ദുബൈ: മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന സംഘർഷങ്ങളെത്തുടർന്ന് ഗൾഫ് വ്യോമപാത അടച്ചതോടെ ദുബൈയിൽ കുടുങ്ങി ഇന്ത്യൻ ബാഡ്മിന്റൺ സൂപ്പർ താരം പി.വി സിന്ധു. ഇതോടെ ചൊവ്വാഴ്ച ആരംഭിക്കുന്ന സുപ്രധാന ടൂർണമെന്റായ ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ സിന്ധുവിന് പങ്കെടുക്കാനായേക്കില്ല. ശനിയാഴ്ച മുതൽ ദുബൈയിൽ കുടുങ്ങിക്കിടക്കുകയാണ് സിന്ധുവും സംഘവും. താരത്തിന്റെ താമസസ്ഥലത്തിന് സമീപം വലിയൊരു സ്ഫോടനം നടന്നുവെന്നും സിന്ധുവും ഇന്തോനേഷ്യൻ പരിശീലകൻ ഇർവാൻസ്യാ ആദി പ്രതാമ ഉൾപ്പെടുന്ന സംഘവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും റിപോർട്ടുകൾ വന്നിരുന്നു. ഗൾഫ് മേഖലയിൽ സംഘർഷം രൂക്ഷമായതോടെ നിലവിൽ ഇവരെ സുരക്ഷിതമായ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
എമിറേറ്റ്‌സ് വിമാനത്തിൽ ദുബൈ വഴി ബിർമിങ്ഹാമിലേക്ക് പോകാനിരുന്ന സിന്ധു, വിമാനത്താവളം അടച്ചതോടെയാണ് പ്രതിസന്ധിയിലായത്. ആദ്യ റൗണ്ടിൽ തായ്‌ലൻഡിന്റെ സുപാനിഡ കറ്റേതോങ്ങിനെയായിരുന്നു സിന്ധു നേരിടേണ്ടിയിരുന്നത്. സിന്ധുവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും, എന്നാൽ നിലവിലെ സാഹചര്യത്തിൽ താരം ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള സാധ്യത വളരെ കുറവാണെന്നും ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി സഞ്ജയ് മിശ്ര പ്രതികരിച്ചു. അതേസമയം, യാത്ര തടസ്സപ്പെട്ട താരങ്ങൾക്കായി മത്സരക്രമത്തിൽ മാറ്റം വരുത്താൻ തയ്യാറാണെന്ന് ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ അറിയിച്ചിട്ടുണ്ട്.
യാത്രാവിലക്ക് വരുന്നതിന് മുൻപ് വെള്ളിയാഴ്ച തന്നെ പുറപ്പെട്ടതിനാൽ ഇന്ത്യയുടെ പുരുഷ സിംഗിൾസ് താരം ലക്ഷ്യ സെൻ, ആയുഷ് ഷെട്ടി, സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യം, ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം എന്നിവർ ബിർമിങ്ഹാമിൽ സുരക്ഷിതമായി എത്തിയിട്ടുണ്ട്. വിമാനം റദ്ദാക്കിയതിനെ തുടർന്ന് ഇന്ത്യയുടെ മറ്റൊരു താരം ഉന്നതി ഹൂഡ സിംഗപ്പൂർ വഴിയാണ് ബിർമിങ്ഹാമിലേക്ക് യാത്ര തിരിച്ചത്.
എന്നാൽ, ഡൽഹിയിൽ നിന്ന് പോകേണ്ടിയിരുന്ന കോച്ച് വിമൽ കുമാർ യാത്രാപ്രതിസന്ധിയെത്തുടർന്ന് യാത്ര പൂർണ്ണമായും റദ്ദാക്കി. മുഖ്യ പരിശീലകൻ പുല്ലേല ഗോപിചന്ദ് ഇന്ന് രാത്രിയോടെ ടീമിനൊപ്പം ചേരും. സിന്ധുവിന്റെ പങ്കാളിത്തം അനിശ്ചിതത്വത്തിലായതോടെ ലക്ഷ്യ സെന്നാകും ഇന്ത്യൻ നിരയെ നയിക്കുക. ദുബൈയിൽ വിവിധ ഹോട്ടലുകളിലായി ഇരുപതിനായിരത്തോളം യാത്രക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണവും ഇറാന്റെ തിരിച്ചടിയും കാരണം ഗൾഫ് വ്യോമപാത വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.