കളർഫുൾ അർമേനിയ

പഴയ സോവിയറ്റ് യൂനിയന്റെ ഭാഗമായിരുന്ന അർമീനിയ എന്ന ചെറുരാജ്യം എങ്ങനെ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതായി? കോക്കസസ് (Caucasus) പർവതനിരകൾക്ക് തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ മനോഹര രാജ്യം തുർക്കി, അസർബൈജാൻ, ജോർജിയ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു. ഇവിടെ കടൽ ഇല്ല. പകരം കടൽപോലെ വിശാലമായ ലോകത്തിൽതന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന ശുദ്ധജല തടാകങ്ങളിൽ ഒന്നായ ലേക് സെവാൻ ഉണ്ട്. സമുദ്രനിരപ്പിൽനിന്ന് 6234 അടി ഉയരത്തിലാണ് പേൾ ഓഫ് അർമീനിയ എന്നറിയപ്പെടുന്ന സെവാൻ തടാകം സ്ഥിതിചെയ്യുന്നത്. വാരാന്ത്യങ്ങളിൽ സന്ധ്യ മയങ്ങുന്നതോടെ ഏറ്റവും സജീവമാകുന്ന ഒരു തെരുവാണ് അബോവിയാൻ സ്ട്രീറ്റ്. പ്രശസ്‌ത അർമീനിയൻ കവിയും ആദ്യമായി അരാരാത്ത് പർവതം കീഴടക്കിയ ആളുമായ കച്ചാത്തൂർ അബോവിയാന്റെ (Khachatur Abovian) നാമധേയത്തിലുള്ള തെരുവാണിത്.

ഇലപൊഴിയും കാലം

ദിലിജാൻ പാർക്കിനോട് ചേർന്ന വനങ്ങളിൽ ധാരാളം വന്യജീവി സമ്പത്തുള്ളതായി ഗൈഡും ഡ്രൈവറുമായ ജോൺ ഗ്രിഗോറിയൻ പറഞ്ഞു. കോക്കേഷ്യൻ ലിങ്ക്സ്, പുള്ളിപ്പുലി, കരടി തുടങ്ങി നിരവധി വന്യമൃഗങ്ങൾ. വിവിധയിനം സസ്യങ്ങളാലും പ്രദേശം സമ്പന്നമാണ്. ശരത്കാലം വരുന്നതോടെ മരങ്ങൾ ഇല പൊഴിക്കാൻ തയാറെടുക്കും. ഓക്, പൈൻ, മേപ്ൾ, ആപ്രിക്കോട്ട് തുടങ്ങി നിരവധി വൃക്ഷങ്ങൾ ഫലം നൽകുന്നതും അല്ലാത്തവയുമായുണ്ട്. അതിൽ ശരത്കാലങ്ങളിൽ ഇലപൊഴിക്കാൻ തയാറെടുക്കുന്നതോടെ നിറം മാറുന്നത് കൂടുതലായും മേപ്ൾ, ഓക് തുടങ്ങിയ മരങ്ങളാണ്. ഓക് മരങ്ങളാണ് ഇവിടെ കൂടുതലും കാണപ്പെടുന്നത്. മേപ്ൾ നന്നേ കുറവാണ്. ഇവയുടെ മഞ്ഞ, ഓറഞ്ച്, ചുവപ്പ് നിറത്തിലുള്ള വർണമാറ്റം വളരെ മനോഹരമാണ്. വർഷത്തിൽ ഏതാനും ദിവസങ്ങൾ അല്ലെങ്കിൽ ആഴ്ചകൾ മാത്രമേ ഈ പ്രതിഭാസം നിലനിൽക്കൂ. തണുപ്പുകാലം (നവംബർ, ഡിസംബർ) ആരംഭിക്കുന്നതോടെ ഇല പൊഴിയൽ പ്രക്രിയ പൂർണമാകും. പിന്നെ മരങ്ങൾ വെറും തണ്ടും ചില്ലയുമായി മാറും. ഈ ഇലപൊഴിയും കാലം മനോഹരം തന്നെയാണ്. സഹിക്കാവുന്ന തണുപ്പേ ഉണ്ടാകൂ.

 

ഷാർജയിൽനിന്ന് എയർ അറേബ്യയിലായിരുന്നു യാത്ര. ഇറാന്റെ പ്രദേശങ്ങളായ ഇസ്ഫഹാൻ, ഷിറാസ് തുടങ്ങിയ പ്രദേശങ്ങൾക്ക് മുകളിലൂടെയാണ് പറക്കുന്നത്. കൂടാതെ മൗണ്ട് അരാരാത്തിന്റെ വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളും കാണാനായി. മഞ്ഞു മൂടിക്കിടക്കുന്ന ഗ്രേറ്റർ അരാരാത്തും ലിറ്റിൽ അരാരാത്തും മനോഹര കാഴ്ചകളാണ്. നോഹയുടെ പേടകം പ്രളയശേഷം അരാരാത്ത് പർവതത്തിനു മുകളിൽ തങ്ങിയെന്ന് വിശ്വസിക്കപ്പെടുന്നു. അരാരാത്ത് പർവതം അർമീനിയക്കാരുടെ നൊസ്റ്റാൾജിയയാണ്‌.

ഗാർണി ടെമ്പിൾ

അർമീനിയൻ യാത്രയിൽ പ്രധാനമായും കണ്ടിരിക്കേണ്ട ഒന്നാണ് ഗാർണി ടെമ്പിൾ. തലസ്ഥാന നഗരമായ യെരേവാനിൽനിന്ന് ഏകദേശം 30 കി.മീ കിഴക്കുമാറി സ്ഥിതിചെയ്യുന്ന ക്ലാസിക് നിർമിതിയാണ് ഗാർണി ടെമ്പിൾ. കൊട്ടായക് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ ഗാർണി ഗ്രാമത്തിലാണ് ഈ നിർമിതി. ഈ ഗ്രാമത്തിലെ ഒരു പ്രധാന കൃഷി മുന്തിരിയാണ്. ഇതുപയോഗിച്ച് അവർ വൈനും ബ്രാണ്ടിയുമൊക്കെ ധാരാളമായി ഉൽപാദിപ്പിക്കുന്നുണ്ട്. സി.ഇ ഒന്നാം നൂറ്റാണ്ടിൽ ട്രിഡേറ്റ്‌സ് ഒന്നാമൻ രാജാവ് സൂര്യ ദേവനായ മിഹിറിന്റെ (മിത്ര എന്നും അറിയപ്പെടും) നാമഥേയത്തിൽ പണികഴിപ്പിച്ച ക്ഷേത്രമാണിത്. 1979 ലെ ഭൂകമ്പത്തിൽ തകർന്നെങ്കിലും പുനർ നിർമിച്ചു. അർമീനിയൻ സംസ്‌കൃതിയുടെ അടയാളമായ ഗാർണി ടെമ്പിൾ ഇവിടത്തെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്.

സെവാൻ ലേക്

ലേക് സെവാൻ ധാരാളം വിനോദസഞ്ചാരികൾ എത്തുന്ന ടൂറിസ്റ്റ് സ്പോട്ടാണ്. തടാകക്കരയിൽ നിരവധി വഴിവാണിഭക്കാരുണ്ട്. സ്ത്രീകളും പ്രായമുള്ളവരുമാണ് കൂടുതലും. തടാകത്തിന്റെയും, ഗാർണി ടെമ്പിളിന്റെയും ഗിഗാർഡ് മൊണാസ്ട്രിയുടെയുമൊക്കെ സുവനീറുകളും പടങ്ങളുമൊക്കെയായിരുന്നു കൂടുതലും. കൂടാതെ രാജ്യത്തിനായി വീരമൃത്യു വരിച്ച ഭടന്മാരുടെ ചെറിയ ശിൽപങ്ങളുമുണ്ട്. വറുത്ത നട്ട്സ്, നീർമാതളം, ഓറഞ്ച് ജ്യൂസുകളും വിൽക്കുന്നവരുണ്ട്. ഇന്ത്യക്കാരാണെന്ന് പറഞ്ഞപ്പോൾ ഷോപ്പിലെ യുവതി ഗ്ലാസിൽ അൽപം വൈൻ പകർന്നുതന്നു. അവർ വിവിധ ഇനത്തിൽപെട്ട വൈനും ബിയറും വിൽക്കാൻ വെച്ചിരിക്കുന്നു. ഇവിടങ്ങളിൽ മദ്യത്തിന് പ്രത്യേകിച്ച് നിബന്ധനകളൊന്നുമില്ല.

ലാവാസും ഇഷ്‌കാനും

ലാവാസാണ് പ്രധാന ഭക്ഷണമായി ഉപയോഗിക്കുന്ന റൊട്ടി. ഗോതമ്പ് മാവ് ഉപയോഗിച്ച് തന്തൂരി അടുപ്പ് പോലുള്ള അടുപ്പിൽ ചുട്ടെടുക്കുന്നതാണ് ഈ തന്തൂരിയെക്കാളും നാനിനെക്കാളുമൊക്കെ വലുപ്പമുള്ളതും കട്ടികുറഞ്ഞതുമായ ഈ റൊട്ടി. സെവാൻ തടാകത്തിൽനിന്ന് പിടിക്കുന്ന സാൽമൺ മത്സ്യത്തിന്റെ ഇനത്തിൽപെട്ട ട്രൗട് ഉപയോഗിച്ചുണ്ടാക്കുന്ന ഇഷ്‌കാൻ എന്ന വിഭവം ഇവിടെ പ്രശസ്തമാണ്. സാൽമണിന് വില കൂടുമ്പോൾ സാൽമൺ പ്രേമികളുടെ രണ്ടാമത്തെ ചോയ്‌സ് ആണ് ട്രൗട്. ടൂറിസ്റ്റ് സ്പോട്ടുകളിൽ ഇതിന് കൊള്ളവിലയാണ് ഈടാക്കുന്നത്. 18,0000 ദ്രാം (അർമീനിയൻ കറൻസി) ആണ് ഒരു ഇഷ്കാന് അവർ ഈടാക്കിയത്. അതായത് ഏകദേശം നാലായിരം രൂപ. കടൽ ഇല്ലാത്തതുകൊണ്ട് മത്സ്യത്തിന് ഇവിടെ വലിയ ക്ഷാമമാണ്. ആശ്രയിക്കുന്നത് ശുദ്ധജല മത്സ്യങ്ങളെതന്നെ. അതുകൊണ്ടുതന്നെ ഇവിടത്തുകാർ ചിക്കൻ, പോർക്ക്, മട്ടൺ മുതലായവയാണ് ഭക്ഷണത്തിൽ കൂടുതലായും ഉൾപ്പെടുത്തുന്നത്.

യെരേവാൻ, പിങ്ക് സിറ്റി

യെരേവാനാണ് തലസ്ഥാന നഗരം. വൃത്തിയുള്ളതും മനോഹരവുമാണ് യെരേവാൻ. ഉച്ചക്ക് 3.15നാണ് സ്വാരനോട്സ് എയർപോർട്ടിൽ ഇറങ്ങിയത്. അർതാഷേസ് കൈയിൽ പേരെഴുതിയ ഒരു ബോഡും പിടിച്ച് കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഏകദേശം മുപ്പത് മിനിറ്റ് ഡ്രൈവ് ചെയ്‌ത്‌ നഗരഹൃദയത്തിൽതന്നെ സ്ഥിതിചെയ്യുന്ന നാച്ചോ ഹോട്ടലിൽ ഞങ്ങൾ എത്തി. നല്ല വൃത്തിയും വെടിപ്പുമുള്ള ഹോട്ടൽ. നല്ല പെരുമാറ്റമുള്ള ജീവനക്കാർ. ഹോട്ടലിലെ പ്രാതലും ഹൃദ്യമായിരുന്നു.

 

യെരേവാൻ നമ്മുടെ ജയ്‌പൂർ നഗരത്തെപോലെ പിങ്ക് സിറ്റി എന്നും വിളിക്കപ്പെടുന്നു. പിങ്ക് നിറത്തിലുള്ള വോൾക്കാനിക്‌ കല്ലുകൾകൊണ്ട് പണിതതുകൊണ്ട് മൊത്തത്തിൽ പിങ്ക് നിറമാണ്. റിപ്പബ്ലിക് സ്‌ക്വയർ, ജീനോസൈഡ് മെമ്മോറിയൽ, അബോവിയാൻ സ്ട്രീറ്റ് തുടങ്ങിയവ ഇവിടെയാണ്.

ഗിഗാർഡ് മൊണാസ്ട്രി

ക്രിസ്തുമതം ഔദ്യോഗിക മതമായി സ്വീകരിച്ച ശേഷം എ.ഡി നാലാം നൂറ്റാണ്ടിലാണ് ഈ മൊണാസ്ട്രിയുടെ പണി തുടങ്ങുന്നത് അത് പിന്നീട് പതിനാലാം നൂറ്റാണ്ടിലും നിർമിതികൾ തുടർന്നുകൊണ്ടിരുന്നു എന്ന് പറയപ്പെടുന്നു. ഐറിവാൻക് എന്നാണ് ഈ മൊണാസ്ട്രി അറിയപ്പെട്ടിരുന്നത്. ഗുഹയിലെ മൊണാസ്ട്രി എന്നാണ് അർഥം. അതിനുകാരണം അതിന്റെ കൊത്തുപണികളും നിർമിതിയും പരിസ്ഥിതിയുമൊക്കെ തന്നെ. യുനെസ്കോ പൈതൃക പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. അസത് താഴ്വരയിലേക്കുള്ള പ്രവേശന കവാടത്തിലാണ് പർവതത്തിന്റെ പാർശ്വത്തിൽനിന്ന് കൊത്തിയെടുത്ത ഈ ആശ്രമം നിലകൊള്ളുന്നത്. ടൂറിസ്റ്റുകൾ ഇവിടെ എപ്പോഴും സജീവമാണ്.

.

Tags:    
News Summary - armenia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.