്ചുകളിലെ ആർ.എ.സി യാത്രക്കാർക്ക് മുഴുവൻ ബെഡ്‌റോൾ കിറ്റും നിർബന്ധം; കർശന നിർദ്ദേശവുമായി റെയിൽവേ ബോർഡ്

ന്യൂഡൽഹി: എസി കോച്ചുകളിൽ ആർ.എ.സി (Reservation Against Cancellation - RAC) ടിക്കറ്റിൽ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാർക്കും പൂർണമായ ബെഡ്‌റോൾ കിറ്റ് (വിരികളും കമ്പിളിയും) നൽകണമെന്ന് ഇന്ത്യൻ റെയിൽവേ കർശന നിർദ്ദേശം നൽകി. ടിക്കറ്റ് നിരക്കിൽ തന്നെ ബെഡ്‌റോൾ ചാർജ് ഈടാക്കുന്നുണ്ടെന്നിരിക്കെ, ആർ.എ.സി യാത്രക്കാർക്കും മറ്റ് കൺഫേംഡ് യാത്രക്കാർക്ക് ലഭിക്കുന്നതുപോലെ തന്നെ സേവനം ഉറപ്പാക്കാനാണ് റെയിൽവേ ബോർഡിന്റെ പുതിയ ഉത്തരവ്. ഇതുസംബന്ധിച്ച് എല്ലാ റെയിൽവേ സോണുകൾക്കും റെയിൽവേ ബോർഡ് ഔദ്യോഗിക നിർദ്ദേശം നൽകി.

എസി ചെയർ കാർ ഒഴികെയുള്ള എല്ലാ എസി ക്ലാസുകളിലെയും ആർ.എ.സി യാത്രക്കാർക്ക് ഈ ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ട്. ലിനൻ (വിരികൾ), ബ്ലാങ്കറ്റ് (കമ്പിളി) എന്നിവ അടങ്ങിയ പൂർണമായ ബെഡ്‌റോൾ കിറ്റ് നൽകാനാണ് ബോർഡ് നിർദേശം. ടിക്കറ്റ് നിരക്കിൽ ബെഡ്‌റോൾ ചാർജ് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, പലപ്പോഴും ആർ.എ.സി യാത്രക്കാർക്ക് കിറ്റ് ലഭിക്കുന്നില്ലെന്നോ അപൂർണമായ കിറ്റുകൾ മാത്രമാണ് ലഭിക്കുന്നതെന്നോ ഉള്ള വ്യാപകമായ പരാതികളെത്തുടർന്നാണ് സോണുകൾക്ക് റെയിൽവേ ബോർഡ് നിർദേശം നൽകിയത്.

ആർ.എ.സി ടിക്കറ്റിൽ യാത്ര ചെയ്യുമ്പോൾ ഒരു ബെർത്ത് രണ്ടുപേർ പങ്കിട്ടാണ് ഉപയോഗിക്കുന്നത്. ഫുൾ ടിക്കറ്റ് നിരക്ക് നൽകി എസി കോച്ചുകളിൽ യാത്ര ചെയ്യുമ്പോഴും ബെഡ്‌റോൾ കിറ്റുകൾ ലഭിക്കാതെ ബുദ്ധിമുട്ടുന്നതായി നിരവധിയാളുകൾ പരാതിപ്പെട്ടിരുന്നു. ഇതിന് പരിഹാരമായാണ് 2009ലെ കൊമേഴ്‌സ്യൽ സർക്കുലർ നമ്പർ 50 ഓർമ്മിപ്പിച്ചുകൊണ്ട് റെയിൽവേ ബോർഡ് വീണ്ടും ഉത്തരവ് ഇറക്കിയിരിക്കുന്നത്.

എസി ക്ലാസുകളിൽ യാത്രാ വേളയിൽ ബെഡ്‌റോൾ അത്യാവശ്യമാണെന്നും, ഇതിനുള്ള തുക യാത്രക്കാരിൽ നിന്ന് ടിക്കറ്റ് നിരക്കിനൊപ്പം തന്നെ ഈടാക്കുന്നുണ്ടെന്നും സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്. ട്രെയിനുകളിലെ ഓൺ-ബോർഡ് സ്റ്റാഫ്, ടി.ടി.ഇമാർ, ഹൗസ് കീപ്പിങ് ജീവനക്കാർ എന്നിവർ ഇക്കാര്യത്തിൽ കർശന മേൽനോട്ടം വഹിക്കണമെന്നും നിർദ്ദേശമുണ്ട്. യാത്രാവേളയിൽ ബെഡ്‌റോൾ ലഭിക്കാത്ത പക്ഷം യാത്രക്കാർക്ക് റെയിൽ മാഡഡ് (Rail Madad Helpline - 139) വഴിയോ ടി.ടി.ഇ മുഖേനയോ പരാതിപ്പെടാവുന്നതാണ്.

Tags:    
News Summary - എസി കോച്ചുകളിലെ ആർ.എ.സി യാത്രക്കാർക്ക് മുഴുവൻ ബെഡ്‌റോൾ കിറ്റും നിർബന്ധം; കർശന നിർദ്ദേശവുമായി റെയിൽവേ ബോർഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.