മനാമ: മേഖലയിലെ പ്രതിസന്ധിയും വ്യോമഗതാഗത തടസ്സങ്ങളും കാരണം ബഹ്‌റൈനിൽ ഉണ്ടായ വലിയ സാമ്പത്തിക പ്രതിസന്ധികൾക്ക് ശേഷം, മെയ് മാസത്തിൽ സന്ദർശകരുടെ ചെലവഴിക്കലിൽ വലിയ കുതിച്ചുചാട്ടം രേഖപ്പെടുത്തിയതായി കണക്കുകൾ. ബഹ്‌റൈൻ സെൻട്രൽ ബാങ്കിന്റെ കണക്കുകൾ പ്രകാരം, രാജ്യത്തിന് പുറത്ത് ഇഷ്യൂ ചെയ്ത ബാങ്ക് കാർഡുകൾ വഴിയുള്ള പണമിടപാടുകൾ മെയ് മാസത്തിൽ 86.1 ദശലക്ഷം ബഹ്‌റൈനി ദീനാറിലെത്തി. മാർച്ച് മാസത്തെ അപേക്ഷിച്ച് ഇത് 204 ശതമാനം വർദ്ധനവാണ് കാണിക്കുന്നത്.
മാർച്ച് മാസത്തിൽ 28.3 ദശലക്ഷം ദീനാറായി കുറഞ്ഞ വിദേശ കാർഡ് ഇടപാടുകൾ ഏപ്രിൽ, മെയ് മാസങ്ങളിൽ ക്രമാനുഗതമായി വർദ്ധിച്ച് പ്രതിസന്ധിക്ക് മുൻപുള്ള നിലവാരത്തിലേക്ക് അടുത്തെത്തി. മുൻവർഷം മെയ് മാസത്തിലെ 87.9 ദശലക്ഷം ദീനാറുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഏകദേശം 98 ശതമാനത്തോളമാണ്. വിദേശ കാർഡുകൾ വഴിയുള്ള ഇടപാടുകൾ മാർച്ചിലെ 1.82 ദശലക്ഷത്തിൽ നിന്ന് ഏപ്രിൽ 2.63 ദശലക്ഷമായും മെയ് മാസത്തിൽ 4.71 ദശലക്ഷമായും ഉയർന്നു. വെറും രണ്ട് മാസത്തിനുള്ളിൽ 159.3 ശതമാനത്തിന്റെ വർധനവാണ് ഇതിലൂടെ രേഖപ്പെടുത്തിയത്.
ബഹ്‌റൈൻ സ്വദേശികളുടെ കാർഡ് ഉപയോഗം പ്രതിസന്ധികാലത്തും ഭേദപ്പെട്ട രീതിയിൽ തുടർന്നു. മെയ് മാസത്തെ ആഭ്യന്തര ചെലവുകൾ 370.4 ദശലക്ഷം ദീനാറിലെത്തി. ഇത് മുൻവർഷത്തേക്കാൾ 3.2 ശതമാനം കൂടുതലാണ്. മെയ് മാസത്തിലെ മൊത്തം പോയിന്റ്-ഓഫ്-സേൽ ആൻഡ് ഓൺലൈൻ പേയ്മെന്റുകൾ 596.2 ദശലക്ഷം ദീനാറായി ഉയർന്നു. ഇതിൽ പോയിന്റ്-ഓഫ്-സേൽ ചെലവുകൾ 510 ദശലക്ഷം ദീനാറും ഓൺലൈൻ ചെലവുകൾ 139.6 ദശലക്ഷം ദീനാറുമാണ്.
വിമാന സർവീസുകൾ പുനരാരംഭിച്ചതോടുകൂടി സന്ദർശകരുടെ ചെലവഴിക്കലിൽ വലിയ തിരിച്ചുവരവാണ് ഉണ്ടായതെന്നും, ബഹ്‌റൈൻ നിവാസികളുടെ കാർഡ് ചെലവുകൾ മുൻവർഷത്തെ നിലവാരത്തിന് മുകളിൽ തുടർന്നുവെന്നും സെൻട്രൽ ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.