1964 ഡിസംബർ 22ന് ഒറ്റ രാത്രികൊണ്ട് തുടച്ചുനീക്കപ്പെട്ട ഒരു തീരദേശ പട്ടണം. ഒരു ട്രെയിനെയും അതിലെ മുഴുവൻ യാത്രക്കാരെയും നഗരത്തിൽ താമസിച്ചിരുന്ന രണ്ടായിരത്തോളം പേരെയും 400 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച ചുഴലിക്കാറ്റിനൊപ്പം കടൽത്തിരമാലകൾ കൊണ്ട് പോയ രാത്രി. വാർത്താവിനിമയ സംവിധാനങ്ങൾ ഇല്ലാതിരുന്ന കാലമായതുകൊണ്ട് ആ നഗരത്തെ കടലെടുത്തതറിയാൻ രണ്ട് ദിവസമെടുത്തു. അന്ന് കടലെടുത്ത് കൊണ്ട് പോയ സ്ഥലത്തിന്റെ അവസ്ഥയെന്താണോ അതുതന്നെയാണ് ഇന്നത്തെയും അവസ്ഥ. ആ സംഭവത്തിന് ശേഷം ഇനി അവിടെ വികസനം വേണ്ടന്ന് തമിഴ്നാട് സർക്കാർ തീരുമാനിച്ചു. ആ നഗരത്തിന് പ്രേതനഗരമെന്ന പേരും ചാർത്തിനൽകി. ധനുഷ്കോടി; ഇന്നും ആ ദുരന്തത്തിന്റെ അവശിഷ്ടങ്ങൾ മാത്രം പേറി ജീവിക്കുന്ന തീരദേശ നാട്...
തമിഴ്നാട്ടിലെ രാമേശ്വരം ക്ഷേത്ര നഗരമാണ്. മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ ജന്മനാട്; ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ കടൽപാലമായ പാമ്പൻ പാലത്തിന്റെ നാട്. ഇവിടെ എവിടെത്തിരിഞ്ഞാലും ഒരു അമ്പലം കണ്ണിലുടക്കും. ഇവിടത്തെ രാമനാദാപുരം ക്ഷേത്രമാണ് പ്രധാന തീർഥാടന കേന്ദ്രം. പന്ത്രണ്ടാംനൂറ്റാണ്ടിൽ പാണ്ട്യ രാജാക്കന്മാർ നിർമിച്ചതെന്ന് കരുതപ്പെടുന്ന ക്ഷേത്രത്തിന് ഇന്ത്യയിൽ ഏറ്റവും നീളംകൂടിയ ഇടനാഴിയുള്ള ക്ഷേത്രമെന്ന പ്രത്യേകത കൂടിയുണ്ട്. ഇവിടെനിന്ന് ഏകദേശം അരമണിക്കൂർ യാത്രയുണ്ട് പുരാണവും കെട്ടുകഥകളും ഇഴചേർന്ന ധനുഷ്കോടിയിലേക്ക്. ധനുഷ്കോടി കടലിൽ വിശാലമായി പരന്നുകിടക്കുന്ന വെളുത്തമണൽ തീരത്താണ് മമ്മൂട്ടിയുടെ ’ബിഗ് ബി’ സിനിമയുടെ ക്ലൈമാക്സ് ഷൂട്ട് ചെയ്തിരിക്കുന്നത്.
വിശുദ്ധ അന്തോണീസ് ദേവാലയം
ശാന്തമായി കിടക്കുന്ന ബംഗാൾ ഉൾക്കടലിനും തിരകൾ ഒച്ചയുണ്ടാക്കുന്ന ഇന്ത്യൻ മഹാസമുദ്രത്തിനും നടുവിലൂടെ നേർരേഖപോലെ നീണ്ടുകിടക്കുന്ന പാത ചെന്നവസാനിക്കുന്നത് ഭൂമിയുടെ ഒരറ്റമായ ധനുഷ്കോടിയിലേക്കാണ്. ഇവിടെനിന്ന് ശ്രീലങ്കൻ തീരത്തേക്ക് കടൽമാർഗം 18 കിലോമീറ്ററിൽ താഴെ മാത്രം ദൂരം. പുരാണ കഥയിൽ സീതയെ വീണ്ടെടുക്കാൻ ഹനുമാന്റെ വാനര സൈന്യത്തോടൊപ്പം കടലിൽ ചിറകെട്ടി രാവണന്റെ സാമ്രാജ്യത്തിലോട്ട് ശ്രീരാമൻ കടന്നുചെന്നത് ഇവിടെ നിന്നുമാണ് എന്നാണ് വിശ്വാസം. ആകാശ കാഴ്ച്ചയിൽ രാമസേതു ഇന്നും തെളിഞ്ഞ് കാണാമത്രേ.
പാമ്പൻ പാലം
രാമേശ്വരത്ത്നിന്ന് 12 കിലോമീറ്ററാണ് ധനുഷ്കോടിയിലേക്ക്. വളരെ കുറച്ച്കാലം മുമ്പ് വരെ രാമേശ്വരത്ത് നിന്ന് ഓഫ് റോഡ് ജീപ്പുകളിൽകൂടി മാത്രമേ ധനുഷ്കോടിയിലേക്ക് വരാൻ പറ്റുമായിരുന്നുള്ളൂ. അത്രക്ക് മോശമായിരുന്നു റോഡിന്റെ അവസ്ഥ. റോഡെന്ന് പറയാൻ പറ്റില്ല; മണൽ നിറഞ്ഞൊരു പാത. പക്ഷേ, ഇപ്പോൾ ഇങ്ങോട്ടേക്ക് റോഡ് പണിതിട്ടുണ്ട്. നമ്മുടെ സ്വന്തം വണ്ടിയിൽ ഇങ്ങോട്ടേക്ക് വരാം. അതോടുകൂടി ടൂറിസ്റ്റുകളുടെ വരവുംകൂടി.
രാമേശ്വരത്ത് നിന്ന് ധനുഷ്കോടിയിലേക്ക് കടന്നുചെല്ലുംതോറും എങ്ങും പഴയകാല കെട്ടിടങ്ങളുടെ പൊട്ടിപ്പൊളിഞ്ഞ ശേഷിപ്പുകൾ മാത്രം... കടൽകാറ്റ് കൊണ്ട് ജീർണിച്ച ധനുഷ്കോടി റെയിവേസ്റ്റേഷന്റെ അവശിഷ്ട്ടങ്ങളും എന്താണെന്ന് പോലും മനസ്സിലാക്കാൻ കഴിയാത്ത കുറേ ഇഷ്ട്ടികത്തട്ടുകളും, കൽമതിലുകൾ മാത്രം ബാക്കിനിർത്തി നിലകൊള്ളുന്ന വിശുദ്ധ അന്തോണീസ് ദേവാലയത്തിന്റെ ശേഷിപ്പും തുടങ്ങി പലതിന്റെയും അവശിഷ്ട്ടങ്ങൾ മാത്രം... ദുരന്തത്തിന് ശേഷം ഈ പ്രദേശം വാസയോഗ്യമല്ലെന്ന് സർക്കാർ വിധിയെഴുതുകയും പ്രേത നഗരമായി പ്രഖ്യാപിക്കുകയും ചെയ്തെങ്കിലും; ഇന്ന് സഞ്ചാരികളുടെ സ്വർഗീയ ഭൂമിയാണിവിടം. നീലക്കടലും വെളുത്ത മണൽ പരപ്പും കാണാനും ചരിത്രത്തിന്റെ ശേഷിപ്പുകൾ കാണാനും സഞ്ചാരികളുടെ ഒഴുക്കാണ്.
ധനുഷ്കോടിയിൽ വരുന്ന സഞ്ചാരികൾക്കായി രാമേശ്വരത്തുകാർ ഓലമേഞ്ഞ കുടിലുകൾ കെട്ടി കൊഞ്ചും കണവയും പൂമീനുമുൾപ്പെടെയുള്ള മീൻ വിഭവങ്ങളും ഭക്ഷണവുമൊക്കെയായി കാത്തിരിക്കുകയാണ്. നമ്മൾ ഓർഡർ ചെയ്തതിന് ശേഷമേ മസാല പുരട്ടി വെച്ചിരിക്കുന്ന മീനുകൾ ഇവർ പാചകം ചെയ്യാറുള്ളൂ. ആരുടെയും മനം കവരുന്നതാണ് ഇവരുടെ മീൻ വിഭവങ്ങളുടെ രുചി. പക്ഷേ, എത്ര തിരക്കായാലും കച്ചവടക്കാർക്കോ സഞ്ചാരികൾക്കോ വൈകീട്ട് ആറ് മണിക്ക് ശേഷം ഇവിടെ നിൽക്കാൻ അനുവാദമില്ല.
ദുരൂഹതയൊഴിയാത്ത പ്രേതനഗരമായ ധനുഷ്കോടിയെ ഇവിടെനിന്ന് മടങ്ങുന്ന സഞ്ചാരികൾക്ക് ഒരിക്കലും മറക്കാനാവില്ല...1964ൽ നടന്ന ആ മഹാദുരത്തെയോർത്ത്... ഇനിയൊരിക്കലും അങ്ങനെയൊരു ദുരന്തം സംഭവിക്കാതിരിക്കട്ടെയെന്നുള്ള പ്രാർഥനകളോടെയും...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.