അർധ സെഞ്ച്വറി നേടിയ ബ്രയാൻ ബെന്നറ്റിന്‍റെ ബാറ്റിങ്
കൊളംബോ: ട്വന്‍റി20 ലോകകപ്പിൽ സിംബാബ്‌വെക്ക് വീണ്ടും അട്ടിമറി വിജയം. നേരത്തെ മുൻ ചാമ്പ്യന്മാരായ ആസ്ട്രേലിയയെ അട്ടിമറിച്ച സിംബാബ്‌വെക്ക് മുന്നിൽ ഇത്തവണ വീണത് ആതിഥേയരായ ശ്രീലങ്കയാണ്. കൊളംബോയിലെ സ്വന്തം കാണികൾക്കു മുന്നിൽ ലങ്കയുയർത്തിയ 179 റൺസിന്‍റെ വിജയലക്ഷ്യം മൂന്ന് പന്തുകൾ ശേഷിക്കേ സിംബാബ്‌വെ മറികടന്നു. ആറ് വിക്കറ്റിനാണ് സന്ദർശകരുടെ ജയം.
അപരാജിത അർധ സെഞ്ച്വറി നേടിയ ബ്രയാൻ ബെന്നറ്റ് (63*), ക്യാപ്റ്റൻ സിക്കന്ദർ റാസ (45) എന്നിവരാണ് സിംബാബ്‌വെയുടെ ബാറ്റിങ്ങിന് കരുത്തുപകർന്നത്. ഈ ലോകകപ്പിലെ കറുത്ത കുതിരകളെന്ന് നേരത്തെ തന്നെ വിശേഷണം നേടിയ ആഫ്രിക്കൻ ടീം ഇതോടെ ബി ഗ്രൂപ്പ് ചാമ്പ്യന്മാരായി. ഇരു ടീമുകളും നേരത്തെ തന്നെ സൂപ്പർ എട്ടിൽ സ്ഥാനമുറപ്പിച്ചിരുന്നു. സ്കോർ: ശ്രീലങ്ക -20 ഓവറിൽ ഏഴിന് 178, സിംബാബ്‌വെ -19.3 ഓവറിൽ നാലിന് 182.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്കക്ക് ഓപണർമാരായ കുശാൽ പെരേരയും (22) പാത്തും നിസ്സങ്കയും (62) ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ആദ്യ 4.5 ഓവറിൽ ഇവർ 54 റൺസ് കൂട്ടിച്ചേർത്തു. പവർപ്ലേ അവസാനിക്കുമ്പോൾ ശ്രീലങ്ക ഒരു വിക്കറ്റ് നഷ്ടത്തിൽ 61 റൺസ് എന്ന നിലയിലായിരുന്നു. എന്നാൽ മധ്യ ഓവറുകളിൽ സിംബാബ്‌വെ സ്പിന്നർമാർ പിച്ചിന്റെ ആനുകൂല്യം മുതലെടുത്ത് ശ്രീലങ്കൻ ബാറ്റർമാരെ പിടിച്ചുകെട്ടി. അവസാന ഓവറുകളിൽ ദുനിത് വെല്ലാലഗെ നടത്തിയ വെടിക്കെട്ടാണ് ലങ്കയെ 178ൽ എത്തിച്ചത്. സിംബാബ്‌വെക്കായി ഗ്രെയിം ക്രീമർ, ബ്രാഡ് ഇവാൻസ്, ബ്ലെസിംഗ് മുസറബാനി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
179 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്‌വെയ്ക്കായി ബ്രയാൻ ബെന്നറ്റും സിക്കന്ദർ റാസയും ഉജ്ജ്വലമായ ബാറ്റിങ്ങാണ് പുറത്തെടുത്തത്. ഓപ്പണർമാരായ ബ്രയാൻ ബെന്നറ്റും തദിവനാഷെ മരുമാനിയും ചേർന്ന് ഒന്നാം വിക്കറ്റിൽ 69 റൺസ് കൂട്ടിച്ചേർത്തു. ബ്രയാൻ ബെന്നറ്റ് തുടർച്ചയായ രണ്ടാം അർധ സെഞ്ച്വറിയാണ് കൊളംബോയിൽ കുറിച്ചത്. അവസാന ഓവറുകളിൽ തകർത്തടിച്ച റാസ ടീമിനെ വിജയത്തോടടുപ്പിച്ചു. ദുഷാൻ ഹേമന്തയുടെ 15-ാം ഓവറിലും മഹീഷ് തീക്ഷണ എറിഞ്ഞ 16-ാം ഓവറിലും ബൗണ്ടറികൾ കണ്ടെത്തിയ റാസ മത്സരം സിംബാബ്‌വെയുടെ നിയന്ത്രണത്തിലാക്കി.
അവസാന ഓവറിൽ ജയിക്കാൻ എട്ട് റൺസ് വേണമെന്നിരിക്കെ, മഹീഷ് തീക്ഷണ എറിഞ്ഞ ആദ്യ പന്തിൽ തന്നെ ടോണി മുന്യോംഗ സിക്സർ പറത്തി സിംബാബ്‌വെയുടെ ജയം എളുപ്പമാക്കി. മൂന്നാം പന്തിൽ ഫോറിലൂടെ ബ്രയാൻ ബെന്നറ്റ് ജയം ഉറപ്പാക്കി. 26 പന്തിൽ 45 റൺസ് നേടിയ സിംബാബ്‌വെ ക്യാപ്റ്റൻ സിക്കന്ദർ റാസയാണ് കളിയിലെ താരം. സ്വന്തം നാട്ടിൽ നടന്ന മത്സരത്തിൽ തോൽവി വഴങ്ങിയത് ശ്രീലങ്കക്ക് വലിയ തിരിച്ചടിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.