ലഖ്നോ: ഉത്തർപ്രദേശിൽ ക്രിക്കറ്റ് മത്സരം നിയന്ത്രിക്കുന്നതിനിടെ തേനീച്ച ആക്രമണത്തിൽ അമ്പയർക്ക് ദാരുണാന്ത്യം. കാൻപുർ ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) അംഗമായ മണിക് ഗുപ്തയാണ് (60) മരിച്ചത്. ഉന്നാവിലെ രാഹുൽ സപ്രു സ്റ്റേഡിയത്തിൽ അണ്ടർ 13 ലീഗ് മത്സരത്തിനിടെയാണ് സംഭവം.
കുടിവെള്ള ഇടവേളയിൽ സഹ അമ്പയറുമായി സംസാരിക്കുന്നതിനിടെയാണ് പൊടുന്നനെ തേനിച്ചക്കൂട്ടം മണിക്കിനെ ആക്രമിക്കുന്നത്. ഈ സമയം ഗ്രൗണ്ടിലുണ്ടായിരുന്നവരെല്ലാം ഓടി രക്ഷപ്പെട്ടെങ്കിലും മണിക്ക് നിലത്തുവീണു. പിന്നാലെ മണിക്കിനെ തേനീച്ച കൂട്ടമായി ആക്രമിക്കുകയായിരുന്നു. സംസ്ഥാന പാനലിലുള്ള മണിക്ക് 30 വർഷമായി അമ്പയറിങ് രംഗത്തുണ്ട്. മത്സരം പൂർത്തിയാക്കിയ മണിക്, മറ്റൊരു മത്സരം നിയന്ത്രിച്ചിരുന്നു സുഹൃത്തായ അമ്പയറുമായി കുടിവെള്ള ഇടവേളയിൽ സംസാരിക്കുന്നതിനിടെ തേനീച്ച ആക്രമിക്കുകയായിരുന്നെന്ന് സഹോദരൻ അമിത് കുമാർ ഗുപ്ത പറഞ്ഞു.
മണിക് തന്‍റെ ജീവിതം മുഴുവൻ അമ്പയറിങ് കരിയറിനായി സമർപ്പിച്ച വ്യക്തിയായിരുന്നുവെന്ന് അയൽവസിയായ ഭർതേന്ദു പുരി പ്രതികരിച്ചു. തേനീച്ച ആക്രമണത്തിൽ 20ഓളം പേർക്ക് പരിക്കേറ്റു. മണിക്കിനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ കാൻപുർ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റ് എസ്.എൻ. സിങ് ഞെട്ടൽ രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.