അണ്ണാമലൈ ടൈഗർ റിസർവ് പൊള്ളാച്ചി

തേക്കടി രാജ്യം, തമിഴ് നാട് വഴി പാലക്കാട്...

കി​ഴ​ക്ക് സ​ഹ്യാ​ദ്രിയും അതിനപ്പുറം പൊ​ള്ളാ​ച്ചിയും കടന്ന് തേക്കടി എന്ന ‘രാജ്യം’. വന്യമൃഗങ്ങൾ മേയുന്ന കാട്ടുവഴികളിലൂടെ, കിലോമീറ്ററുകളോളം നടന്നാൽ മലയാളനാടിന്റെ ഒരടയാളമെന്നപോലെ ആ ​ഗ്രാമത്തിലെത്തും. മ​ല​യാ​ള​ത്തി​നി​ട​യി​ൽ ഇ​ട​ക്കൊ​ക്കെ ത​മി​ഴ് ത​നി​മ തു​ളു​മ്പിനിൽക്കുന്ന പാലക്കാടിന്റെ ‘തേക്കടി’യിലൂടെ...

15.10.1998 വ്യാ​ഴം, പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ ഗ​വ. അ​ധ്യാ​പ​ക ജോ​ലി​യു​ടെ നി​യ​മ​നോ​ത്ത​ര​വ് കി​ട്ടി അ​ന്വേ​ഷി​ച്ച് പോ​യ ദി​നം. ജി.​ടി.​ഡ​ബ്ല്യു.​എ​ൽ.​പി.​എ​സ് തേ​ക്ക​ടി. തേ​ക്ക​ടി അ​ങ്ങ് ഇ​ടു​ക്കി​യി​ലാ​യ​തു​കൊ​ണ്ട് ‘തെ​ക്കാ​ടി’ എ​ന്നും മ​റ്റും വാ​യി​ച്ചു​നോ​ക്കി. സ​ഹാ​യി​ക്കാ​ൻ ഒ​പ്പം ചേ​ർ​ന്ന​വ​ർ സാ​ധ്യ​മാ​യ കോ​ണു​ക​ളി​ലൂ​ടെ​യെ​ല്ലാം വാ​യി​ച്ചു. പാ​ല​ക്കാ​ട് ജി​ല്ല​യി​ലും തേ​ക്ക​ടി എ​ന്ന സ്ഥ​ല​മു​ണ്ടെ​ന്ന് മ​ന​സ്സി​ലാ​യി.

കി​ഴ​ക്ക് സ​ഹ്യാ​ദ്രി ക​ട​ന്ന് പൊ​ള്ളാ​ച്ചി ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ​ത്തി. ഊ​രും പേ​രും തി​രി​യാ​തെ ബ​സു​ക​ളു​ടെ മു​ഖം നോ​ക്കി​നി​ൽ​പ്പാ​യി. വി​നി​മ​യ മാ​ർ​ഗ​ങ്ങ​ൾ​ക്ക് മ​റ്റു ഭാ​ഷ​ക​ളൊ​ന്നും അ​നു​വ​ദി​ക്കാ​ത്ത​തി​ന്റെ ബു​ദ്ധി​മു​ട്ട് കു​റ​ച്ചൊ​ന്നു​മ​ല്ല പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​ത്. ഒ​ടു​വി​ൽ 34ാം ന​മ്പ​ർ ബ​സി​ൽ ക​യ​റി​പ്പ​റ്റി. ബ​സ് പു​റ​പ്പെ​ടു​ന്നേ​യു​ള്ളൂ. മ​നം മു​ട്ടു​ന്ന അ​പ​രി​ചി​ത​ത്വം. ആ​ളു​ക​ൾ​ക്കൊ​പ്പം ചാ​ക്കും ച​ര​ക്കും പ​ണി​യാ​യു​ധ​ങ്ങ​ളു​ൾ​പ്പെ​ടെ ജീ​വി​ത​പ്രാ​ര​ബ്ധ​ങ്ങ​ളും ബ​സ് ക​യ​റി​യി​റ​ങ്ങു​ന്നു. അ​സ്വ​സ്ഥ​ത​ക​ൾ​ക്കു​മേ​ൽ മ​ണ്ട​പൊ​ട്ടി​ക്കു​മാ​റ് ഇ​ടി​നാ​ദ​ത്തോ​ടെ ത​മി​ഴ് സി​നി​മാ​ഗാ​നം ത​ക​ർ​ക്കു​ന്നു. ഗോ​പാ​ല​പു​രം (സം​സ്ഥാ​ന അ​തി​ർ​ത്തി) ക​ഴി​ഞ്ഞ് 16 കി​ലോ​മീ​റ്റ​ർ പി​ന്നി​ട്ടി​രി​ക്കു​ന്നു. ഇ​നി ല​ക്ഷ്യം 24 കി​ലോ​മീ​റ്റ​ർ അ​പ്പു​റ​മു​ള്ള സേ​തു​മ​ട എ​ന്ന ത​മി​ഴ്ഗ്രാ​മം. പ​റ​മ്പി​ക്കു​ളം ടൈ​ഗ​ർ റി​സ​ർ​വ് ഫോ​റ​സ്റ്റി​ന്റെ പ്ര​വേ​ശ​ന ക​വാ​ടം. ഉ​ച്ച ര​ണ്ടു​മ​ണി​യോ​ടെ സേ​തു​മ​ട ഇ​റ​ങ്ങി. ര​ണ്ട് മ​ല​യാ​ളി​ക​ളെ (മ​റ്റൊ​രാ​ൾ സു​ഹൃ​ത്ത് ഹ​മീ​ദ് മാ​ഷ്) ക​ണ്ട് സേ​തു​മ​ട​വാ​സി​ക​ൾ സാ​കൂ​തം നോ​ക്കു​ന്നു.

‘‘തേ​ക്ക​ടി സ്‌​കൂ​ള്...” ഞ​ങ്ങ​ൾ ചോ​ദി​ച്ചു.

മ​ല​യാ​ളം മ​ന​സ്സി​ലാ​കാ​ത്ത​തു​കൊ​ണ്ടോ എ​ന്തോ ‘കാ​യ്ക​റി രാ​ജ​നെ കൂ​പ്പി​ടു​ങ്കോ...’ എ​ന്ന മ​റു​പ​ടി​യാ​ണ് കി​ട്ടി​യ​ത്.

സേ​തു​മ​ട (ത​മി​ഴ്നാ​ട്)

15 കി​ലോ​മീ​റ്റ​ർ ഇ​പ്പു​റം സേ​തു​മ​ട​യി​ലി​രു​ന്ന് തേ​ക്ക​ടി​യു​ടെ ‘ഫ്ര​ണ്ട് ഓ​ഫി​സ്’ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് കാ​യ്ക​റി രാ​ജ​നാ​ണ്. ദി​നേ​ന​യെ​ന്നോ​ണം തേ​ക്ക​ടി​യി​ലെ​ത്തും. ഞാ​യ​റാ​ഴ്ച​ക​ളി​ൽ അ​വി​ടെ കാ​യ്ക​റി (പ​ച്ച​ക്ക​റി) ക​ച്ച​വ​ട​വും. പാ​ത​വ​ക്കി​ൽ നി​ല​ത്തു തു​ണി​വി​രി​ച്ച് പ​ച്ച​ക്ക​റി​ക​ൾ നി​ര​ത്തി​യാ​ണ് വി​ൽ​പ​ന. കൂ​ടെ അ​മ്മ​യു​മു​ണ്ടാ​കും. രാ​ജ​ൻ ഞ​ങ്ങ​ളോ​ട് വ​ഴി പ​റ​ഞ്ഞു തു​ട​ങ്ങി. 15 കി​ലോ​മീ​റ്റ​ർ ദൂ​ര​മു​ണ്ട്. ദൂ​രെ ചൂ​ണ്ടി​ക്കാ​ണി​ച്ചു​ത​ന്ന ര​ണ്ടു മ​ല​ക​ൾ​ക്കി​ട​യി​ലൂ​ടെ കാ​ട് ക​യ​റ​ണം. ആ​റ് കി​ലോ​മീ​റ്റ​ർ ഏ​റ​ക്കു​റെ നി​ര​പ്പ്. അ​ത്ര​യും ത​മി​ഴ്‌​നാ​ടി​ന്റെ ഭാ​ഗം. പി​ന്നെ കീ​ര​പ്പാ​ടി ഫോ​റ​സ്റ്റ് ചെ​ക്ക്പോ​സ്റ്റ്. ‘അ​വി​ട​ന്ന് ഏ​റി​യേ​റി ക​യ​റ​ണം. ഇ​ന്നേ​ക്ക് മു​ടി​യാ​ത്. ഇ​ന്ന് ത​ങ്ങി കാ​ലേ​ലേ പോ​ക​ലാം.’ മ​ല​യാ​ള​ത്തി​നി​ട​യി​ൽ ഇ​ട​ക്കൊ​ക്കെ ത​മി​ഴ് ത​നി​മ തു​ളു​മ്പി. എ​ന്റെ സ​ർ​ക്കാ​റു​ദ്യോ​ഗം തു​ലാ​സ്സി​ലാ​ടു​ന്ന​തു​പോ​ലെ തോ​ന്നി​യ നി​മി​ഷം. അ​ന്ന് ശ്ര​മം ഉ​പേ​ക്ഷി​ച്ച് തി​രി​ച്ചു​പോ​ന്നു.

സേ​തു​മ​ട ചെ​ക്പോ​സ്റ്റ്

16.11.1998 തി​ങ്ക​ൾ പു​ല​ർ​ച്ചെ 3.30ന് ​തേ​ക്ക​ടി​ക്കു​ള്ള പു​റ​പ്പാ​ട്. കൊ​ഴി​ഞ്ഞാ​മ്പാ​റ​നി​ന്ന് ഹെ​ഡ്‌​മാ​സ്റ്റ​ർ രാ​മ​സ്വാ​മി മാ​ഷും ചേ​ർ​ന്നു. സേ​തു​മ​ട എ​ത്തു​ന്ന​ത് കാ​ല​ത്ത് ഏ​ഴി​ന്. അ​നു​മ​തി​ക്കാ​യി ത​മി​ഴ്നാ​ട് ഫോ​റ​സ്റ്റ് ചെ​ക് പോ​സ്റ്റി​ൽ ചെ​ന്നു. അ​നു​കൂ​ല പ്ര​തി​ക​ര​ണ​മി​ല്ല. ഹെ​ഡ്മാ​സ്റ്റ​ർ വ​ണ്ടി​തി​രി​ച്ചു​വി​ട്ട് സ്വാ​ധീ​ന​സ്ഥ​ല​ങ്ങ​ളി​ൽ മു​ട്ടി​നോ​ക്കി. എ​ല്ലാം വി​ഫ​ലം. ഒ​ടു​വി​ൽ പ​റ​മ്പി​ക്കു​ളം റൂ​ട്ടി​ൽ പെ​രു​വാ​രി​പ്പ​ള്ളം ഡാം ​ക​ട​ന്ന് 60 കി​ലോ​മീ​റ്റ​ർ അ​ധി​ക​ദൂ​രം താ​ണ്ടി ‘തേ​ക്ക​ടി രാ​ജ്യ’​ത്തെ​ത്തി.

ര​ണ്ട് ഉ​ന്ന​തി​ക​ൾ. അ​ന്ന​ത്തെ പേ​ര് കോ​ള​നി​ക​ൾ. അ​ല്ലി​മൂ​പ്പ​ൻ കോ​ള​നി, മു​പ്പ​തേ​ക്ക​ർ കോ​ള​നി. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് ഏ​ക​ദേ​ശം 1200 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ കാ​ടി​ന്റെ അ​ക​ക്കാ​മ്പി​ൽ മ​നു​ഷ്യ​ർ​കൂ​ടി​യു​ള്ള ആ​വാ​സ​വ്യ​വ​സ്ഥ. തേ​ക്ക​ടി​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​മെ​ന്നോ​ണം ര​ണ്ട് ഫോ​റ​സ്‌​റ്റ് കാ​ര്യാ​ല​യ​ങ്ങ​ൾ. പ​റ​മ്പി​ക്കു​ളം (ചു​ങ്കം) റേ​ഞ്ച്, കൊ​ല്ല​ങ്കോ​ട് റേ​ഞ്ച്. ചേ​ർ​ന്നു​ത​ന്നെ അ​രു​ണ​ഗി​രി​യു​ടെ ചാ​യ​ക്ക​ട, പൗ​ലോ​സേ​ട്ട​ന്റെ പ​ല​ച​ര​ക്കു​ക​ട, രാ​ജേ​ട്ട​ന്റെ തു​ന്ന​ൽ​ക്ക​ട, കൊ​ല്ല​ന്റെ ആ​ല, റേ​ഷ​ൻ​ക​ട... അ​ത്ര​ന്നെ. തേ​ക്ക​ടി​യു​ടെ ആ​സ്ഥാ​ന​ഭൂ​പ​ടം പൂ​ർ​ണ​മാ​യി.

തേ​ക്ക​ടി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ

ഞ​ങ്ങ​ളു​ടെ വാ​ഹ​നം എ​ത്തി​യ​തും ഓ​ഫി​സ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ ജാ​ഗ്ര​ത​പ്പെ​ട്ടു. ഈ ​സാ​മ്രാ​ജ്യ​ത്തി​ൽ ആ​രു പ്ര​വേ​ശി​ച്ചാ​ലും ഫോ​റ​സ്റ്റ് രേ​ഖ​ക​ളി​ൽ പേ​രു​വി​വ​രം ഭ​ദ്ര​മാ​യി​രി​ക്കും. തേ​ക്ക​ടി​യു​ടെ നി​ശ്ശ​ബ്ദ​ത​യെ ഭേ​ദി​ക്കു​ന്ന​ത് ഇ​ട​ക്കൊ​ക്കെ ഈ ​വാ​ഹ​ന​ങ്ങ​ളാ​ണ്. മൃ​ഗ​ങ്ങ​ളു​ടെ​യും മ​റ്റും ശ​ബ്ദ​ങ്ങ​ൾ വ​ന​ത്തെ അ​സ്വ​സ്ഥ​മാ​ക്കു​ന്നി​ല്ല. മു​ള​ങ്കാ​ടു​ക​ളു​ടെ​യും മ​ര​ങ്ങ​ളു​ടെ​യും സ്വ​ര​ങ്ങ​ൾ ആ​ര​ണ്യ​ഗീ​ത​ങ്ങ​ളാ​ണ്. എ​ങ്കി​ലും ചീ​വി​ടു പോ​ലു​മി​ല്ലാ​ത്ത രാ​ത്രി​കാ​ല​ങ്ങ​ൾ മൂ​ക​വും ഭീ​തി​ജ​ന​ക​വു​മാ​ണ്. കാ​തു​ക​ൾ കു​ത്തി​ത്തു​ള​ക്കു​ന്ന നി​ശ്ശ​ബ്‌​ദ​ത വ​ർ​ണ​നാ​തീ​തം. 1200 മീ​റ്റ​ർ സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്നു​യ​ര​ത്തി​ലാ​ണെ​ങ്കി​ലും ചു​റ്റും ഉ​യ​ർ​ന്നു​നി​ൽ​ക്കു​ന്ന മ​ല​ക​ളാ​ൽ സ​മ്പ​ന്ന​മാ​ണ് തേ​ക്ക​ടി. ആ​സ്ഥാ​ന​ത്തു​നി​ന്നും 2 കി.​മീ. കൂ​ടി പോ​കാ​നു​ണ്ട് വി​ദ്യാ​ല​യ​മെ​ത്താ​ൻ. കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പ​െ​മ​ത്തി​യ എ​ന്നെ സ്വീ​ക​രി​ക്കാ​ൻ പി.​ടി.​എ പ്ര​സി​ഡ​ന്റ് ച​ന്ദ്രേ​ട്ട​നും വ​ന്നി​രു​ന്നു.

‘രാ​ത്രി പ​ട​ക്ക​മൊ​ക്കെ കാ​ണും, പേ​ടി വേ​ണ്ട​ട്ടോ... ’

ആ​ന​ക്കും പ​ന്നി​ക്കും കു​ര​ങ്ങി​നും വെ​ക്കു​ന്ന പ​ട​ക്ക​ത്തെ​ക്കു​റി​ച്ച് ച​ന്ദ്രേ​ട്ട​ന്റെ മു​ന്ന​റി​യി​പ്പ്. ഇ​ന്ന് ച​ന്ദ്രേ​ട്ട​നി​ല്ല.

‘തേ​ക്ക​ടി​ക്കു​വേ​ണ്ടി ഓ​ടി ന​ട​ന്ന​താ... ഇ​ന്നു​ണ്ടാ​യി​രു​ന്നേ​ൽ ഞ​ങ്ങ​ക്ക് റോ​ഡാ​യേ​നെ.’ പ​ത്‌​നി ക​നി​ച്ചേ​ച്ചി തു​ണി​ത്തു​മ്പി​ൽ ക​ണ്ണു​തു​ട​ച്ചു.

ജി.​ടി.​ഡ​ബ്ല്യു.​എ​ൽ.​പി സ്കൂ​ൾ

46 കു​ട്ടി​ക​ൾ, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ഉ​ൾ​പ്പെ​ടെ നാ​ല് അ​ധ്യാ​പ​ക​ർ. 46 കു​ട്ടി​ക​ളെ​ന്ന​ല്ല, 46 ദൈ​ന്യ​ത​ക​ൾ! ഉ​ള്ളു​രു​ക്ക​ത്തി​ന്റെ തേ​ക്ക​ടി ജീ​വി​ത​ങ്ങ​ൾ ഓ​രോ മു​ഖ​ത്തും കൂ​ടു​കെ​ട്ടി​യി​രു​ന്നു. വി​ദ്യാ​വി​ഭ​വ​ത്തേ​ക്കാ​ൾ ക​ഞ്ഞി​യും പ​യ​റും കൊ​തി​ച്ച​വ​ർ വ​ന്നു. വ​യ​റു കാ​ള​ൽ തീ​രു​ന്ന​തും ഉ​ച്ച​ക്കു​ത​ന്നെ അ​വ​ർ തി​രി​ച്ചു​പോ​യി. ഒ​രി​ക്ക​ലും സ​മ​യ​കാ​ല​വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കാ​തി​രി​ക്കാ​ൻ അ​വ​ർ ശ്ര​ദ്ധി​ച്ചു. ‘താ​ഴെ’ നി​ന്ന് മ​ല ക​യ​റി വ​രു​ന്ന​വ​രെ ഏ​ത് വി​കാ​ര​ത്തോ​ടെ​യാ​ണ​വ​ർ കാ​ണു​ന്ന​ത്? പ​രി​ഷ്‌​കൃ​ത​രെ​ന്നു ന​ടി​ക്കു​ന്ന​വ​രു​ടെ നാ​ട്യ​ങ്ങ​ൾ കാ​ടി​നു​വേ​ണ്ടി, പ്ര​കൃ​തി​ക്കു വേ​ണ്ടി ഉ​ൾ​ക്കൊ​ള്ളാ​ൻ മ​ടി​ച്ചു. അ​താ​യി​രി​ക്കാം സ​ർ​ക്കാ​ർ നി​ർ​മി​ത ഭ​വ​ന​ങ്ങ​ളി​ൽ​നി​ന്ന് ഇ​ല​യും പു​ല്ലും മേ​ഞ്ഞ കൂ​ര​ക​ളി​ലേ​ക്ക​വ​ർ കു​ത​റി​നീ​ങ്ങി​യ​ത്. ക​ന​ത്ത മേ​ൽ​ക്കൂ​ര​ക്കു കീ​ഴി​ൽ സ്വ​സ്ഥ​മാ​യു​റ​ങ്ങാ​ൻ അ​നു​ഭ​വ​ങ്ങ​ൾ അ​വ​രെ സ​മ്മ​തി​ച്ചി​ല്ല എ​ന്നാ​ണ് നേ​ര്. ക​ല്ലും ക​മ്പി​യും സി​മ​ന്റും ഉ​റ​പ്പു​ള്ള​താ​ണെ​ന്ന​വ​ർ കൂ​ട്ടാ​ക്കി​യി​ല്ല. ഇ​ന്ന് ഏ​റെ മാ​റ്റ​ങ്ങ​ളു​ണ്ട്. റോ​ഡും വൈ​ദ്യു​തി​യും ആ​തു​രാ​ല​യ​വും ഇ​ന്നും അ​ന്യ​മാ​യി തു​ട​രു​ന്ന​ത് വ്യ​വ​സ്ഥി​തി​യെ അ​വി​ശ്വ​സി​ക്കാ​ൻ അ​വ​രെ നി​ർ​ബ​ന്ധി​ച്ചു. കു​ടി​വെ​ള്ള​ത്തി​നു​പോ​ലും അ​ല​യു​ന്ന​വ​ർ. കി​ലോ​മീ​റ്റ​റു​ക​ൾ​ക്ക​ക​ലെ മ​ല​ക​ളി​ൽ​നി​ന്ന് കു​ഞ്ഞു​പൈ​പ്പു​ക​ളി​ൽ പ്ര​കൃ​തി ചു​ര​ത്തി​ത്ത​രു​ന്ന കു​ടി​നീ​ര് പാ​നം ചെ​യ്യു​ന്ന​വ​ർ​ക്ക് മ​റ്റെ​ന്ത് വ​ഴി?

രാ​ത്രി​യു​ടെ ശ​ബ്ദ​ങ്ങ​ൾ

ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച് കാ​ന​ന​ശൈ​ലി​യി​ലേ​ക്ക് ജീ​വി​ത​ത്തെ മാ​റ്റി​പ്പ​ണി​യ​ൽ ശ്ര​മ​ക​ര​മാ​യി​രു​ന്നു. മ​ണ്ണെ​ണ്ണ​വി​ള​ക്കി​ൽ അ​ന്തി​യെ​രി​ഞ്ഞു​തീ​ർ​ക്ക​ണം. മു​ഖ​ത്തോ​ടു​മു​ഖം പ​ര​സ്പ​രം മി​ഴി​ച്ചി​രി​ക്ക​ണം. ജീ​വി​ത​ത്തി​ന്റെ ഒ​ത്തി​രി കാ​ത​ങ്ങ​ൾ ഓ​ർ​മ​ക​ൾ​ക്കു പി​ന്നാ​ലെ പാ​ഞ്ഞു​പോ​കാ​ൻ ആ ​രാ​വു​ക​ൾ മ​ന​സ്സി​നെ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. ശാ​ന്തം എ​ന്ന​തി​നേ​ക്കാ​ൾ മൂ​കം എ​ന്നാ​യി​രി​ക്കും ഈ ​വ​ന​സ്ഥ​ലി​ക്ക് ചേ​ർ​ന്ന വി​കാ​രം. ഭീ​ക​ര​മാ​ണ് രാ​ത്രി​ക​ൾ. ജീ​വി​ക​ളു​ടെ അ​ല​ർ​ച്ച​ക​ൾ, രോ​ദ​ന​ങ്ങ​ൾ, ശീ​ൽ​കാ​രം. ഒ​ന്നും ഗ​ണി​ച്ചെ​ടു​ക്കാ​ൻ ക​ഴി​യി​ല്ല. കാ​ല​ത്ത് വാ​തി​ൽ തു​റ​ന്ന് പു​റ​ത്തി​റ​ങ്ങി​യാ​ൽ പൂ​ഴി​മ​ണ്ണി​ൽ പ​തി​ഞ്ഞ ജീ​വി​ക​ളു​ടെ കാ​ൽ​പാ​ടു​ക​ൾ നെ​ടു​വീ​ർ​പ്പ് വ​ർ​ധി​പ്പി​ക്കും. സിം​ഹ​മ​ല്ലാ​ത്ത​വ​യൊ​ക്കെ ആ ​നെ​ടു​വീ​ർ​പ്പി​ൽ മി​ന്നാ​യം പാ​യും. അ​ന്നേ​രം രാ​മ​സ്വാ​മി മാ​ഷ് പ​റ​യും, ‘ഉ​യി​ര് പ​ണ​യം വെ​ച്ച​ല്ലേ ഷാ​ഫീ, ഈ ​ആ​ന​ക്കാ​ട്ടി​ൽ ക​ഴി​യ്‌​ണ്..?’

റേ​ഡി​യോ മാ​ത്ര​മാ​യി​രു​ന്നു വാ​ർ​ത്താ​വി​നി​മ​യ മാ​ർ​ഗം. പ്ര​ക്ഷേ​പ​ണം തീ​രു​ന്ന​തു​വ​രെ നി​ല​ക്കാ​തെ ശ​ബ്ദി​ക്കു​ന്ന​ത് ഒ​രു​പ​ക്ഷേ ഇ​വി​ടെ മാ​ത്ര​മാ​യി​രി​ക്കും. പു​റ​ത്തൊ​രു ലോ​ക​മു​ണ്ടെ​ന്ന് നി​ര​ന്ത​രം വി​ളി​ച്ചു​പ​റ​യു​ക​യാ​വു​മ​ത്. എ​ന്നെ​ങ്കി​ലും, ആ​രെ​ങ്കി​ലും കൊ​ണ്ടു​വ​രു​ന്ന പ​ത്ര​ങ്ങ​ൾ പ​കു​ത്തെ​ടു​ത്ത് ഞ​ങ്ങ​ൾ പു​റം​ലോ​ക​ത്തെ അ​റി​യാ​നു​ള്ള ആ​ർ​ത്തി തീ​ർ​ക്കും. അ​തേ​തു ദി​വ​സ​ത്തെ​യാ​ണെ​ങ്കി​ലും! ദി​ന​കാ​ല​ഗ​ണ​ന​ക​ൾ​ക്ക് തേ​ക്ക​ടി​രാ​ജ്യ​ത്ത് അ​ത്ര പ്ര​സ​ക്തി​യേ കാ​ണൂ.

കാ​ട്ടു​പാ​ത​ക​ൾ

നാ​ലു​നാ​ൾ ക​ഴി​ഞ്ഞ് നാ​ട്ടി​ൽ പോ​കാ​നാ​യി. ഒ​രു ജീ​പ്പു​ണ്ട്. പ്ര​സ​വ​കേ​സു​മാ​യി ആ​ശു​പ​ത്രി​യി​ൽ പോ​കാ​നാ​ണ് വ​ണ്ടി​വ​രു​ന്ന​ത്. 6 കി.​മീ. അ​പ്പു​റം പെ​രി​യ​ചോ​ല​യി​ലെ ഒ​രു എ​സ്റ്റേ​റ്റ് ഉ​ട​മ​യു​ടേ​താ​ണ് വാ​ഹ​നം. 5 കി.​മീ. ക​ഴി​ഞ്ഞു​കാ​ണും. ആ​ൺ​മ​രം, പെ​ൺ​മ​രം (രൂ​പ​സാ​ദൃ​ശ്യ​ത്തി​ൽ നി​ന്നു​ണ്ടാ​യ പേ​ര്) ഭാ​ഗ​ത്തെ​ത്തി​യ​പ്പോ​ൾ പി​റ​കി​ൽ​നി​ന്ന് പെ​ട്ടെ​ന്ന് വ​ണ്ടി നി​ർ​ത്താ​നാ​വ​ശ്യ​പ്പെ​ട്ടു. ഞ​ങ്ങ​ൾ പു​രു​ഷ​ന്മാ​ർ പു​റ​ത്തി​റ​ങ്ങി. ഒ​രു പു​തു​ജ​ന്മം വാ​ഹ​ന​ത്തി​ൽ പി​റ​വി​കൊ​ള്ളു​ന്നു. അ​തി​ലേ​റെ ബോ​ധ്യ​മാ​യ​ത് ജീ​പ്പ് തി​രി​ക്കു​ക​യാ​ണെ​ന്നും 10 കി​ലോ​മീ​റ്റ​ർ ദൂ​രം ഇ​നി ന​ട​ക്ക​ണ​മെ​ന്നു​മാ​ണ്. തേ​ക്ക​ടി വ​ന​വാ​സ​ത്തി​ലെ പ്ര​ധാ​ന ച​ട​ങ്ങ് ഇ​താ​ണ്. 2 മ​ണി​ക്കൂ​ർ നീ​ളു​ന്ന ന​ട​ത്തം. കൂ​ട്ടി​ന് കാ​ന​ന​സം​ഗീ​തം. ‘കു​റു​ക്ക്’ പി​ടി​ച്ചാ​ൽ ര​ണ്ട് കി​ലോ​മീ​റ്റ​ർ കു​റ​യും. ര​ണ്ട് കു​റു​ക്കു​ക​ളു​ണ്ട്. പെ​രി​യ കു​റു​ക്ക്. ചി​ന്ന കു​റു​ക്ക്. ര​ണ്ടു ക​ണ്ണു​ക​ൾ മ​തി​യാ​വാ​തെ വ​രു​ന്നോ എ​ന്നു തോ​ന്നി​യ​ത് ഈ ​സ​മ​യ​ത്താ​ണ്. ഒ​രു നീ​ളം വ​ഴി കാ​ണു​ന്നി​ട​ത്ത് ബു​ദ്ധി​മു​ട്ടി​ല്ല. പ​ക്ഷേ, വ​ള​വു​ക​ളും ഇ​ടു​ങ്ങി​യ ഭാ​ഗ​ങ്ങ​ളും മ​റി​ക​ട​ക്കാ​ൻ പാ​ടാ​ണ്. ചെ​വി കൂ​ർ​പ്പി​ച്ചും മ​ണം​പി​ടി​ച്ചും വേ​ണം ന​ട​ക്കാ​ൻ. പു​റ​കി​ലേ​ക്കും ക​ണ്ണു വേ​ണം. സ​മീ​പം ആ​ന​യു​ണ്ടെ​ന്ന​റി​യാ​ൻ സാ​മാ​ന്യം ഘ്രാ​ണ​ശ​ക്തി​വേ​ണം. ആ​വി പ​റ​ക്കു​ന്ന പി​ണ്ടി​കാ​ണും. മു​ള​ന്ത​ണ്ട് ചീ​ന്തു​ന്ന, ക​മ്പു​ക​ളൊ​ടി​ക്കു​ന്ന ശ​ബ്‌​ദ​വും ശ്ര​ദ്ധി​ക്ക​ണം. പ​കു​തി​ദൂ​രം പി​ന്നി​ട്ടാ​ൽ സം​സ്ഥാ​ന അ​തി​ർ​ത്തി​യാ​യ കീ​ര​പ്പാ​ടി ചെ​ക്പോ​സ്റ്റ്. ര​ണ്ടോ മൂ​ന്നോ സ്‌​റ്റാ​ഫ് കാ​ണും. സൗ​രോ​ർ​ജ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വൈ​ദ്യു​ത​വേ​ലി​യു​ടെ കാ​വ​ലി​ൽ അ​വ​ർ ക​ഴി​യു​ന്നു. വീ​ണ്ടും ന​ട​ത്തം. സേ​തു​മ​ട എ​ത്താ​ൻ ഇ​നി​യും ര​ണ്ട് കി.​മീ. കൂ​ടി​യു​ണ്ട്. മെ​യി​ൻ റോ​ഡി​ൽ ക​ണ്ട ടാ​പ്പി​ൽ​നി​ന്ന് ദാ​ഹം തീ​ർ​ത്തു. ഇ​ന്നോ​ളം അ​നു​ഭ​വി​ച്ച​തി​ൽ ഏ​റ്റ​വും കു​ളി​രും ത​ണു​പ്പും ആ ​വെ​ള്ള​ത്തി​നാ​യി​രു​ന്നു. ബൂ​ത്തി​ൽ ക​യ​റി വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു. ജീ​വി​ച്ചി​രി​ക്കു​ന്ന​തി​ന്റെ തെ​ളി​വു​നി​ര​ത്തി. പി​ന്നെ, പൊ​ള്ളാ​ച്ചി പാ​ല​ക്കാ​ട് വ​ഴി നാ​ട്ടി​ലേ​ക്ക്.

തേ​ക്ക​ടി​യി​ലേ​ക്ക് വീ​ണ്ടും

നാ​ളേ​റെ ക​ഴി​ഞ്ഞു. അ​തി​നി​ടെ പ​ല സ്ഥ​ലം മാ​റ്റ​ങ്ങ​ൾ. 2012 ഒ​ക്ടോ​ബ​ർ 24ന് ​ഒ​രു​ത​വ​ണ​കൂ​ടി തേ​ക്ക​ടി എ​ത്താ​ൻ അ​വ​സ​ര​മു​ണ്ടാ​യി. സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ വേ​ണു മാ​ഷ് പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യി തേ​ക്ക​ടി​ക്ക് എ​ത്തി​യ സ​മ​യം.

2025 ജൂ​ൺ ര​ണ്ട് തി​ങ്ക​ൾ. ഇ​രു​പ​ത്തേ​ഴ് വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം തേ​ക്ക​ടി എ​ന്നെ മ​റ​ന്നി​ല്ല​ല്ലോ എ​ന്ന സ​ത്യം തി​രി​ച്ച​റി​ഞ്ഞ​ത് അ​ന്നാ​യി​രു​ന്നു. പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യി വീ​ണ്ടും തേ​ക്ക​ടി ക​യ​റേ​ണ്ടി​യി​രി​ക്കു​ന്നു. കൂ​ടു​ത​ൽ ഉ​പ​ചാ​ര​ങ്ങ​ൾ​ക്കൊ​ന്നും ഇ​ട കൊ​ടു​ക്കാ​തെ കെ​ട്ടെ​ടു​ത്ത് മ​ല ക​യ​റാ​ൻ തീ​രു​മാ​നി​ച്ചു. പ​ത്ത് പ​തി​ന​ഞ്ച് ജീ​പ്പു​ക​ൾ, ഒ​രു ബി.​എ​സ്.​എ​ൻ.​എ​ൽ മൊ​ബൈ​ൽ ട​വ​ർ എ​ന്ന​തൊ​ഴി​ച്ചാ​ൽ തേ​ക്ക​ടി​ക്ക് മാ​റ്റ​ങ്ങ​ളി​ല്ല. കേ​ര​ള​ത്തി​ലൂ​ടെ ഒ​രു റോ​ഡെ​ന്ന ആ​വ​ശ്യം നി​ർ​വി​കാ​ര​ത​യാ​യി മാ​റി​യി​രി​ക്കു​ന്നു. കേ​ര​ള​ത്തി​ലൂ​ടെ എ​ട്ട് കി​ലോ​മീ​റ്റ​ർ കൊ​ണ്ടെ​ത്താ​വു​ന്ന​ത് ത​മി​ഴ്നാ​ട് ചു​റ്റി അ​മ്പ​ത് കി​ലോ​മീ​റ്റ​ർ അ​ധി​കം സ​ഞ്ച​രി​ക്കു​ന്ന ഈ ​കാ​ല​ത്തെ​യും ആ​ധു​നി​ക​മെ​ന്നും പു​രോ​ഗ​മ​ന​മെ​ന്നും വി​ളി​ക്ക​ണം. പി​ന്നെ, ആ​കാ​ശ​മൊ​ന്ന് മു​ഖം ക​റു​പ്പി​ച്ചാ​ൽ സൗ​രോ​ർ​ജ​വി​ള​ക്കു​ക​ൾ മി​ഴി​യ​ട​ക്കും. റോ​ഡും വൈ​ദ്യു​തി​യും ചോ​ദി​ച്ച് തേ​ക്ക​ടി​ക്കാ​ർ മ​ടു​ത്തി​ട്ടു​ണ്ട്. മൃ​ഗ​ങ്ങ​ൾ പെ​രു​കി. മു​മ്പ് ചു​ള്ള​നാ​യി ന​ട​ന്നി​രു​ന്ന ചി​ല്ലി​ക്കൊ​മ്പ​ൻ തി​ക​ഞ്ഞ മ​ധ്യ​വ​യ​സ്ക​നാ​യി ന​ട​ക്കു​ന്നു. തേ​ക്ക​ടി​രാ​ജ്യ​ത്തെ ദേ​ശീ​യ​മൃ​ഗം അ​വ​നാ​ണ്.

ന​ട​ന്നു​പോ​യി​രു​ന്ന കാ​ല​ത്ത് ഒ​ന്നി​നെ​യും കാ​ണ​രു​തേ എ​ന്നാ​യി​രു​ന്നു പ്രാ​ർ​ഥ​ന. ഇ​ന്ന് കൂ​ട്ട​ങ്ങ​ളാ​യി ആ​ന​യും കാ​ട്ടു​പോ​ത്തും മാ​നും മ്ലാ​വും ഹ​രം പ​ക​രു​ന്ന കാ​ഴ്ച​ക​ളാ​ണ്. ന​ല്ലോ​രാ​ന​ക്കാ​ഴ്ച ല​ഭി​ച്ച​ത് ഇ​ത്ത​വ​ണ​യാ​ണ്. പ​കു​തി ദൂ​രം പി​ന്നി​ട്ടു കാ​ണും. മു​ന്നി​ലു​ണ്ടാ​യി​രു​ന്ന ഫോ​റ​സ്റ്റ് ഡി​പ്പാ​ർ​ട്മെ​ന്റ് ജീ​പ്പ് പൊ​ടു​ന്ന​നെ നി​ർ​ത്തി. ഞ​ങ്ങ​ളോ​ടും നി​ർ​ത്താ​നാ​വ​ശ്യ​പ്പെ​ട്ടു. അ​വ​ർ മൂ​ന്ന് വി​ര​ലു​ക​ൾ ഉ​യ​ർ​ത്തി​ക്കാ​ണി​ച്ചു. മൂ​ന്നാ​ന​ക​ൾ റോ​ഡി​ലൂ​ടെ നീ​ളെ ന​ട​ന്ന് സ്വാ​ത​ന്ത്ര്യം ആ​ഘോ​ഷി​ക്കു​ന്നു. ല​ക്ഷ​ണ​മൊ​ത്ത ആ​ന​ച്ച​ന്തം!

അ​വ​ർ പോ​കു​ന്ന​ത് കാ​ത്തി​രു​ന്നു. അ​വ​രു​ടെ കാ​ര്യ​ങ്ങ​ൾ​ക്കാ​ണ് മു​ൻ​ഗ​ണ​ന. തേ​ക്ക​ടി വ​ന​പാ​ത​യി​ൽ അ​വ​ർ കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കും. പ​ല​പ്പോ​ഴും മ​ണി​ക്കൂ​റു​ക​ൾ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യി​ട്ടു​ണ്ട്. രാ​ത്രി തി​രി​ച്ചു​പോ​യി ത​മി​ഴ്നാ​ട്ടി​ലെ ആ​ന​മ​ല​യി​ൽ താ​മ​സി​ച്ചി​ട്ടു​ണ്ട്. ‘അ​വ​ന്റ​ത​ല്ലേ കാ​ട്’ എ​ന്ന് മൂ​പ്പ​ൻ പ​റ​യും.

ചി​ല്ലി​ക്കൊ​മ്പ​ൻ

ചി​ല്ലി എ​ന്ന് ഓ​മ​ന​പ്പേ​രു​ള്ള ചി​ല്ലി​ക്കൊ​മ്പ​ൻ 30 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഇ​വി​ടെ​യു​ണ്ട്. ഒ​രു കൊ​മ്പി​ന്റെ വ്യ​ത്യ​സ്ത​ത​കൊ​ണ്ടാ​ണ് ഈ ​പേ​ര് വ​ന്ന​ത്. ഇ​ട​ക്ക് നെ​ല്ലി​യാ​മ്പ​തി, പ​റ​മ്പി​ക്കു​ളം, ആ​ളി​യാ​ർ ഡാം ​ഭാ​ഗ​ങ്ങ​ളി​ൽ ക​റ​ങ്ങി​വ​രും. ആ​ർ​ക്കും ഒ​രു ഉ​പ​ദ്ര​വ​വും വ​രു​ത്താ​ത്ത​തു​കൊ​ണ്ട് അ​രു​മ​ത്തം ല​ഭി​ച്ചി​ട്ടു​ണ്ട്. ഒ​രി​ക്ക​ലും ഇ​വി​ട​ത്തു​കാ​ർ അ​വ​നെ പ​ഴി​പ​റ​ഞ്ഞ​ത് കേ​ട്ടി​ല്ല. ഇ​തെ​ഴു​തു​ന്ന രാ​ത്രി​യി​ലും അ​വ​ൻ പ​രി​സ​ര​ത്തു​ണ്ട്. ചെ​ണ്ട​യ​ടി​യും ത​പ്പു​കൊ​ട്ടും കേ​ൾ​ക്കു​ന്നു. ഞെ​ട്ടി​യു​ണ​ർ​ത്തു​ന്ന വെ​ടി​ക്കെ​ട്ടും. രാ​ത്രി​യു​ടെ മ​റ​വി​ൽ അ​വ​ൻ ക​യ​റി​വ​രാ​തി​രി​ക്കാ​നു​ള്ള പെ​ടാ​പ്പാ​ട്. എ​നി​ക്ക​ത് മേ​ള​പ്പെ​രു​ക്ക​ങ്ങ​ളു​ടെ രാ​വാ​ണ്. എ​ന്നാ​ൽ, കൊ​ച്ചു കൂ​ര​ക​ളി​ൽ ആ​ധി​യാ​ണ്. വെ​ട്ടം വീ​ഴു​ന്ന​തു​വ​രെ അ​വ​ർ ഉ​ണ​ർ​ന്നി​രി​ക്ക​ണം.

വീ​ര​സാ​ഹ​സി​ക ച​രി​ത​ങ്ങ​ളും തേ​ക്ക​ടി​ക്ക് പ​റ​യാ​നു​ണ്ട്. ഉ​രു​ളെ​ടു​ക്കു​ന്ന​ത് തേ​ക്ക​ടി ച​രി​ത​ത്തി​ൽ തീ​രെ അ​പൂ​ർ​വ​മാ​ണ്. 2019ലെ ​പ്ര​ള​യ​കാ​ല​ത്താ​ണ് അ​ത് സം​ഭ​വി​ച്ച​ത്. നാ​ട്ടി​ലെ കു​തൂ​ഹ​ല​ങ്ങ​ളൊ​ന്നും അ​റി​യാ​തെ ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന അ​ധ്യാ​പ​ക​രെ സ്കൂ​ളി​ലെ പാ​ച​ക​ക്കാ​രി​യാ​ണ് പു​ല​ർ​ച്ചെ വി​ളി​ച്ചു​ണ​ർ​ത്തി​പ്പ​റ​ഞ്ഞ​ത് ‘നാ​ട്ടി​ലൊ​ക്കെ അ​വ​ധി​യാ​ണ് സ​ർ’ എ​ന്ന്. എ​ങ്ങ​നെ​യോ ഇ​ട​ക്ക് പ്ര​വ​ർ​ത്തി​ക്കാ​ൻ ദ​യ കാ​ണി​ച്ച ടെ​ലി​വി​ഷ​നി​ൽ​നി​ന്നാ​ണ് അ​വ​ർ​ക്കീ വി​വ​രം കി​ട്ടി​യ​ത്. പെ​ട്ടെ​ന്ന് പു​റ​പ്പെ​ട്ടു. ദീ​ർ​ഘ​ന​ട​ത്തം തു​ട​ങ്ങി. നാ​ല് കി.​മീ. ക​ഴി​ഞ്ഞു​കാ​ണും. ഘോ​ര​ശ​ബ്ദ​ത്തോ​ടെ ഉ​രു​ളെ​ടു​ത്തു​വ​രു​ന്നു. പൊ​ട്ട​ലി​ന് ഇ​രു​ഭാ​ഗ​ങ്ങ​ളി​ലാ​യി പെ​ട്ടു ചി​ല​ർ. ഭാ​ഗ്യം​കൊ​ണ്ടാ​ണ് ജീ​വാ​പാ​യ​മി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ട​ത്.

പ​ണ്ട് കൊ​ല്ല​ങ്കോ​ട് രാ​ജാ​വി​ന് ഇ​വി​ടെ​യൊ​രു ആ​ന​പ്പ​ന്തി​യു​ണ്ടാ​യി​രു​ന്നു. ച​തി​ക്കു​ഴി​യൊ​രു​ക്കി കി​ട്ടു​ന്ന കാ​ട്ടാ​ന​ക​ളെ മെ​രു​ക്കാ​ൻ കു​ങ്കി​യാ​ന​ക​ളും. കൊ​പ്പം എ​ന്നാ​ണ് ച​തി​ക്കു​ഴി അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. നാ​ട്ടി​ലെ കൊ​പ്പം എ​ന്ന സ്ഥ​ല​പ്പേ​രും ഇ​ങ്ങ​നെ വ​ന്ന​താ​യി​രി​ക്കു​മോ? രാ​ജാ​വി​ന്റെ കാ​ര്യ​സ്ഥ​നാ​യി​രു​ന്ന തെ​യ്യു​ണ്ണി നാ​യ​രു​ടെ മ​ക​ൻ മ​ണി​ക​ണ്ഠ​ൻ ഇ​പ്പോ​ൾ ഇ​വി​ടെ താ​മ​സി​ക്കു​ന്നു. രാ​ജ​വാ​ഴ്ച അ​വ​സാ​നി​ക്കു​മ്പോ​ൾ ഇ​ഷ്ട​മു​ള്ള​ത്ര സ്ഥ​ല​മെ​ടു​ക്കാ​ൻ രാ​ജാ​വ് പ​റ​ഞ്ഞ​ത്രേ. ക​ഴി​ഞ്ഞു​കൂ​ടാ​നു​ള്ള​ത് മ​തി​യെ​ന്നു നാ​യ​രും. തെ​യ്യു​ണ്ണി നാ​യ​രു​ടെ കു​ടും​ബ​ത്തി​നു​ള്ള വ​ക രാ​ജാ​വി​ന്റെ സേ​വ​ക​ർ കാ​ള​വ​ണ്ടി​യി​ൽ എ​ത്തി​ച്ചു​കൊ​ടു​ക്കാ​റാ​യി​രു​ന്നു പ​തി​വ്. രാ​ജാ​വി​നെ ഇ​ട​ക്ക് പ​ല്ല​ക്കി​ൽ സേ​വ​ക​ർ തേ​ക്ക​ടി​യി​ലെ​ത്തി​ക്കും. മൂ​ച്ചം​കു​ണ്ട് വ​ഴി​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റെ സ​ഞ്ചാ​രം. അ​ല്ലി​മൂ​പ്പ​നും തെ​യ്യു​ണ്ണി നാ​യ​രും വ​ലി​യ കൂ​ട്ടാ​യി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ രാ​മ​ൻ കു​ട്ടി മൂ​പ്പ​ന്റെ മു​ത്ത​ച്ഛ​നാ​യി​രു​ന്നു അ​ല്ലി​മൂ​പ്പ​ൻ. ഇ​ന്ന് കോ​ള​നി അ​റി​യ​പ്പെ​ടു​ന്ന​തും അ​ദ്ദേ​ഹ​ത്തി​ന്റെ പേ​രി​ൽ​ത​ന്നെ. രാ​ജ​ഭ​ര​ണ​ത്തി​ന്റെ ശേ​ഷി​പ്പു​ക​ൾ മ​ണി​ക​ണ്ഠ​ന്റെ വീ​ട്ടി​ൽ കാ​ണാം.

തേ​ക്ക​ടി​ക്കു​ട്ടി​ക​ൾ

തേ​ക്ക​ടി​ക്കു​ട്ടി​ക​ൾ മ​ല​യി​റ​ങ്ങി സ്റ്റേ​ജി​ൽ ക​യ​റി ച​രി​ത്രം കു​റി​ച്ച​ത് ഈ​യാ​ണ്ടി​ലാ​യി​രു​ന്നു.

‘നി​ങ്ങ​ൾ പാ​ട്ട് പ​ഠി​പ്പി​ച്ചാ​ൽ താ​ഴെ എ​വി​ടെ എ​ത്തി​ക്കാ​നും ഞാ​നു​ണ്ടാ​വും.’

ഉ​പ​ജി​ല്ല ക​ലോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​വേ​ശ​മാ​യി. സം​ഘ​ഗാ​നം കു​ട്ടി​ക​ളു​ടെ വ​ഴി​ക്കു​വ​രാ​ൻ ആ​ഴ്ച​ക​ളെ​ടു​ത്തി​ട്ടു​ണ്ട്. ശ്രു​തി താ​ള​ല​യ​ഭം​ഗ​ങ്ങ​ളെ​ല്ലാം ഒ​രു പ​രു​വ​ത്തി​ലാ​ക്കി മ​ല​യി​റ​ങ്ങി ക​ലോ​ത്സ​വ​ന​ഗ​രി​യി​ലെ​ത്തി. ഇ​ത്ര​യ​ധി​കം കു​ട്ടി​ക​ളെ കാ​ണു​ന്ന​ത് ആ​ദ്യം. ച​മ​ഞ്ഞൊ​രു​ങ്ങി​യ ക​ലാ​പ്ര​തി​ഭ​ക​ൾ. ഒ​പ്പ​ന മ​ണ​വാ​ട്ടി​ക്കൊ​പ്പം ഫോ​ട്ടോ പി​ടു​ത്തം. തി​രു​വാ​തി​ര​ക്ക​ളി​ക്കാ​ർ, ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, മാ​ർ​ഗം​ക​ളി, വ​ട്ട​പ്പാ​ട്ട് തു​ട​ങ്ങി​യ​വ​രെ​യെ​ല്ലാം ക​ണ്ട് ആ​ശ്ച​ര്യ​ത്തി​ൽ കു​ട്ടി​ക​ൾ ഉ​ത്സ​വ​ന​ഗ​രി​യി​ൽ ന​ട​ന്നു. മ​ത്സ​ര​നേ​ര​മാ​യി. വി​സി​ൽ മു​ഴ​ങ്ങി​യാ​ലും ടീ​ച്ച​ർ അ​നു​മ​തി കൊ​ടു​ത്താ​ലേ അ​വ​ർ പാ​ടൂ. ഉ​ത്ക​ണ്ഠ​യു​ടെ ന​ടു​ക്ക് അ​വ​ർ പാ​ടി​ത്തീ​ർ​ത്തു. ഫ​ലം വ​ന്നു. എ ​ഗ്രേ​ഡ്. അ​ത് ച​രി​ത്ര​മാ​യി​രു​ന്നു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഞ​ങ്ങ​ളെ വ​ള​ഞ്ഞു. ഉ​പ​ജി​ല്ല പ്ര​ധാ​നാ​ധ്യാ​പ​ക കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​ക​യ​റി എ​ത്തി​യ അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹ​ങ്ങ​ൾ ഞ​ങ്ങ​ളെ വീ​ർ​പ്പു​മു​ട്ടി​ച്ചു. ഇ​പ്പോ​ൾ കു​ട്ടി​ക​ളും ചോ​ദി​ക്കു​ന്നു​ണ്ട് ‘റോ​ഡ് വേ​ണം. ഞ​ങ്ങ​ൾ​ക്കും താ​ഴെ പോ​യി​പ്പ​ഠി​ക്ക​ണം, ക​ല​യും വ​ര​യും സം​ഗീ​ത​വും’ എ​ന്ന്. പ​തി​റ്റാ​ണ്ടു​ക​ളാ​യി ആ ​ചോ​ദ്യം തേ​ക്ക​ടി​യു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ലു​ണ്ട്.

(ജി.ടി.ഡബ്ല്യൂ.എൽ.പി.സ്കൂൾ തേക്കടിയിലെ പ്രധാനാധ്യാപകനാണ് ലേഖകൻ)

Tags:    
News Summary - Travel experience in hidden gem of tamilnadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.