ഒമാൻ ക്രിക്കറ്റ് താരങ്ങൾ
മസ്കത്ത്: ഐ.സി.സി ട്വന്റി20 ലോകകപ്പ് യോഗ്യതമത്സരങ്ങൾക്ക് ഒരുങ്ങി ഒമാൻ. ഒക്ടോബർ എട്ടു മുതൽ 17 വരെ മസ്കത്തിലെ ആമിറാത്ത് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിലാണ് ഈസ്റ്റ് ഏഷ്യ-പസഫിക് (ഇ.എ.പി) യോഗ്യതമത്സരങ്ങൾ. യു.എ.ഇ, ഖത്തർ, മലേഷ്യ, നേപ്പാൾ, കുവൈത്ത്, ജപ്പാൻ, ഒമാൻ, സമോവ, പാപുവ ന്യൂ ഗിനിയ ടീമുകളാണ് ഈസ്റ്റ് ഏഷ്യ-പസഫിക് മേഖലയിൽ നിന്ന് മത്സരരംഗത്തുള്ളത്. ഇവ ഗ്രൂപ് തലത്തിലും തുടർന്നും ഏറ്റുമുട്ടും.
യു.എ.ഇ, ഖത്തർ, മലേഷ്യ (ഗ്രൂപ്പ് -എ), നേപ്പാൾ, കുവൈത്ത്, ജപ്പാൻ (ഗ്രൂപ്പ്- ബി), ഒമാൻ, സമോവ, പാപുവ ന്യൂ ഗിനിയ (ഗ്രൂപ്പ്- സി) എന്നിങ്ങനെയാണ് ഗ്രൂപ്പുകൾ. ഓരോ ഗ്രൂപ്പിലെയും മികച്ച രണ്ട് ടീമുകൾ സൂപ്പർ സിക്സ് ഘട്ടത്തിലേക്ക് മുന്നേറും. സൂപ്പർ സിക്സ് റൗണ്ടിൽ എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടി മികച്ച മൂന്ന് ടീമുകൾ 2026ലെ ട്വന്റി20 ലോകകപ്പിലേക്ക് യോഗ്യത നേടും. ഒക്ടോബർ എട്ടിന് സമോവക്കെതിരെയാണ് ഒമാന്റെ ആദ്യ മത്സരം. 10ന് പാപുവ ന്യൂ ഗിനിയയെയും നേരിടും. ഒക്ടോബർ 12 മുതൽ 17 വരെയാണ് സൂപ്പർ സിക്സ് റൗണ്ട് പോരാട്ടങ്ങൾ. ലോകകപ്പ് സ്വപ്നങ്ങളിൽ പ്രതീക്ഷ പുലർത്തി കഠിനപരിശീലനത്തിലാണ് ഒമാൻ ടീം. ഏഷ്യാ കപ്പിലും നാട്ടിൽ കുവൈത്തിനെതിരെയും മികച്ച പ്രകടനം കാഴ്ചവെക്കാനായത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. മത്സരത്തിനായി തങ്ങൾ പൂർണമായി തയാറായിക്കഴിഞ്ഞതായി കോച്ച് ദുലീപ് മെൻഡിസും ഉപ കോച്ച് സുലക്ഷൻ കുൽക്കർണിയും പറഞ്ഞു. ഒമാൻ ഇതുവരെയായി മൂന്ന് തവണ ട്വന്റി20 ലോകകപ്പ് കളിച്ചിട്ടുണ്ട്. ഏഷ്യാകപ്പിൽ ഇന്ത്യക്കും പാകിസ്താനുമെതിരെ കളിച്ച അനുഭവങ്ങൾ തങ്ങളുടെ കുട്ടികൾക്ക് ഗുണം ചെയ്യുമെന്നാണ് കോച്ച് കണക്കുകൂട്ടുന്നത്. ഇന്ത്യക്കെതിരെ കളിച്ചതുപോലെ ബാറ്റർമാരും ബൗളർമാരും ഒരേ ഫോമിലെത്തുകയാണെങ്കിൽ ലോകക്രിക്കറ്റിന്റെ ആഗോളവേദിയിലേക്ക് ഒരിക്കൽകൂടി റെഡ്വാരിയേഴ്സിന് നിഷ്പ്രയാസം കടന്നുകയറാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.