ഇന്ത്യയുടെ സ്വിറ്റ്‌സർലൻഡ്...

ഊട്ടിയേക്കാൾ തണുപ്പും മനോഹരമായ തേയിലത്തോട്ടങ്ങളും പൈൻമരങ്ങളും നിറഞ്ഞ താഴ്വാരങ്ങളിലൂടെ നീലഗിരിയുടെ യഥാർഥ സൗന്ദര്യം ഒളിഞ്ഞുകിടക്കുന്ന ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ കാലാവസ്ഥയെന്ന് സായ്പ് സെർട്ടിഫൈ ചെയ്ത കോത്തഗിരി ഗ്രാമം. മഞ്ഞിൽ പുതച്ചുകിടക്കുന്ന കുന്നിന്‍നിരകളും മനോഹരമായ വ്യൂപോയന്റുകളും പ്രകൃതിരമണീയമായ അരുവികളും താഴ്‌വരകളുമൊക്കെയായി സ്വിറ്റ്‌സര്‍ലന്‍ഡിന് തുല്യമായ മനോഹരമായ കാലാവസ്ഥയായത് കൊണ്ടാണ് കോത്തഗിരിക്ക് ഇന്ത്യയുടെ സ്വിറ്റ്‌സർലന്റെന്ന പേര് സായ്പ് ചാർത്തിനൽകിയത്.

ഊട്ടിയിലെ വീർപ്പുമുട്ടിക്കുന്ന തിരക്കുകളിൽനിന്ന് മാറി പ്രകൃതിയെ തഴുകി പ്രകൃതിയുടെ ശബ്ദ വീചികൾക്ക് കാതോർത്ത് നീലഗിരിക്കുന്നുകളുടെ മനോഹരമായ കാഴ്ച്ചകൾ ആസ്വദിക്കാൻ പറ്റിയൊരിടം. പക്ഷിനിരീക്ഷകരുടെയും പക്ഷി ഫോട്ടോഗ്രാഫർമാരുടെയും ഇഷ്ടയിടം. അപൂർവയിനം കരിമ്പുലികൾ വാഴുന്ന നാട് കൂടിയാണിവിടം. ഊട്ടിയിൽനിന്ന് 30 കിലോമീറ്ററാണ് കോത്തഗിരിയിലേക്ക്. ഊട്ടിയിൽനിന്ന് കോത്തഗിരിയിൽ പോകുംവഴി വാനരക്കൂട്ടവും ആന, കാട്ടുപോത്ത്, കാട്ടെരുമ, മാന്‍, കരടി, ചീറ്റപ്പുലി മൃഗങ്ങളും പതിവുകാഴ്ചയാണ്.

ഊട്ടിയിൽ വരുന്ന മിക്ക വിനോദസഞ്ചാരികളും ഊട്ടിയിലെ തിരക്കിൽ ശ്വാസംമുട്ടി തിരിച്ചുവരുന്നതല്ലാതെ കോത്തഗിരിയെന്ന പ്രകൃതി അനുഗ്രഹിച്ച് നൽകിയ സൗന്ദര്യത്തിലേക്ക് അധികം കടന്നുചെല്ലാറില്ല. ഊട്ടി മനോഹരിയെങ്കിൽ കോത്തഗിരി അതിമനോഹരിയാണ്. ഊട്ടിയുടെ തിരക്കുകളോ ബഹളങ്ങളോ ഇല്ലാതെ മനസ്സ് നിറയ്ക്കുന്ന നിരവധി കാഴ്ചകളുള്ള, പ്രകൃതിയുടെ ശബ്ദവീചികൾക്ക് കാതോർത്ത് താങ്ങാനൊരിടം അതാണ് കോത്തഗിരി. കാതറിന്‍ വെള്ളച്ചാട്ടവും രംഗസ്വാമി പീക്കുമാണ് കോത്തഗിരിയിലെ സഞ്ചാര കേന്ദ്രങ്ങള്‍. കാഴ്ചയെ ത്രസിപ്പിക്കുന്ന പ്രകൃതിയുടെ വിസ്മയം തന്നെയാണ് കോത്തഗിരിയിലെ പ്രധാന കാഴ്ചയായ കാതറിന്‍ വെള്ളച്ചാട്ടം.

കോത്തഗിരിയിൽനിന്ന് 16 കിലോമീറ്റർ ദൂരമാണ് കോടനാട്ടേക്കും കോടനാട് വ്യൂ പോയന്റിലേക്കും. ഈ 16 കിലോമീറ്റർ ഒരു സഞ്ചാരിയുടെയും മനസ്സിൽനിന്ന് മറയ്ക്കാൻ കഴിയാത്ത കാഴ്ചകളാണ് സമ്മാനിക്കുക. നീലഗിരി താഴ്വരയുടെ ‘പനോരമ ഫോട്ടോ’ യെന്ന് കോടനാട് വ്യൂ പോയന്റിനെ വിശേഷിപ്പിക്കാം. ഭവാനിസാഗര്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന മോയാര്‍ നദിയും സമതലത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന രാമസ്വാമി മുടിയും അങ്ങകലെ മൈസൂറും ചേരുന്ന വിശാലമായ കാഴ്ച വാച്ച് ടവറില്‍നിന്ന് ആസ്വദിക്കാം.

അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത തന്റെ ഒഴിവുകാല വസതിക്കായി കോടനാട് തെരഞ്ഞെടുത്തതിൽ നിന്നുതന്നെ കോടനാടിന്റെ പച്ചപ്പും കാഴ്ച്ചകളും കാലാവസ്ഥയെയും സൗന്ദര്യത്തെയും കുറിച്ചെല്ലാം അധികം പറയേണ്ട കാര്യമില്ല. ബ്രിട്ടീഷുകാര്‍ പണിത മറ്റനേകം ബംഗ്ലാവുകളും ഇവിടെയുണ്ട്. ഇന്ന് അവയെല്ലാം റിസോര്‍ട്ടുകളായി മാറിക്കഴിഞ്ഞു. പാലക്കാട് വഴി പോകുന്നവര്‍ക്ക് ഊട്ടിയില്‍ കയറാതെ മേട്ടുപ്പാളയത്തുനിന്ന് തിരിഞ്ഞ് 33 കി.മീ. പോയാല്‍ കോത്തഗിരി എത്താം.

Tags:    
News Summary - Kothagiri; Switzerland of India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.