ന്യൂഡൽഹി: കേരളത്തിന്റെ ഉത്സവകാലമായ ഓണത്തിന് പ്രത്യേക ട്രെയിൻ സർവിസുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ഓണക്കാലത്ത് ഉണ്ടാകുന്ന യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് അധിക സർവിസുകൾ നടത്തുന്നതെന്ന് റെയിൽവേ ഔദ്യോഗികമായി അറിയിച്ചു. ഇതുപ്രകാരം ആകെ 112 പ്രത്യേക ട്രെയിൻ ട്രിപ്പുകളാണ് റെയിൽവേ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ആഗസ്റ്റ് 14 മുതൽ സെപ്റ്റംബർ 6 വരെയാണ് ഈ പ്രത്യേക ട്രെയിനുകൾ സർവിസ് നടത്തുക. തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രവാസികൾക്കും വിദ്യാർഥികൾക്കും മറ്റ് യാത്രക്കാർക്കും കേരളത്തിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഈ സർവിസുകൾ സഹായകരമാകും. കഴിഞ്ഞ വർഷം 55 പ്രത്യേക ട്രിപ്പുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്താണ് ഇത്തവണ സർവിസുകളുടെ എണ്ണം ഇരട്ടിയാക്കി ഉയർത്തിയിരിക്കുന്നത്.
ചെന്നൈ, ബെംഗളൂരു, മൈസൂരു, ഹുബ്ബള്ളി, ഹൈദരാബാദ്, സാന്ത്രാഗച്ചി തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്നും തിരുവനന്തപുരം, കൊല്ലം, കോട്ടയം, കണ്ണൂർ, എറണാകുളം, മംഗളൂരു തുടങ്ങിയ സംസ്ഥാനത്തെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലേക്കുമാണ് ഈ ട്രെയിനുകളുടെ സർവിസ്.
കഴിഞ്ഞ വർഷം 55 പ്രത്യേക ട്രിപ്പുകൾ മാത്രമുണ്ടായിരുന്ന സ്ഥാനത്താണ് ഇത്തവണ സർവിസുകളുടെ എണ്ണം ഇരട്ടിയാക്കി ഉയർത്തിയിരിക്കുന്നത്. ആകെ സർവിസുകളിൽ 54 എണ്ണം തെക്കൻ റെയിൽവേയും ബാക്കി 58 സർവിസുകൾ മറ്റ് സോണൽ റെയിൽവേകളുമാണ് കൈകാര്യം ചെയ്യുന്നത്. തെക്കൻ റെയിൽവേയുടെ കീഴിൽ മാത്രം 38 പ്രത്യേക സർവിസുകളും മറ്റ് അയൽ റെയിൽവേ സോണുകളുമായി ബന്ധിപ്പിച്ചുകൊണ്ട് 16 സർവിസുകളുമാണ് ഉള്ളത്. ഇതിനുപുറമെ സൗത്ത് വെസ്റ്റേൺ റെയിൽവേ, സൗത്ത് സെൻട്രൽ റെയിൽവേ, സൗത്ത് ഈസ്റ്റേൺ റെയിൽവേ എന്നിവയും കേരളത്തിലൂടെയും കേരളത്തിലേക്കും 58 സർവീസുകൾ കൂടി അധികമായി നടത്തും.
യാത്രക്കാരുടെ തിരക്കും വെയിറ്റിങ് ലിസ്റ്റ് ട്രെൻഡുകളും റെയിൽവേ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും, ആവശ്യാനുസരണം കൂടുതൽ ട്രെയിനുകൾ ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.