ബാങ്കോക്ക്: ഏഷ്യൻ അത് ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം ദിനം നേട്ടം കൊയ്ത് ഇന്ത്യ. മൂന്നു സ്വർണവും രണ്ട് വെങ്കലവും വ്യാഴാഴ്ച ലഭിച്ചു. വനിതകളുടെ 100 മീറ്റർ ഹർഡ്ൽസിൽ ജ്യോതി യാരാജിയാണ് സ്വർണ മെഡൽ അക്കൗണ്ട് തുറന്നത്. തുടർന്ന് പുരുഷന്മാരുടെ 1500 മീറ്ററിൽ അജയ്കുമാർ സരോജും ട്രിപ്ൾ ജംപിൽ മലയാളി താരം അബ്ദുല്ല അബൂബക്കറും ജേതാക്കളായി. ഡെക്കാത്തലണിൽ തേജശ്വിൻ ശങ്കറും വനിത 400 മീറ്ററിൽ ഐശ്വര്യ മിശ്രയും വെങ്കലം നേടി. ആകെ മൂന്നു വീതം സ്വർണവും വെങ്കലവുമായി ജപ്പാനും ചൈനക്കും പിന്നിൽ മൂന്നാമതാണ് ഇന്ത്യ.
സീസണിലെ മികച്ച പ്രകടനമായ 16.92 മീറ്റർ ചാടിയാണ് കോഴിക്കോട് നാദാപുരം സ്വദേശി അബ്ദുല്ല അബൂബക്കർ ട്രിപ്ൾ ജംപ് സ്വർണത്തിലെത്തിയത്. ജപ്പാന്റെ ഹികാറു ഇകെഹാത (16.73) വെള്ളിയും ദക്ഷിണ കൊറിയയുടെ കിം ജാങ് വു (16.59) വെങ്കലവും കൈക്കലാക്കി. കഴിഞ്ഞ വർഷം നടന്ന കോമൺവെൽത്ത് ഗെയിംസിൽ സഹതാരം എൽദോസ് പോളിന് പിന്നിൽ രണ്ടാമനായി വെള്ളി നേടിയിരുന്നു അബ്ദുല്ല. എൽദോസിന്റെയും പ്രവീൺ ചിത്രവേലിന്റെയും അസാന്നിധ്യത്തിൽ ഇന്ത്യയുടെ പ്രതീക്ഷകളത്രയും മലയാളിതാരത്തിലായിരുന്നു.
2017ലെ ഏഷ്യൻ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണവും 2019ൽ വെള്ളിയും കരസ്ഥമാക്കിയ ഉത്തർപ്രദേശുകാരൻ അജയ്കുമാർ സരോജ് ഇക്കുറി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 1500 മീറ്റർ മൂന്നു മിനിറ്റ് 41.51 സെക്കൻഡിലാണ് പൂർത്തിയാക്കിയത്. ഈ ഇനത്തിലെ മറ്റൊരു പ്രതീക്ഷയായിരുന്ന മലയാളി താരം ജിൻസൺ ജോൺസണിന് മെഡലില്ല. പുരുഷന്മാരുടെ 400 മീറ്റർ ഫൈനലിൽ മത്സരിച്ച കേരളീയൻ മുഹമ്മദ് അജ്മൽ നാലാം സ്ഥാനത്തായി.
സ്വന്തം പേരിലെ ദേശീയ റെക്കോഡ് പലവട്ടം തിരുത്തിയ ജ്യോതിയാണ് മഴയിൽ നനഞ്ഞ സുപാചലാസായി സ്റ്റേഡിയത്തിലെ ട്രാക്കിൽ ഇന്ത്യയുടെ സ്വർണക്കൊയ്ത്ത് തുടങ്ങിയത്. 100 മീറ്റർ ഹർഡ്ൽസിൽ ശക്തമായി ഭീഷണിയുയർത്തിയ ജാപ്പനീസ് താരങ്ങളുടെ വെല്ലുവിളി മറികടന്ന് ആന്ധ്രപ്രദേശ് വിശാഖപട്ടണം സ്വദേശിനി 13.09 സെക്കൻഡിൽ ഫിനിഷ് ചെയ്തു. ജപ്പാന്റെ അസൂക ടെരാഡ (13.13) വെള്ളിയും മസൂമി ആവോകി (13.13) വെങ്കലവും നേടി. മറ്റൊരു ഇന്ത്യൻ താരം നിത്യ രാംരാജ് നാലാമതായി. ജ്യോതിയുടെ ദേശീയ റെക്കോഡ് പ്രകടനം 12.82 സെക്കൻഡാണ്. വനിത 400 മീറ്റർ ഫൈനലിൽ 53.07 സെക്കൻഡിൽ ഓടിയെത്തിയാണ് ഐശ്വര്യ മിശ്ര വെങ്കലം നേടിയത്. ശ്രീലങ്കയുടെ രാമനായക നദീഷക്ക് സ്വർണവും ഉസ്ബെകിസ്താന്റെ ഫരീദ സോലീവക്ക് വെള്ളിയും ലഭിച്ചു. ഡെക്കാത്തലണിൽ ആദ്യദിനം മുന്നിലായിരുന്ന തേജശ്വിനെ (7527) മൂന്നാമതാക്കി ജപ്പാന്റെ യുമ മറുയാമ സ്വർണവും തായ്ലൻഡിന്റെ സുത്തിസാക് സിങ്കോൺ വെള്ളിയും സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.