ഓൾ ഇംഗ്ലണ്ട് ഓപ്പൺ; നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായ ഷി യുഖിയെ അട്ടിമറിച്ച് ലക്ഷ്യ സെൻ

ബർമിങ്ഹാം: ഓൾ ഇംഗ്ലണ്ട് ഓപ്പൺ 2026-ൽ ചരിത്ര വിജയവുമായി ഇന്ത്യൻ ബാഡ്മിന്റൺ താരം ലക്ഷ്യ സെൻ. ലോക ഒന്നാം നമ്പർ താരവും നിലവിലെ ചാമ്പ്യനുമായ ചൈനയുടെ ഷി യുഖിയെയാണ് ചൊവ്വാഴ്ച നടന്ന ആദ്യ റൗണ്ടിൽ ലക്ഷ്യ അട്ടിമറിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മൂന്ന് സെറ്റ് നീണ്ട മത്സരത്തിൽ 23-21, 19-21, 21-17 എന്ന സ്കോറിനാണ് ഇന്ത്യൻ താരത്തിന്റെ മിന്നും ജയം.

തോൽവിയിൽ തനിക്ക് അത്ഭുതമില്ലെന്നും, പരിക്കിനെ തുടർന്ന് ജനുവരി മുതൽ താൻ ടൂർണമെന്റുകളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നുവെന്നും ഷി യുഖി പ്രതികരിച്ചു. "ഇത്രയും കാലം കളിക്കാതിരിക്കുകയും, പുറംഭാഗത്തെ പരിക്ക് അലട്ടുകയും ചെയ്യുമ്പോൾ മത്സരത്തിൽ തോൽക്കുന്നത് സ്വാഭാവികമാണ്. കൈത്തണ്ടയ്ക്കും ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അതിനാൽ ഞാൻ എന്റെ മികച്ച ഫോമിലായിരുന്നില്ല," ലോക ഒന്നാം നമ്പർ താരം ബി.ഡബ്ല്യു.എഫിനോട് പറഞ്ഞു.

ടൂർണമെന്റിന് മുൻപ് വെറും ഒരാഴ്ച മാത്രമാണ് തനിക്ക് പരിശീലനം നടത്താനായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനുവരിയിൽ നടന്ന മലേഷ്യ ഓപ്പണിലാണ് മുപ്പതുകാരനായ ഷി യുഖി അവസാനമായി കളിച്ചത്. അന്ന് തായ്‌ലൻഡ് താരത്തിനെതിരായ ഫൈനൽ മത്സരത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് അദ്ദേഹം പിന്മാറുകയായിരുന്നു. 2023-ലെ തായ്‌ലൻഡ് ഓപ്പണിൽ ഇന്ത്യയുടെ കിരൺ ജോർജിനോട് തോറ്റതിന് ശേഷം ആദ്യമായാണ് ഷി യുക്വി ഒരു ടൂർണമെന്റിന്റെ ആദ്യ റൗണ്ടിൽ തന്നെ പുറത്താകുന്നത്.

കോർട്ടിലുടനീളം മികച്ച നീക്കങ്ങൾ നടത്തിയ ലക്ഷ്യ സെൻ, തീപ്പൊരി സ്മാഷുകളിലൂടെയാണ് എതിരാളിയെ വീഴ്ത്തിയത്. ലക്ഷ്യയുടെ സ്മാഷുകൾ കൃത്യതയാർന്നതായിരുന്നുവെന്നും അത് മത്സരത്തിൽ വലിയ സ്വാധീനം ചെലുത്തിയെന്നും കോച്ച് വിമൽ കുമാർ പറഞ്ഞു. "ലക്ഷ്യയുടെ അതിശക്തമായ സ്മാഷുകൾ ഷി യുഖി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. തുടക്കം മുതൽ തന്നെ ഓരോ പോയിന്റിനും വേണ്ടി ചൈനീസ് താരത്തെക്കൊണ്ട് കഠിനാധ്വാനം ചെയ്യിക്കാൻ അവന് സാധിച്ചു. ഇത് ഷി യുഖിയെ പെട്ടെന്ന് തളർത്തി. താരത്തിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്ന വിജയമാണിത്. ഇന്ത്യൻ ബാഡ്മിന്റണിന് ലക്ഷ്യ നൽകിയ മികച്ച ഹോളി സമ്മാനമാണിത്," വിമൽ കുമാർ വ്യക്തമാക്കി.

Tags:    
News Summary - Lakshya Sen stuns World Number 1 Shi Yuqi in thrilling All England Open opener

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.