ദക്ഷിണേശ്വർ സുരേഷ്
ബംഗളൂരു: ലിയാണ്ടർ പേസിനും മഹേഷ് ഭൂപതിക്കും ശേഷം ഇന്ത്യൻ പുരുഷ ടെന്നീസ് ആരാധകരുടെ മനസ്സിൽ കുറിച്ചിടാൻ ഒരു പുത്തൻ താരോദയം. രാജ്യം ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് ലഹരിയിൽ മുങ്ങിയിരിക്കെയായിരുന്നു ഡേവിസ് കപ്പ് ടെന്നീസിൽ രാജ്യത്തിന് അഭിമാനമായി ദക്ഷിണേശ്വർ സുരേഷ് എന്ന ആരാധകരുടെ ‘ഡി.കെ’ മിന്നുന്ന വിജയം നേടിയത്. നെതർലൻഡ്സിന്റെ ലോകോത്തര താരങ്ങൾ അണിനിരന്ന ടീമിനെ 3-2ന് തോൽപിച്ച് ഇന്ത്യക്ക് ക്വാളിഫയർ രണ്ടിൽ ഇടം നൽകാനും 25കാരനായ ദക്ഷിണേശ്വറിന് കഴിഞ്ഞു.
രണ്ട് സിംഗ്ൾസ് വിജയവും, യൂകി ഭാംബ്രിക്കൊപ്പം ഡബ്ൾസിലും ജയിച്ച് ദക്ഷിണേശ്വർ ഇന്ത്യൻ വിജയത്തിൽ കപ്പിത്താനായി. 2004ൽ ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാണ്ടർ പേസ് നേടിയതിനു സമാനമാണ് രണ്ട് സിംഗ്ൾസ് ഉൾപ്പെടെ തുടർച്ചയായ മൂന്ന് വിജയങ്ങളിൽ പങ്കാളിയായ ദക്ഷിണേശ്വറിന്റെ നേട്ടം.
465ാം റാങ്കുകാരനായ ഇന്ത്യൻ താരം, നെതർലൻഡ്സിന്റെ ടോപ് സീഡായ ഗേ ഡി ഔഡനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് അട്ടിമറി പ്രകടനം കാഴ്ചവെച്ചത്. സ്കോർ: 6-4, 7-6. ഇന്ത്യയും നെതർലൻഡുസും 2-2 എന്ന നിലയിൽ ഒപ്പത്തിനൊപ്പം നിൽക്കെയായിരുന്നു അഞ്ചാം റൗണ്ടിലെ മത്സരത്തിൽ ദക്ഷിണേശ്വറും ഗേ ഡെനും നേർക്കുനേർ പോരാട്ടത്തിനിറങ്ങിയത്. ആദ്യ സെറ്റിൽ പിന്നിൽ നിന്ന ശേഷം ജയിച്ചു ഇന്ത്യൻ താരം, രണ്ടാം സെറ്റിൽ ടൈബ്രേക്കറിൽ വിജയിച്ച് മത്സരം സ്വന്തമാക്കി. മറ്റൊരു സിംഗ്ൾസിൽ നെതർലൻഡ്സിന്റെ ജെസ്പിർ ഡി യോങ്ങിനെയും ദക്ഷിണേശ്വർ തോൽപിച്ചിരുന്നു. സ്കോർ: (6-4, 7-5). ഡബ്ൾസിൽ യൂകി ബാംഭ്രിക്കൊപ്പം മൂന്ന് സെറ്റ് മത്സരത്തിൽ വിജയിച്ചു.
മറ്റൊരു സിംഗ്ൾസ് താരം സുമിത് നാഗൽ രണ്ട് മത്സരങ്ങളിലും തോറ്റു.
ആറടി ആറിഞ്ച് ഉയരക്കാരനായ ദക്ഷിണേശ്വറിന്റെ കരുത്തുറ്റ സർവുകളും, എയ്സുമായിരുന്നു 80ാം റാങ്കുകാർ ഉൾപ്പെടെ മിന്നുന്ന വിജയത്തിന് അടിത്തറയൊരുക്കിയത്.
വേൾഡ് ക്വാളിഫയർ ഒന്നാം റൗണ്ടിലെ ജയവുമായി ഇന്ത്യ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.