ഇഷാനോ അഭിഷേകോ അല്ല! ബൗളർമാരുടെ പേടിസ്വപ്നം 32കാരനായ ബാറ്ററെന്ന് സുനിൽ ഗവാസ്കർ

മുംബൈ: ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിച്ച് ആധികാരികമായാണ് ഇന്ത്യ ട്വന്‍റി20 ലോകകപ്പ് സൂപ്പർ എട്ടിലേക്ക് കടന്നത്. ഓപ്പണിങ്ങിൽ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ മികച്ച ഫോമിൽ കളിക്കുമ്പോൾ, വൻ പ്രതീക്ഷയോടെ ടൂർണമെന്‍റ് കളിക്കാനെത്തിയ സഹഓപ്പണറായ അഭിഷേക് നിരാശപ്പെടുത്തുകയാണ്.

ടൂർണമെന്‍റിൽ ഇന്ത്യയുടെ വെടിക്കെട്ട് ബാറ്ററാകുമെന്ന പ്രതീക്ഷിച്ചിരുന്ന അഭിഷേക് കളിച്ച മൂന്നു മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായി. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ തകർത്തടിച്ച ഒന്നാം നമ്പർ ട്വന്‍റി20 ബാറ്റർ, സൂപ്പർ എട്ടിലേക്ക് കടക്കുമ്പോഴും ബൗളർമാരുടെ പേടിസ്വപ്നം തന്നെയാണ്. എന്നാൽ, പന്തെറിയാൻ ഏറ്റവും ബുദ്ധിമുട്ടേറിയ ബാറ്റർ ഇന്ത്യയുടെ മധ്യനിര താരം ശിവം ദുബെയാണെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ പറയുന്നു. വ്യത്യസ്ത ഷോട്ടുകൾ കളിക്കുന്ന ദുബെക്കെതിരെ പന്തെറിയുക ഒരു ബൗളറെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസമാണെന്നും ഗവാസ്കർ പറയുന്നു. നെതർലൻഡ്സിനെതിരായ അവസാന ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിൽ 66 റൺസ് നേടി ഇന്ത്യയുടെ വിജയത്തിന്‍റെ നട്ടെല്ലായത് ദുബെയായിരുന്നു.

‘ശിവം ദുബെക്ക് പന്തെറിയാൻ വളരെ ബുദ്ധിമുട്ടാണ്, കാരണം അദ്ദേഹത്തിന് വൈവിധ്യമാർന്ന ഷോട്ടുകൾ കളിക്കാനാകും. നിങ്ങൾ ഓഫ് സ്റ്റമ്പിന് പുറത്ത് പന്തെറിഞ്ഞാൽ താരത്തിന് ലോങ് ഓണിൽ അടിച്ചു പറത്താനുള്ള ശക്തിയുണ്ട്. മിഡ് വിക്കറ്റിലും സ്ക്വയർ ലെഗിലും മാത്രമല്ല ദുബെക്ക് ലോങ് ഓഫിലും കളിക്കാനാകും. എക്സ്ട്രാ കവറിൽ ഇൻസൈഡ്-ഔട്ട് ഷോട്ട് കൂടി കളിക്കാൻ കഠിനാധ്വാനം ചെയ്താൽ, ഏറ്റവും അപകടകാരിയായ ബാറ്ററാകും. അങ്ങനെ ഗ്രൗണ്ടിന്റെ ഏത് ഭാഗത്തേക്കും ഷോട്ടുകൾ പായിക്കാൻ കഴിവുള്ള താരമാകും. ശിവം ദുബെ ഓരോ ഇന്നിങ്സിലും ബാറ്റിങ്ങിൽ പക്വത കാണിക്കുന്നത് ഇന്ത്യക്ക് വലിയ പ്രതീക്ഷ നൽകുന്നു’ -സുനിൽ ഗവാസ്കർ പ്രതികരിച്ചു.

ട്വന്‍റി20 ലോകകപ്പ് കിരീടം നിലനിർത്താൻ ല‍ക്ഷ്യമിടുന്ന ഇന്ത്യക്ക് സൂപ്പർ എട്ടിൽ പോരാട്ടം കനക്കും. മികച്ച ഫോമിലുള്ള മൂന്ന്‌ ടീമുകളാണ്‌ ഗ്രൂപ്പിൽ ഒപ്പമുള്ളത്‌. ഞായറാഴ്‌ച അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്കക്കെതിരെയാണ്‌ ഇന്ത്യയുടെ ആദ്യ മത്സരം. 26ന്‌ സിംബാബ്‌വേയെയും മാർച്ച്‌ ഒന്നിന്‌ വെസ്‌റ്റിൻഡീസിനെയും നേരിടും. കഴിഞ്ഞതവണ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചാണ്‌ ഇന്ത്യ ലോകകപ്പ്‌ നേടിയത്‌. പാകിസ്താൻ, ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ് എന്നീ ടീമുകളാണ് രണ്ടാമത്തെ ഗ്രൂപ്പിലുള്ളത്.

Tags:    
News Summary - Sunil Gavaskar Names 32-Year-Old As Most Difficult To Bowl To

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.