അമിത് കുടുംബത്തോടൊപ്പം
ബംഗാളിൽ, ഒരു ‘മനുഷ്യന്റെ’ വീട്ടിൽ
ബിഹാറിലേയും ബംഗാളിലേയും ഗ്രാമങ്ങളില്‍ ധാരാളം ചണകൃഷി (ജൂട്ട്) നടക്കുന്നത് കാണാറുണ്ട്. അന്വേഷിച്ചപ്പോഴാണ് അറിയുന്നത്, ലോകത്തുതന്നെ ചണം ഇത്രയധികം കൃഷി ചെയ്യുന്ന രാജ്യം വേറെയില്ലായെന്ന്. ചണംകൊണ്ടുണ്ടാക്കിയ ധാരാളം ഉല്‍പന്നങ്ങള്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റിയയക്കുന്നുണ്ടത്രെ! വലിയ ഷോപ്പിങ് മാളുകളിലും മറ്റും ജൂട്ട് ബാഗുകള്‍ വലിയ വിലയ്ക്ക് വിറ്റഴിക്കുന്നുമുണ്ട്. ഗവണ്‍മെന്റ് ജൂട്ട് ബോര്‍ഡിന് കീഴില്‍ വലിയൊരു സംവിധാനംതന്നെ ഇതിനു വേണ്ടി ഒരുക്കിയിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും കൃഷിചെയ്യുന്ന ഗ്രാമീണര്‍ക്ക് ലഭിക്കുന്നത് തുച്ഛമായ വേതനമാണ്. കല്‍ക്കത്തയിലെ ജൂട്ട് കമ്പനികളെക്കുറിച്ച് അന്വേഷിക്കാനാണ് മഹ്ബൂബ് സാഹിബിനെയും കൂട്ടി ഇറങ്ങിയത്. ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്ക് വേണ്ടി ജൂട്ട് കൊണ്ടുള്ള ഉല്‍പന്നങ്ങള്‍ നിർമിക്കുന്ന യൂനിറ്റ് തുടങ്ങുകയാണെങ്കില്‍ ഒരുപാട് കുടുംബങ്ങള്‍ സ്വയംപര്യാപ്തരാകും. പെട്ടെന്നൊന്നും സാധിക്കുമെന്ന് തോന്നുന്നില്ലെന്ന് മഹ്ബൂബ് സാഹിബ് പറഞ്ഞു. ‘‘വലിയ താപ്പാന്മാരാണ് ഈ മേഖലയില്‍ വിഹരിക്കുന്നത്. എങ്കിലും നമുക്ക് ശ്രമിച്ചുനോക്കാം; ഡം ഡം എയര്‍പോർട്ടിനടുത്ത് ഒരു പയ്യനുണ്ട്. ജൂട്ട് കമ്പനിയില്‍ ജോലി എടുക്കുന്നവനാണ്. നമുക്ക് അവനെ കണ്ടുനോക്കാം, സത്യസന്ധനാണ്.’’
ലേഖകൻ അമിത്തിനൊപ്പം
മനുഷ്യൻ!
അമിത് നായിക്, 24 വയസ്സ്. നടത്തത്തിലും ഇരുത്തത്തിലും ചലനങ്ങളിലുമൊക്കെ എന്തെന്നില്ലാത്ത പ്രായത്തില്‍ കവിഞ്ഞ പക്വതയുള്ള അവന്റെ സംസാരം എന്നെ വളരെയധികം സ്വാധീനിച്ചു. ജൂട്ട് ബാഗിനെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചുമൊക്കെ സംസാരിച്ചതിന് ശേഷം അമിത് ചണംകൊണ്ട് നിർമിച്ച രണ്ട് ബാഗ് എനിക്ക് നല്‍കി. അതിന്റെ പൈസ എത്രയെന്ന് ചോദിച്ചപ്പോള്‍ പൈസ വേണ്ട, ഇത് കമ്പനിയുടെ സാമ്പ്ള്‍ പീസ് ആണെന്നും അതിന് കാശ് വാങ്ങാന്‍ കഴിയില്ലെന്നും പറഞ്ഞു. ഞങ്ങള്‍ എത്തുന്ന കാര്യം മഹ്ബൂബ് സാഹിബ് നേരത്തേ പറഞ്ഞതുകൊണ്ട് പൂജയുടെ ഒഴിവ് ദിവസമായിട്ടും അമിത് വീട്ടില്‍ പോകാതെ ഞങ്ങളെയും കാത്ത് നില്‍ക്കുകയാണ്. അമിതിന്റെ പെരുമാറ്റ രീതികണ്ട് വല്ലാത്തൊരടുപ്പം അവനോട് തോന്നി. മനുഷ്യനെ കാണുമ്പോഴുള്ള ഒരു സുഖം അവനിൽനിന്ന് അനുഭവപ്പെടുന്നുണ്ട്.
ഞങ്ങളെ കണ്ടതിന് ശേഷം അമിത് പൂജക്ക് കുടുംബത്തോടൊപ്പം കൂടാന്‍ പോകുകയാണ്. കല്‍ക്കത്തയില്‍നിന്ന് 200 കിലോമീറ്റര്‍ ദൂരത്തുള്ള മിഡ്നാപുരിലെ ഗ്രാമത്തിലേക്ക് അമിതിന്റെ വീട്ടിലേക്ക് പോകുമ്പോള്‍ അവന് എന്തെങ്കിലുമൊരു സമ്മാനം കൊടുക്കണമെന്ന് തോന്നി. അമ്മക്ക് ഒരു സാരി വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ട് കുറച്ച് പണം നല്‍കി. ആദ്യം മടിച്ചെങ്കിലും നിര്‍ബന്ധിച്ചപ്പോള്‍ അവന്‍ സ്‌നേഹത്തോടെ സ്വീകരിച്ചു. മിഡ്നാപുരില്‍ മിക്കവാറും ആളുകള്‍ സത്യസന്ധരാണത്രേ! ഇടപാടുകളിലും മറ്റും വളരെ സൂക്ഷ്മതയുള്ളവരാണ് മിക്കവാറും ആളുകളെന്ന് മഹ്ബൂബ് സാഹിബ് പറഞ്ഞിരുന്നു. പിന്നീട് കല്‍ക്കത്തയില്‍ പോകുമ്പോഴൊക്കെ അമിതിനെ കാണണം എന്ന് തോന്നാറുണ്ട്. ഇടക്കിടെ വിളിച്ച് സംസാരിക്കും. പലതവണ അമിത് വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സാഹചര്യം ഒത്തുവരാറില്ല.
യാത്ര തുടങ്ങുന്നു
എന്തോ ഇടക്കിടെ അമിതിനെ ഓര്‍ക്കുക പതിവാണ്. നീണ്ട ഒരു യാത്രക്കിടയിൽ കൽക്കത്തയിൽ എത്തിയ ഒരു ദിവസം രാത്രിയില്‍ അമിതിനെ ഫോണില്‍ വിളിച്ചു. നാളെ രാവിലെ സൗകര്യപ്പെടുമെങ്കില്‍ നമുക്ക് നിന്റെ വീട്ടിൽ പോയാലോ? അമിതിന്റെ മറുപടിയില്‍ എന്തെന്നില്ലാത്ത സന്തോഷം അുഭവപ്പെട്ടു. രൂപമില്ലാത്ത പല വികാരങ്ങള്‍. എന്തിന് വേണ്ടിയാണ് അമിതിന്റെ വീട്ടിലേക്ക് പോകുന്നത്? വീട്ടുകാരെയൊക്കെ കാണുന്നത്?
ഇടക്കിടെ ചില ചോദ്യങ്ങള്‍ മുന്നില്‍ വന്ന് നില്‍ക്കുന്നുണ്ട്. ഉത്തരങ്ങളില്ലാത്ത ചില ചോദ്യങ്ങള്‍ പലതും ജീവിതത്തോടൊപ്പം ഉണ്ടാകും. ഒരുപക്ഷേ, പല ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ പിന്നീട് നമുക്ക് മുന്നിലെത്തുമ്പോഴാണ് മുമ്പൊക്കെ വന്ന് പോയ ചോദ്യങ്ങള്‍ നാമോര്‍ക്കുക.
ഹൗറ ബസ് സ്റ്റാൻഡില്‍നിന്ന് അതിരാവിലെത്തന്നെ ബസ് പുറപ്പെട്ടാല്‍ ഉച്ചയോടെ മിഡ്നാപുരില്‍ എത്തും എന്നാണ് അമിത് പറഞ്ഞത്. കല്‍ക്കത്തയില്‍നിന്ന് ബോംബെയില്‍ പോകുന്ന ഹൈവേ റോഡിലുള്ള ബസ് കിട്ടിയാല്‍ വഴിയില്‍നിന്ന് അനല്‍ബറിയയിലേക്ക് വേറെ വാഹനം എന്തെങ്കിലും ലഭിക്കും. പുറംകാഴ്ച്ചകള്‍ കണ്ട് ആസ്വാദിച്ച് സൈഡ് സീറ്റിലിരുന്ന് യാത്ര ചെയ്യാനുള്ള ശ്രമം വിജയിച്ചു. കേരളത്തില്‍നിന്ന് സ്ഥലങ്ങള്‍ കാണാന്‍ വന്നയാളാണെന്ന പരിഗണന സൈഡ് സീറ്റിലിരിക്കുന്ന ആളില്‍നിന്ന് ലഭിച്ചു. സന്തോഷത്തോടെയുള്ള ഒരു ചിരിയും സമ്മാനിച്ചു. ചിലപ്പോഴൊക്കെ അങ്ങനെയാണ്. ഒരു പുഞ്ചിരിയുണ്ടാക്കുന്ന അനുഭൂതി ചെറുതല്ല.
ബസിലെ വിൽപനക്കാരനിൽനിന്ന് കോഴിമുട്ട പുഴുങ്ങിയതും ജിലേബിയും വാങ്ങി കഴിച്ചു. പ്രാതല്‍ മിക്കവാറും അതുതന്നെയായിരിക്കും. സ്വാതന്ത്ര്യ സമരകാലത്ത് ഏറ്റവും ശക്തമായ മുന്നേറ്റം നടത്തിയ പ്രദേശമാണ് മിഡ്നാപുര്‍. വെസ്റ്റ് ബംഗാളില്‍ ഇതുവരെ നടത്തിയ യാത്രകളില്‍നിന്ന് വ്യത്യസ്തമായി ധാരാളം പ്രതിമകള്‍ ഈ പ്രദേശങ്ങളില്‍ കാണുന്നുണ്ട്. എല്ലാം സ്വാതന്ത്ര്യ സമര സേനാനികളുടെതാണത്രെ!
മതാരിഗരിഹസാര്‍ ബ്രിട്ടീഷ്‌കാര്‍ക്കെതിരെ സമരം നയിക്കാന്‍ ഏറ്റവും മുന്നിലുണ്ടായിരുന്ന ധീര വനിതയായിരുന്നു. ഒരുപക്ഷേ, അതിന്റെ തുടർച്ച ഈ പ്രദേശങ്ങളിലെ മനുഷ്യരിലേക്ക് പകരാൻ സാധിച്ചതിന്റെ ഫലമായിരിക്കണം നന്ദിഗ്രാമിൽ നാം കണ്ടത്. എല്ലാ കക്ഷികളും ചേർന്നുള്ള മുന്നേറ്റമാണ് പൊതു ശത്രുവിനോട് അവർ നടത്തിയത്. അൽപം പിന്തിരിപ്പൻ നിലപാടുകൾ ചില കക്ഷികളിൽനിന്നൊക്കെ ഉണ്ടായെങ്കിലും ഒരു പ്രദേശത്തിന്റെ മുന്നേറ്റം വലിയ ആവേശമാണ്, അമിതിനെ പോലുള്ള ചെറുപ്പക്കാർക്കൊക്കെ ഉണ്ടാക്കിയിട്ടുള്ളത്. അത് അവന്റെ സംസാരരീതിയിൽനിന്നുതന്നെ മനസ്സിലാക്കാമായിരുന്നു. ഇവിടത്തുകാരിൽ കാണുന്ന സത്യസന്ധതയും സമർപ്പണബോധവുമൊക്കെ തലമുറകൾ പഴക്കംചെന്നതാണെന്ന് അടിവരയിട്ട് പറയേണ്ടിയിരിക്കുന്നു.
സമുദ്രം കാണണം
ഒഡിഷയോട് ചേർന്ന് കിടക്കുന്ന ഭാഗമാണ് ദിഗ എന്ന സമുദ്ര പ്രദേശം. ബംഗാൾ ഉൾക്കടലിന്റെ ദിഗയോട് ചേർന്ന് കിടക്കുന്ന അൽപം സമുദ്രഭാഗം ടൂറിസ്റ്റുകൾ ധാരാളം വരുന്ന പ്രദേശമാണ്. ബസ് ഇറങ്ങി അൽപം നടന്ന് ചെറിയ ഒരു ചായക്കടയുടെ മുന്നിൽനിന്ന് അമിത് ആർക്കൊക്കെയോ ഫോൺ ചെയ്യുന്നുണ്ടായിരുന്നു. പ്രായംചെന്ന പ്രഫുൽ സാഹിബ് അമിതിന്റെ കാരണവന്മാരിൽ ഒരാളാണ്. ചെരിപ്പ് അഴിച്ച് അമിത് കാരണവരുടെ കാൽതൊട്ടു വന്ദിച്ചു. ഞങ്ങൾ ഒരുമിച്ച് ചായ കുടിച്ചു. പിന്നീട് പ്രഫുൽ സാഹിബിന്റെ നിർദേശപ്രകാരം, ഞങ്ങൾക്ക് ദിഗയിലെ സമുദ്രം കാണിച്ചുകൊടുത്തിട്ട് ഗ്രാമത്തിലേക്ക് കൊണ്ടുപോയാൽ മതിയെന്ന് അദ്ദേഹം നിർദേശിച്ചു.
അമിതിന്റെ സുഹൃത്തുക്കൾ കൂടിയായ രണ്ടുപേർ ഒരു വാഹനവുമായി വന്നു. ഞങ്ങൾ സമുദ്രം കാണാൻ പുറപ്പെട്ടു. ടൂറിസ്റ്റുകൾ ധാരാളമായി വരുന്നതുകൊണ്ട് റോഡിന്റെ നിർമാണത്തിലെല്ലാം നല്ല സൂക്ഷ്മത പുലർത്തിയിട്ടുണ്ട്. കുറെ കച്ചവട സ്ഥാപനങ്ങളും ആൾക്കൂട്ടവും കടൽ വിഭവങ്ങളായ ശങ്കും മാലകളും കളിപ്പാട്ടങ്ങളും ഒക്കെയായി നല്ല തിരക്കുണ്ട്. നല്ല വിശപ്പ്. അമിതിന്റെ സുഹൃത്ത് ഒരു ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോയി. സമുദ്ര മത്സ്യമാണ് അവിടത്തെ പ്രത്യേക വിഭവം. ഈ പ്രദേശത്തുകാരൊഴിച്ച്, വെസ്റ്റ് ബംഗാളിന്റെ മറ്റു പ്രദേശങ്ങളിലുള്ള മിക്ക ആളുകളും കടൽമത്സ്യം കഴിക്കാറ് പതിവില്ല. കുളത്തിൽ ഉണ്ടാകുന്ന മത്സ്യങ്ങളാണ് ഇവർക്ക് പ്രധാനം. ഭക്ഷണത്തിനുശേഷം കടൽത്തീരത്തേക്ക് നടന്നു. ഇരുട്ടുന്നതിന് മുമ്പ് അമിതിന്റെ വീട്ടിൽ എത്തണമെന്ന് കരുതി കടൽത്തീരത്തുനിന്ന് ഞങ്ങൾ മടങ്ങി.
റോഡ് വളഞ്ഞുപുളഞ്ഞും കുണ്ടും കുഴിയും നിറഞ്ഞതാണ്. ഇരുട്ടുകയറിത്തുടങ്ങിയിരിക്കുന്നു. വീതി കുറഞ്ഞ ഒരു മരപ്പാലത്തിലൂടെ മുന്നോട്ടു നടന്നു. സൈക്കിൾ മാത്രം കയറ്റി കൊണ്ടുപോകാവുന്നതാണ് ഈ നടപ്പാലം. രാത്രിയിലെ വഴിയാത്രക്കാർക്ക് വെളിച്ചത്തിന് വേണ്ടിയാകാം, മരപ്പാലം ഇറങ്ങി മുന്നോട്ടുള്ള വഴിയിൽ ഒരു റാന്തൽ വിളക്ക് കത്തിച്ചുവെച്ചിട്ടുള്ളത്. പാടവരമ്പിലൂടെയുള്ള ഒരു വഴിയും മറുവശത്തായി അൽപം വീതിയുള്ള ഒരു ചെമ്മൺ പാതയുമാണ് കാണുന്നത്. നല്ല തണുപ്പ് അനുഭവപ്പെടാൻ തുടങ്ങിയിരിക്കുന്നു. അമിതിന്റെ മൗനം മുറിഞ്ഞുപോയത് ഞാനറിഞ്ഞത് ചെങ്കൽ പാത അവസാനിക്കുന്നിടത്താണ്. പിന്നീടങ്ങോട്ട് നെൽപാടങ്ങളുടെ വരമ്പിലൂടെയാണ് നടത്തം. വാഹനങ്ങളുടെയും മറ്റും പുകപടലങ്ങൾ കയറാത്ത ഈ ഗ്രാമത്തിലേക്ക് അടുക്കുംതോറും ശ്വസിക്കുന്ന വായുവിന് നൈർമല്യം അനുഭവപ്പെട്ടു.
അമിതിന്റെ വീട്
വലിയ പൊട്ടുതൊട്ട് ചിമ്മിനി വിളക്ക് ഉയർത്തിപ്പിടിച്ച് തെളിച്ചമുള്ള ഒരു മുഖം. തലയിൽ സാരി കൊണ്ട് പുതച്ചിട്ടുണ്ട്. ചുറ്റും ചെറിയ വെളിച്ചത്തിൽ വ്യക്തമാവാത്ത വിധം നാലു മനുഷ്യരൂപം കാണുന്നുണ്ട്. കണ്ടമാത്രയിൽ അമിതിനെ കെട്ടിപ്പിടിച്ച് നെറ്റിയിൽ ഉമ്മ വെച്ചു. തൊട്ടടുത്ത് നിന്ന എന്നെ ചേർത്തുപിടിച്ച് ബംഗാളിയും ഹിന്ദിയും കലർന്ന ഭാഷയിൽ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ഒരു പ്രാർഥനാലയത്തിലേക്കെന്നപോലെ കാലെടുത്തുവെച്ച് അമിതിന്റെ വീട്ടിലേക്ക് പ്രവേശിച്ചു. മണ്ണുകൊണ്ടുള്ള വീട്, മുകളിൽ മരക്കഷണങ്ങൾ അടുക്കിവെച്ച് മണ്ണുകൊണ്ട് തേച്ചുപിടിപ്പിച്ചിട്ടുണ്ട്. ചുമരിൽ പലയിടങ്ങളിലായുള്ള ദ്വാരങ്ങളിൽ കത്തിച്ചുവെച്ച വിളക്കിന്റെ പ്രകാശത്തിൽ അമിതിന്റെ അമ്മയുടെ മുഖം തെളിഞ്ഞുകണ്ടു. മുഖത്ത് ചുളിവ് വീണുതുടങ്ങിയിരിക്കുന്നു. സാരിയുടെ തലപ്പുകൊണ്ട് തല മറച്ചുപിടിച്ചിരിക്കുന്നതുകൊണ്ട് തെളിഞ്ഞ മുഖത്തിന് കൃത്യമായ ആകൃതി ഉണ്ടായിരുന്നു. അമിതിനേക്കാൾ അൽപം പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി, അവളുടെ കൈയിൽ വേറൊരു പെൺകുട്ടിയുണ്ട്. ഒക്കത്തിരിക്കുന്ന കുട്ടിയെ ഞാൻ ഒന്ന് തൊട്ടു. എന്റെ അടുത്തേക്ക് ആ കുഞ്ഞ് ചാടി വീണു. കേരളത്തിൽനിന്ന് വന്ന ഈ അത്ഭുത ജീവിയെ കാണാൻ അമിതിന്റെ പെങ്ങൾ ഭർത്താവിന്റെ വീട്ടിൽനിന്ന് വന്നതാണ്.
വീട്ടുകാർക്ക് ഇരിക്കാനായി താഴെ വിരിച്ചിട്ട പുൽപായയിൽ ഞാനുമിരുന്നു. കൂടെ എല്ലാവരും ചേർന്നിരുന്നു. ഒന്ന് കുളിക്കാനുള്ള ആഗ്രഹം. അമിതിനോടൊപ്പം മുറ്റത്തേക്ക് ഇറങ്ങി അൽപം മാറി ഒരു കുളത്തിൻ കരയിൽ ഇരുട്ടിൽ ഒരു ചിമ്മിനി വിളക്കിന്റെ വെളിച്ചത്തിൽ നിലത്തുവിരിച്ച പ്ലാസ്റ്റിക് ഷീറ്റിൽ ഒരു ബക്കറ്റിൽ ചൂടുവെള്ളം നിറച്ചുവെച്ചിട്ടുണ്ട്. സാധാരണ രീതിയിൽ എല്ലാ വീടുകളിലും ഒരു കുളമുണ്ടാവും. അതിൽ മീനുകളും. ആവശ്യത്തിനുള്ള മത്സ്യം കുളത്തിൽനിന്ന് പിടിച്ച് ഭക്ഷണത്തിന് ഉപയോഗിക്കും. കുളവും മീനും ഇല്ലാത്ത ഒരു വീടും ബംഗാളിലെ ഗ്രാമങ്ങളിൽ കാണാൻ കഴിഞ്ഞിട്ടില്ല.
കുളി കഴിഞ്ഞ് തിരിച്ചു മുറ്റത്തുനിന്ന് അമിതിന്റെ വീട്ടിലേക്ക് കയറിയതും നല്ല സുഗന്ധം അനുഭവപ്പെട്ടു. താഴെ വിരിച്ചിട്ടിരിക്കുന്ന പായയിൽ തൂവെള്ള നിറത്തിലുള്ള തുണി വിരിച്ചിട്ടുണ്ട്. ചന്ദനത്തിരിയുടെ സുഗന്ധവും, തൂവെള്ള നിറത്തിലെ തുണിയും. എല്ലാംകൂടി കണ്ടപ്പോൾ അമിതിന്റെ മുഖത്തേക്ക് നോക്കി. കണ്ണടച്ച് ഒരു ചെറുപുഞ്ചിരിയോടെ അമിത് ഇങ്ങനെ പറഞ്ഞു. ‘നമസ്കരിക്കേണ്ടേ?’ നാഥാ... ഞാൻ കണ്ണുകളടച്ചു.
അമിതിന്റെ വീട്ടിലെ പ്രാർഥനമുറിയോളം ഭക്തിയിൽ മറ്റെവിടെയും നമസ്കരിച്ചതായി ഓർമയിലില്ല. നേരത്തേ വിരിച്ച പുൽപായയിൽ വലിയ പിത്തള പാത്രം വെച്ചിട്ടുണ്ട്. മീനും ചോറും പരിപ്പ് കറിയും മറ്റു ചില വിഭവങ്ങളും കൂട്ടത്തിൽ മധുര പലഹാരങ്ങളും. നമസ്കാരം കഴിഞ്ഞുവന്നതും ഭക്ഷണം കഴിക്കാനുള്ള ഒരുക്കത്തിലാണ്. വലിയ പിച്ചള പാത്രം അതിഥിക്ക് വേണ്ടി എവിടന്നോ സംഘടിപ്പിച്ചതാവാനാണ് സാധ്യത. പാത്രം പായയുടെ നടുവിൽവെച്ച് എല്ലാവരും വട്ടത്തിൽ ഇരുന്നു. ഒരുമിച്ച് ഉണ്ണാൻ ആഗ്രഹം പ്രകടിപ്പിച്ചതും അമ്മയുടെ കണ്ണുകൾ നിറഞ്ഞു കണ്ടു. സ്നേഹം അനുഭവിക്കുന്ന അന്തരീക്ഷം സ്വർഗീയമായിരുന്നു. അമിതിന്റെ സഹോദരിയുടെ കുട്ടി എന്റെ മടിയിൽ കയറിയിരുന്നു. ഭക്ഷണം കഴിക്കൽ ആയിരുന്നില്ല അത്. ഒരുമിച്ചുള്ള ആനന്ദകരമായ ജീവിതമായിരുന്നു. ഉറങ്ങാൻ കിടക്കുന്നത് നേരത്തേ നമസ്കരിക്കാൻ ഒരുക്കിയ മുറിയിലാണ്. മണ്ണിന്റെ മണവും നിറവുമുള്ള ചുമരുകൾക്കിടയിൽ കിടന്നിട്ടും ഒരു കാറ്റുപോലെ, മേഘംപോലെ ഒഴുകുന്ന അനുഭൂതി...
നേരം വെളുത്തത് അറിഞ്ഞില്ല. മഞ്ഞുമൂടി കിടക്കുകയാണ്. പുതപ്പോടുകൂടിയാണ് പുറത്തേക്ക് ഇറങ്ങിയത്. അമിതിന്റെ അമ്മ മുറ്റത്ത് കാത്തിരിപ്പുണ്ട്. പല്ല് തേക്കാനും മുഖം കഴുകാനുമുള്ള ചൂടുവെള്ളം പാത്രത്തിൽനിന്ന് ഒഴിച്ചുതരാൻ വേണ്ടിയാണ് അവർ നിൽക്കുന്നത്. സ്വന്തം ജീവിതത്തിൽ പകർത്താനുള്ള ധാരാളം കുഞ്ഞുകുഞ്ഞു കാര്യങ്ങൾ ഈ മനുഷ്യരിൽനിന്ന് പകരാനായിട്ടുണ്ട്. രാവിലെ കുറെ ദൂരം മാറി അമിതിനോടൊപ്പം പോയി പ്രാഥമിക കാര്യങ്ങളൊക്കെ പൂർത്തീകരിച്ചു. തിരിച്ചു പോരാതെ ഇനിയും കുറച്ചു ദിവസം അവിടെ നിൽക്കണം. ആഗ്രഹമാണ്, വെറുതെ... യാത്രയാക്കാൻ വേണ്ടി എല്ലാവരും ചേർന്നുനിന്നു. സമ്മാനമായി അൽപം പൊതികൾ തന്നു. സ്നേഹത്തിൽ ചാലിച്ചതായിരുന്നു എല്ലാം! വീണ്ടുവിചാരങ്ങൾ, ആത്മപരിശോധനകൾ, നിർവൃതി. ഒരു തൂവൽപോലെ അന്തരീക്ഷത്തിലൊഴുകാൻ, ഈ നിമിഷങ്ങൾ ഊർജം പകരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.