കാൻബെറ: ആസ്ട്രേലിയക്കെതിരായ രണ്ടാം വനിത ട്വന്‍റി20യിൽ ഇന്ത്യക്ക് തോൽവി. കാൻബെറയിൽ നടന്ന മത്സരത്തിൽ 19 റൺസിനാണ് ആതിഥേയരുടെ ജയം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുക്കാനെ കഴിഞ്ഞുള്ളു. ഇതോടെ മൂന്നു മത്സര പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമായി. ആദ്യ മത്സരം ഇന്ത്യ 21 റൺസിന് ജയിച്ചിരുന്നു. ഓപ്പണർ ജോർജിയ വോളിന്‍റെ വെടിക്കെട്ട് അർധ സെഞ്ച്വറിയാണ് ഓസീസിനെ പൊരുതാനുള്ള സ്കോറിലെത്തിച്ചത്. 57 പന്തിൽ ഒരു സിക്സും 11 ഫോറുമടക്കം 88 റൺസെടുത്താണ് താരം പുറത്തായത്. സഹ ഓപ്പണർ ബേത്ത് മൂണിയും (39 പന്തിൽ 46) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
ഒന്നാം വിക്കറ്റിൽ 14.5 ഓവറിൽ 128 റൺസാണ് ഇരുവരും അടിച്ചെടുത്തത്. പിന്നീട് വന്നവർക്കൊന്നും ക്രീസിൽ നിലയുറപ്പിക്കാനായില്ല. ഫൊയെബി ലിച്ച്ഫീൽഡ് (അഞ്ചു പന്തിൽ ആറ്), എല്ലിസി പെരി (10 പന്തിൽ ഏഴ്), ജോർജിയ വരെഹാം (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ആഷ്ലി ഗാർഡ്നർ ഒമ്പത് പന്തിൽ 10 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി അരുന്ദതി റെഡ്ഡി രണ്ടു വിക്കറ്റെടുത്തു. മറുപടി ബാറ്റിങ്ങിൽ ഷെഫാലി വർമയും സ്മൃതി മന്ദാനയും ഇന്ത്യക്ക് മികച്ച തുടക്കം നൽകിയെങ്കിലും പിന്നാലെ ക്രീസിലെത്തിയവരിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനു മാത്രമാണ് പിടിച്ചുനിൽക്കാനായത്. ഷെഫാലി 23 പന്തിൽ 29 റൺസും മന്ദാന 24 പന്തിൽ 31 റൺസും എടുത്താണ് പുറത്തായത്. ഒന്നാം വിക്കറ്റിൽ 6.4 ഓവറിൽ 57 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയാണ് ഇരുവരും പിരിഞ്ഞത്.
30 പന്തിൽ അഞ്ചു ഫോറടക്കം 36 റൺസെടുത്ത ഹാർമൻപ്രീതാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ജെമീമ റോഡ്രിഗസ് (ആറു പന്തിൽ നാല്), റിച്ച ഘോഷ് (20 പന്തിൽ 19), അമൻജോത് കൗർ (ആറു പന്തിൽ മൂന്ന്), ദീപ്തി ശർമ (പൂജ്യം), അരുന്ദതി റെഡ്ഡി (രണ്ടു പന്തിൽ രണ്ട്), ശ്രീ ചരണി (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. അഞ്ചു പന്തിൽ 12 റൺസുമായി ക്രാന്തി ഗൗഡും ഒരു റണ്ണുമായി രേണുക സിങ്ങും പുറത്താകാതെ നിന്നു.
ഓസീസിനായി ആഷ്ലി ഗാർഡ്‌നർ മൂന്നു വിക്കറ്റും കിം ഗാർത്, അന്നാബെൽ സുതർലാൻഡ്, സോഫി മൊളിനോക്സ് എന്നിവർ രണ്ടു വിക്കറ്റ് വീതവും നേടി. അതേസമയം, വനിത അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ മൂന്നു ഫോർമാറ്റിലും ഒരു ടീമിനെ ഏറ്റവും കൂടുതൽ നയിക്കുന്ന താരമെന്ന റെക്കോഡ് ഹർമൻപ്രീത് സ്വന്തമാക്കി. മൂന്നു ഫോർമാറ്റിലുമായി 356 മത്സരങ്ങളിലാണ് ഹർമൻപ്രീത് ഇന്ത്യയെ ഇതുവരെ നയിച്ചത്. ന്യൂസിലൻഡിന്‍റെ സൂസീ ബാറ്റ്സിന്‍റെ റെക്കോഡാണ് (355) താരം മറികടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.