കൊൽക്കത്ത: ട്വന്‍റി20 ലോകകപ്പിൽ തങ്ങളുടെ അവസാന ഗ്രൂപ്പുഘട്ട മത്സരത്തിൽ ഇറ്റലിക്കെതിരെ വെസ്റ്റിൻഡീസിന് ആധികാരിക ജയം. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന മത്സരത്തിൽ 42 റൺസിനാണ് വെസ്റ്റ് ഇൻഡീസ് അസൂറികളെ പരാജയപ്പെടുത്തിയത്. ജയത്തോടെ ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളും വിജയിച്ച വെസ്റ്റിൻഡീസ് ഒന്നാമന്മാരായാണ് സൂപ്പർ 8 ഘട്ടത്തിലേക്ക് കടക്കുന്നത്. സ്കോർ: വെസ്റ്റിൻഡീസ്: 20 ഓവറിൽ ആറിന് 165, ഇറ്റലി -18 ഓവറിൽ 123ന് പുറത്ത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസിന് വേണ്ടി നായകൻ ഷായ് ഹോപ് മികച്ച പ്രകടനം കാഴ്ചവെച്ചു. 46 പന്തുകളിൽ നിന്ന് 75 റൺസെടുത്ത ഹോപ്പാണ് ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരവും താരം സ്വന്തമാക്കി. വെസ്റ്റിൻഡീസിനായി ബൗളിങ് നിരയിൽ ഷമർ ജോസഫും തിളങ്ങി. 30 റൺസ് വഴങ്ങി നാല് വിക്കറ്റുകളാണ് ഷമർ ജോസഫ് വീഴ്ത്തിയത്. ഫീൽഡിങ്ങിനിടെ നാല് ക്യാച്ചുകളും താരം സ്വന്തമാക്കി. മാത്യു ഫോർഡ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി മികച്ച പിന്തുണ നൽകി.
166 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇറ്റലിക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി. ഇറ്റാലിയൻ നിരയിൽ ആർക്കും വലിയ സ്കോറുകൾ നേടാനായില്ല. 18 ഓവറിൽ 123 റൺസിന് എല്ലാവരും പുറത്തായി. ദക്ഷിണാഫ്രിക്കക്കും ഇന്ത്യക്കും ശേഷം ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും ജയിക്കുന്ന മൂന്നാമത്തെ ടീമായി വിൻഡീസ് മാറി. സൂപ്പർ എട്ടിൽ 23ന് സിംബാബ്‌വെയെ നേരിടും. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. ടൂർണമെന്റിൽ ഒരു ജയം മാത്രം നേടിയാണ് ഇറ്റലി മടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.