ന്യൂഡൽഹി: അഭിഷേക് ശർമ്മയെ പിന്തുണച്ച് സുനിൽ ഗവാസ്കർ. തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ ഡക്കായതിന് പിന്നാലെയാണ് അഭിഷേകിനെ പിന്തുണച്ച് ഗവാസ്കർ രംഗത്തെത്തിയത്. അഭിഷേക് ശർമ്മ മികച്ച കളിക്കാരനാണ്. പക്ഷേ, പ്രതീക്ഷകളുടെ ഭാരം അദ്ദേഹത്തിന് മുകളിലുണ്ട്. മികച്ച സിക്സ് ഹിറ്ററെന്ന നിലയിലും ബാറ്ററെന്ന നിലയിലും അഭിഷേകിന് മുകളിൽ വലിയ സമ്മർദമുണ്ടെന്ന് സുനിൽ ഗവാസ്കർ പറഞ്ഞു.
ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ സിക്സറോ ബൗണ്ടറിയോ നേടാൻ അഭിഷേക് ശ്രമിക്കരുത്. മികച്ച ഷോട്ടുകൾക്കുള്ള അവസരം വന്നാൽ കളിക്കണം. എന്നാൽ വമ്പൻ ഷോട്ടുകൾക്ക് അഭിഷേകിനെ നിർബന്ധിക്കരുതെന്ന് ഗവാസ്കർ പറഞ്ഞു. ഐ.സി.സി ട്വന്റി 20 ലോകകപ്പിൽ ഇതുവരെ ഫോമിലേക്ക് ഉയരാൻ അഭിഷേക് ശർമ്മ കഴിഞ്ഞിട്ടില്ല. തുടർച്ചയായ മൂന്ന് മത്സരങ്ങളിലും അഭിഷേക് ഡക്കായിരുന്നു.
ഇന്നിങ്സിന്റെ തുടക്കത്തിൽ കുറച്ച് ഡോഡ് ബോളുകൾ വന്നാലും അത് പ്രശ്നമാക്കേണ്ട. വമ്പനടികൾ തുടങ്ങാനായി ഒന്നോ രണ്ടോ ഓവർ കാത്തിരുന്നാലും പ്രശ്നമില്ലെന്നും സുനിൽ ഗവാസ്കർ പറഞ്ഞു.
ട്വന്റി 20 ലോകകപ്പിൽ ഫാസ്റ്റ് ബൗളിങ്ങിനിടേയും സ്പിന്നർമാർക്കെതിരെയും അഭിഷേക് പരാജയപ്പെട്ടിരുന്നു. യു.എസ്.എക്കെതിരായ മത്സരത്തിൽ ഫാസ്റ്റ് ബൗളറാണ് അഭിഷേകിനെ പുറത്താക്കിയത്. പാകിസ്താനെതിരെയും നെതർലാൻഡിനെതിരായുള്ള മത്സരങ്ങളിൽ ഓഫ് സ്പിന്നർക്ക് മുന്നിലാണ് അഭിഷേക് വീണത്. ട്വന്റി 20 ലോകകപ്പ് പോലുള്ള വമ്പൻ വേദിയിൽ റണ്ണെടുക്കാൻ സാധിക്കാതെ ഉഴറുന്ന അഭിഷേകിന്റെ ഫോം ഇന്ത്യൻ ടീമിനും വലിയ തിരിച്ചടിയാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.