ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനെയടക്കം ചട്ടക്കൂടിൽ കൊണ്ടുവരുന്ന ദേശീയ സ്പോർട്സ് ഗവേണൻസ് ബിൽ കേന്ദ്ര കായിക മന്ത്രി മൻസൂഖ് മാണ്ഡവ്യ ലോക്സഭയിൽ അവതരിപ്പിച്ചു. കായികമേഖലയുടെ ശാക്തീകരണവും ആഗോളതലത്തിൽ തിളക്കമാർന്ന സാന്നിധ്യത്തിലേക്ക് നയിക്കലും ലക്ഷ്യമിട്ടാണ് ബിൽ.
കായിക തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനായി ആഗോള കായിക തർക്ക പരിഹാര കോടതി മാതൃകയിൽ സ്പോർട്സ് ട്രൈബ്യൂണൽ സ്ഥാപിക്കും. നിരവധി ദേശീയ ഫെഡറേഷനുകൾ വർഷങ്ങളായി നിയമക്കുരുക്കിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ ഓരോ ദേശീയ കായിക സംഘടനയിലും സുതാര്യവും സമയബന്ധിതമായും തിരഞ്ഞെടുപ്പ് നടത്താൻ കേന്ദ്ര സർക്കാർ നിയോഗിക്കുന്ന കായിക തെരഞ്ഞെടുപ്പ് സമിതിയുണ്ടാവും.
ഒരു കായിക ഇനത്തിന് ഒരു ദേശീയ ഭരണസമിതി മാത്രമേ പാടുള്ളൂവെന്ന് ബിൽ നിർദേശിക്കുന്നു. ഭാരവാഹികൾക്ക് പരമാവധി മൂന്ന് തവണ മാത്രമേ തുടർച്ചയായി സ്ഥാനം വഹിക്കാൻ സാധിക്കൂ. കായിക ഫെഡറേഷനുകളുടെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾക്ക് 75 വയസ്സുവരെ തുടരാം. നിലവിൽ ഇത് 70 ആണ്.
വനിതകൾക്കും പ്രായപൂർത്തിയാകാത്ത താരങ്ങൾക്കും സംരക്ഷണവും സുരക്ഷയും ഉറപ്പാക്കുന്നതിന് സേഫ് സ്പോർട്സ് പോളിസി പുറത്തിറക്കും. കായിക തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിന് രൂപവത്കരിക്കുന്ന മൂന്നംഗ ട്രൈബ്യൂണലിന് വിരമിച്ച സുപ്രീംകോടതി ജഡ്ജി അധ്യക്ഷനാകും. കായിക സംഘടനകൾ പേരിലും ലോഗോയിലും ‘ഇന്ത്യ, ഇന്ത്യൻ, നാഷനൽ’ എന്നീ വാക്കുകൾ ഉപയോഗിക്കുന്നതിന് കേന്ദ്ര സർക്കാറിന്റെ അനുമതി വാങ്ങണമെന്നും ബിൽ നിർദേശിക്കുന്നു.
ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിക്ക് (നാഡ) കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം നൽകുന്നതാണ് ദേശീയ ഉത്തേജക വിരുദ്ധ (ഭേദഗതി) ബിൽ. ഉത്തേജക വിരുദ്ധ ദേശീയ ബോർഡ് നിലനിർത്തിയിട്ടുണ്ട്. എന്നാൽ, നാഡ അപ്പീൽ പാനൽ ഇനിമേൽ അതിന്റെ അധികാരപരിധിയിൽ ഉണ്ടാകില്ല. അപ്പീൽ പാനൽ രൂപവത്കരിക്കാനും നാഡയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും ബോർഡിന് മുമ്പ് അധികാരമുണ്ടായിരുന്നു.
നാഡയുടെ സ്വയംഭരണാവകാശം ഉറപ്പാക്കുന്ന ഭേദഗതി ബില്ലിൽ ഈ വ്യവസ്ഥ ഒഴിവാക്കി. അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജൻസി (വാഡ) നിർദേശങ്ങൾ കണക്കിലെടുത്താണ് ഭേദഗതികൾ. ഡയറക്ടർ ജനറലിനും ഏജൻസിയിലെ സ്റ്റാഫ് അംഗത്തിനുമെല്ലാം ദേശീയ സ്പോർട്സ് ഫെഡറേഷൻ, അന്താരാഷ്ട്ര ഫെഡറേഷൻ, ദേശീയ ഒളിമ്പിക് കമ്മിറ്റി, ദേശീയ പാരാലിമ്പിക് കമ്മിറ്റി, സർക്കാർ വകുപ്പ് എന്നിവയിൽനിന്ന് പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്ന് ബില്ലിൽ പറയുന്നു.
ലോകത്തെ ഏറ്റവും സമ്പന്നമായ കായിക ഭരണസമിതികളിലൊന്നായ ബി.സി.സി.ഐയും ബില്ലിന്റെ പരിധിയിൽ വരുമെന്നതാണ് പ്രധാന സവിശേഷത. ക്രിക്കറ്റ് കോൺട്രോൾ ബോർഡിന് സ്വയംഭരണാവകാശമുള്ള സ്ഥാപനമായി തുടരാം. എന്നാൽ, ഭരണസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ്, ഭരണപരമായ തീരുമാനങ്ങൾ, കായിക താരങ്ങളുടെ ക്ഷേമം, പരാതി പരിഹാരം തുടങ്ങിയ ചട്ടങ്ങൾ രാജ്യത്തെ കായിക സംഘടനകൾക്ക് ഒരുപോലെ ബാധകമാണ്.
അതേസമയം, ബില്ലിനെക്കുറിച്ച് വിശദമായി പഠിച്ചശേഷം പ്രതികരിക്കാമെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡന്റും രാജ്യസഭാംഗവുമായ രാജീവ് ശുക്ല പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.