‘ഈ തീരങ്ങൾ സുന്ദരമാണ്, പക്ഷേ..’; ലോകത്തിലെ ഏറ്റവും കൂടുതൽ പരാതികളുള്ള 10 ബീച്ചുകൾ ഏതൊക്കെയെന്നറിയാം...

ബീച്ചുകൾ ഇഷ്ടമില്ലാത്തവർ വളരെ വിരളമായിരിക്കും. ഒഴിവു സമയങ്ങൾ ഉല്ലാസകരമാക്കാനും ഒന്നിച്ചിരുന്നു സംസാരിക്കാനും, പലപ്പോഴും ഒറ്റക്കിരിക്കാനും പലരും തെരഞ്ഞെടുക്കുന്ന സ്ഥലമാണ് ബീച്ചുകൾ. ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. ദി പാസ്, ബൈറൺ ബേ (ആസ്ട്രേലിയ), ആവോ മായ, കോ ഫി-ഫി, ക്രാബി (തായ്‌ലൻഡ്), സരകിനിക്കോ, മിലോസ് (ഗ്രീസ്), ആൻസെ സോഴ്‌സ് ഡി അർജന്റ്, ലാ ഡിഗ്യു (സീഷെൽസ്) എന്നിവ വളരെ പ്രശസ്തമായ ബീച്ചുകളാണ്. എന്നാൽ, ലോകത്തിലെ ഏറ്റവും ശബ്ദമലിനീകരണമുള്ള, വൃത്തിഹീനമായ, ഏറ്റവും കൂടുതൽ പരാതികൾ ലഭിക്കുന്ന ബീച്ചുകളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?

ക്ലൗഡ് സ്റ്റോറേജ്, സൈബർ സുരക്ഷ, ഓൺലൈൻ സ്വകാര്യത, ഓൺലൈൻ അവലോകനങ്ങൾ, താരതമ്യങ്ങൾ, ഓൺലൈൻ ഗൈഡുകൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു ഓൺലൈൻ ഉറവിടമായ ക്ലൗഡ്‌വാർഡ്‌സ്, യാത്രക്കാരുടെ അഭിപ്രായങ്ങൾ അടിസ്ഥാനമാക്കി മികച്ച ബീച്ചുകളെകുറിച്ചൊരു പഠനം നടത്തിയിരുന്നു. ലോകത്തിലെ ഏറ്റവും ജനപ്രിയമായ 200 ബീച്ചുകളുടെ അവലോകനങ്ങൾ വിലയിരുത്തിയ ശേഷം ലോകത്തിലെ ഏറ്റവും പരാതികൾ ഉള്ള 100 ബീച്ചുകളുടെ പട്ടിക ഇവർ പുറത്തിറക്കി. അതിൽ ഏറ്റവും തിരക്കേറിയതും, വൃത്തിയില്ലാത്തതും, മലിനമായതുമായ ബീച്ചുകൾ ഉൾക്കൊള്ളുന്നു.

ലോകത്തിലെ ഏറ്റവും പരാതി ഉയരുന്ന 10 ബീച്ചുകൾ ഇവയാണ്...

1. വകീക്കി ബീച്ച് (ഹവായ്, യു.എസ്.എ)

 ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബീച്ചുകളിൽ ഒന്നാണ് വകീക്കി ബീച്ച്. ഇവിടെ എല്ലാ വർഷവും നാല് ദശലക്ഷത്തിലധികം സന്ദർശകരാണ് എത്തുന്നത്. ലെഹാഹിയുടെ (ഡയമണ്ട് ഹെഡ്) അതിമനോഹരമായ കാഴ്ചകളാണ് ഇവിടുത്തെ പ്രധാന ആകർഷണം. എന്നാൽ ലോകത്തിലെതന്നെ ഏറ്റവും കൂടുതൽ പരാതികൾ ലഭിക്കുന്ന ബീച്ചും ഇതാണ്. ഇതിന് പ്രധാനകാരണം ഇവിടുത്തെ അമിതമായ ജനത്തിരക്കാണ്.


2. വെനീസ് ബീച്ച് (കാലിഫോർണിയ, യു.എസ്.എ)

ഏറ്റവും കൂടുതൽ പരാതികൾ ലഭിക്കുന്നതിൽ രണ്ടാംസ്ഥാനം വെനീസ് ബീച്ചിനാണ്. ഇതിന് പ്രധാനകാരണം ഇവിടുത്തെ വൃത്തിഹീനമായ സാഹചര്യങ്ങളാണ്. ക്ലൗഡ്‌വാർഡ്‌സിന്‍റെ കണക്കു പ്രകാരം ലോകത്തിലെ ഏറ്റവും മലിനമായ ബീച്ച് ഇതാണ്.


3. പ്ലെയ മാനുവൽ അന്‍റോണിയോ (കോസ്റ്റ റീക്ക)

കോസ്റ്റ റീക്കയിലെ ഏറ്റവും പ്രശസ്തമായ ബീച്ചുകളിൽ ഒന്നാണിത്. ഈ കടലോരത്ത് ആഘോഷങ്ങളും പരിപാടികളും ധാരാളമായി നടക്കാറുണ്ട്. സർഫർമാർക്കും ഏറെ പ്രിയപ്പെട്ട ഇടമാണിത്. എന്നാൽ, ഇവിടുത്തെ തിരക്കും നീണ്ട ക്യൂവുമാണ് സന്ദർശകർ നേരിടുന്ന പ്രധാന പ്രശ്നം.


4. ക്ലിയർവാട്ടർ ബീച്ച് (ഫ്ലോറിഡ, യു.എസ്.എ)

ഫ്ലോറിഡയുടെ പടിഞ്ഞാറൻ-മധ്യ തീരത്തുള്ള പിനെല്ലസ് കൗണ്ടിയിലെ മെക്സിക്കോ ഉൾക്കടലിലെ ബാരിയർ ദ്വീപിലാണ് ക്ലിയർവാട്ടർ ബീച്ച് സ്ഥിതി ചെയ്യുന്നത്. യു.എസ്.എ ടുഡേ ഇതിനെ തെക്കൻ മേഖലയിലെ നമ്പർ വൺ ബീച്ചായി പ്രഖ്യാപിച്ചിരുന്നു. കൂടാതെ, സമീപ വർഷങ്ങളിൽ അമേരിക്കയിലെ ഒന്നാം നമ്പർ ബീച്ചായി ക്ലിയർ വാട്ടർ ബീച്ച് നിരവധി തവണ നാമകരണം ചെയ്യപ്പെട്ടു. എന്നാൽ, സഞ്ചാരികളുടെ അനിയന്ത്രിതമായ തിരക്ക് ഈ പ്രദേശത്തെ വൃത്തിഹീനമാക്കി.


5. ബോൺമൗത്ത് ബീച്ച് (യു.കെ)

 മനോഹരമായ പാറക്കെട്ടിനു താഴെ ഐൽ ഓഫ് വൈറ്റിന്റെയും പർബെക്‌സിന്റെയും അതിമനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന യു.കെയിലെ പ്രധാന ബീച്ചാണ് ബോൺമൗത്ത് ബീച്ച്. എന്നാൽ, ഇവിടം വളരെ തിരക്കേറിയതും മലിനവുമാണ്.


6. ലാ ജോല്ല കോവ് (കാലിഫോർണിയ, യു.എസ്.എ)

 മണൽക്കല്ലുകൾക്കിടയിൽ ഒതുങ്ങി നിൽക്കുന്ന വളരെ ചെറിയ ബീച്ചാണ് ലാ ജോല്ല കോവ്. വേനൽക്കാലത്ത് ചെറിയ തിരമാലകൾ ഉള്ളതിനാൽ, വടക്കോട്ട് അഭിമുഖമായുള്ള ലാ ജോല്ല കോവ് നീന്തൽക്കാർക്കും സ്നോർക്കലർമാർക്കും സ്കൂബ ഡൈവർമാർക്കും പ്രിയപ്പെട്ടതാണ്. എന്നാൽ, ഏകദേശം 64 ശതമാനം യാത്രക്കാർക്ക് ബീച്ചിനെക്കുറിച്ച് പരാതികളാണുള്ളത്. 57.9 ശതമാനം പേർ ഇവിടുത്തെ വൃത്തിഹീനതയിൽ അസന്തുഷ്ടരാണ്.


7. എലഫോണിസി ബീച്ച് (ഗ്രീസ്)

 എലഫോണിസി ദ്വീപ് പ്രകൃതി സംരക്ഷിത മേഖലയാണ്. വേലിയേറ്റത്തിന്റെയും തിരമാലകളുടെയും ഫലമായി ഉണ്ടാകുന്ന പിഗ്മെന്റഡ് സൂക്ഷ്മാണുക്കളുടെ നിക്ഷേപം സൃഷ്ടിക്കുന്ന പിങ്ക് മണലിന് പേരുകേട്ടതാണ് ഇവിടം. എന്നാൽ, അസഹ്യമായ ജനത്തിരക്കുകൊണ്ട് ഇവിടം കുപ്രസിദ്ധമാണ്.


8. മാഗൻസ് ബേ ബീച്ച് (യു.എസ് വിർജിൻ ഐലൻഡ്‌സ്)

 യു.എസ് വിർജിൻ ദ്വീപുകളിൽ നാലാം സ്ഥാനത്താണ് ഇത്. എന്നാൽ, 62 ശതമാനം യാത്രക്കാരും ഇവിടുത്തെ തിരക്കിനെ വെറുക്കുന്നു. 16 ശതമാനം പേർ നീണ്ട ക്യൂവുകളെക്കുറിച്ച് പരാതിപ്പെടുന്നുണ്ട്.


9. ബോണ്ടി ബീച്ച് (സിഡ്നി, ആസ്ട്രേലിയ)

സിഡ്‌നിയിലെ ലോകപ്രശസ്തമായ ബീച്ചാണ് ബോണ്ടി ബീച്ച്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സർഫ് ലൈഫ് സേവിങ് ക്ലബുകളിൽ ഒന്നിന്റെയും ആസ്‌ട്രേലിയയിലെ ഏറ്റവും പഴക്കം ചെന്ന നീന്തൽ ക്ലബുകളുടെയും ആസ്ഥാനമാണ് ബോണ്ടി. എന്നാൽ, മലിനീകരണത്തിന്‍റെയും ജനത്തിരക്കിന്‍റെയും കാര്യത്തിൽ 100ൽ ഒമ്പതാം സ്ഥാനത്താണ് ഇവിടം.


10. മഹോ ബീച്ച് (സിന്റ് മാർട്ടൻ)

വിമാനത്താവളത്തിലെ റൺവേയുടെ അവസാനത്തിൽ സ്ഥിതി ചെയ്യുന്ന ഇത് ലോകത്തിലെ ഏറ്റവും ബഹളമുള്ള ബീച്ചാണ്. പ്രധാനമായും ബീച്ചിന് തൊട്ടുമുകളിൽ പറക്കുന്ന വിമാനങ്ങളിൽ നിന്നുള്ള ശബ്ദമാണിവിടുത്തെ പ്രശ്നം.

ലോകത്തിലെ ഏറ്റവും വൃത്തിഹീനമായ അഞ്ചു ബീച്ചുകൾ

ക്ലൗഡ്‌വേർഡ്‌സ് വിശകലനം അനുസരിച്ച് 'ഏറ്റവും വൃത്തിഹീന' വിഭാഗത്തിന്റെ പകുതിയും യു.എസ് ബീച്ചുകളാണ്. മലിനമായ ബീച്ചുകളുടെ പട്ടികയിൽ ആദ്യ 10 സ്ഥാനങ്ങളിൽ വെനീസ് ബീച്ച് (കാലിഫോർണിയ) ഒന്നാം സ്ഥാനത്തും, ലാ ജോല്ല കോവ്, പാഡ്രെ ഐലൻഡ് നാഷനൽ സീഷോർ എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങളിലുമാണ്. ഫ്രീഡം ബീച്ച് (തായ്‌ലൻഡ്), ബെന്റോറ്റ ബീച്ച് (ശ്രീലങ്ക) എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

ലോകത്തിലെ ഏറ്റവും തിരക്കേറിയ അഞ്ചു ബീച്ചുകൾ

ഇറ്റലിയിലെ ലാ പെലോസ, സ്പിയാഗിയ എന്നിവിടങ്ങളിലാണ് തിരക്ക് സംബന്ധിച്ച് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത്. യുനൈറ്റഡ് സ്റ്റേറ്റ്സും ഒട്ടും പിന്നിലല്ല. ഹവായിയിലെ പൊയ്പു ബീച്ച് പാർക്ക് അമിത തിരക്കിന്റെ കാര്യത്തിൽ ആദ്യ പത്തിൽ രണ്ടുതവണ ഇടം നേടിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും കൂടുതൽ ക്യൂവുള്ള അഞ്ചു ബീച്ചുകൾ

57.9 ശതമാനം ആളുകളും പറയുന്നത് പ്ലായ ഡെൽഫൈൻസ് (മെക്സിക്കോ) ആണ് ഈ പട്ടികയിൽ ഒന്നാമതെന്നാണ്. ഇസ്ല പാഷൻ (മെക്സിക്കോ), ദി ബാത്ത്സ് (ബ്രിട്ടീഷ് വിർജിൻ ഐലൻഡ്സ്), കെലിങ്കിങ് ബീച്ച് (ഇന്തോനേഷ്യ), പ്ലായ മാനുവൽ അന്റോണിയോ (കോസ്റ്റാറിക്ക) എന്നിവയാണ് മറ്റുള്ളവ.

ലോകത്തിലെ ഏറ്റവും ശബ്ദ മലിനമായ അഞ്ചു ബീച്ചുകൾ

കരീബിയൻ, വടക്കേ അമേരിക്കൻ ബീച്ചുകളാണ് ഈ വിഭാഗത്തിൽ മുന്നിൽ നിൽക്കുന്നത്. സിന്റ് മാർട്ടനിലെ മഹോ ബീച്ച് ലോകത്തിലെ ഏറ്റവും ശബ്ദമലിനമായ ബീച്ചുകളുടെ പട്ടികയിൽ മുന്നിലാണ്. കേമാൻ ദ്വീപുകളിലെ സെവൻ മൈൽ ബീച്ച് രണ്ടാം സ്ഥാനത്തും, മെഡാനോ ബീച്ച് (മെക്സിക്കോ), ടൊബാക്കോ ബേ ബീച്ച് (ബെർമുഡ), പ്ലായ നോർട്ടെ (മെക്സിക്കോ) എന്നിവ യഥാക്രമം മൂന്നുമുതൽ അഞ്ചുവരെ സ്ഥാനങ്ങളിലുമാണ്.

Tags:    
News Summary - These are the world’s 10 most-complained about beaches

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.