അഞ്ച് വർഷംകൊണ്ട് പത്തര കോടി വിനോദ സഞ്ചാരികൾ ലക്ഷ്യം -മുഖ്യമന്ത്രി
കൊച്ചി: അടുത്ത അഞ്ച് വർഷംകൊണ്ട് കേരളത്തിലേക്കുള്ള സഞ്ചാരികളുടെ എണ്ണം പത്തര കോടിയാക്കി വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിദേശ സഞ്ചാരികളുടെ എണ്ണം 50 ലക്ഷവും ആഭ്യന്തര സഞ്ചാരികളുടേത് 10 കോടിയുമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള ട്രാവൽ മാർട്ടിന്റെ (കെ.ടി.എം 2026) പതിമൂന്നാം പതിപ്പ് കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സഞ്ചാരികളുടെ എണ്ണം കൂട്ടുന്നതിനൊപ്പം ഗുണനിലവാരമുള്ള ടൂറിസം കേന്ദ്രങ്ങളും പുതിയ ടൂറിസം ഉൽപന്നങ്ങളും വർധിപ്പിക്കും. പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യം സംരക്ഷിച്ചുകൊണ്ട് പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത ജംഗിൾ ലോഡ്ജുകൾ, ട്രക്കിങ്, പക്ഷിനിരീക്ഷണം തുടങ്ങിയ പ്രകൃതി സൗഹൃദ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തും.
തിരുവനന്തപുരം മൃഗശാലയുടെ സ്ഥാനത്ത് മാഡിസൺ സ്ക്വയർ മാതൃകയിൽ സ്ക്വയർ സ്ഥാപിക്കും. തീരദേശവും കായലുകളും സംയോജിപ്പിച്ചുള്ള ടൂറിസം വിപുലീകരിക്കാനും വിഴിഞ്ഞവും കൊച്ചിയും കേന്ദ്രീകരിച്ച് അന്താരാഷ്ട്ര ക്രൂയിസ് ടൂറിസം സർക്യൂട്ടുകൾ ഒരുക്കാനും സർക്കാർ ലക്ഷ്യമിടുന്നു.
നെടുമ്പാശേരിയിൽ സിംഗപ്പൂർ മാതൃകയിൽ ലോകോത്തര കൺവെൻഷൻ സെന്റർ, കൊച്ചിയിൽ ഓഷ്യനേറിയം, മറൈൻ മ്യൂസിയം, ഫിലിം സിറ്റി എന്നിവ നിർമിക്കും. പുരാതന സുഗന്ധവ്യഞ്ജന വ്യാപാരപാതയുടെ ചരിത്രമുറങ്ങുന്ന മുസിരിസിനെ അന്താരാഷ്ട്ര തലത്തിൽ പ്രമുഖ പൈതൃക-ഗവേഷണ കേന്ദ്രമാക്കി ഉയർത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് അധ്യക്ഷത വഹിച്ചു. ടൂറിസം മേഖലക്ക് ദോഷം വരുന്നതൊന്നും സർക്കാറിന്റെ മദ്യനയത്തിലുണ്ടാവില്ലെന്ന് മുഖ്യാതിഥി എക്‌സൈസ് മന്ത്രി എം. ലിജു പറഞ്ഞു. എം.എൽ.എമാരായ ടോണി ചമ്മിണി, ടി.ജെ. വിനോദ്, മുഹമ്മദ് ഷിയാസ്, ദീപക് ജോയ്, കൊച്ചി കോർപറേഷൻ മേയർ അഡ്വ. വി.കെ. മിനിമോൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.