മലപ്പുറം: കൂട്ടിലങ്ങാടി എം.എസ്.പി ഗ്രൗണ്ടിൽ ബുധനാഴ്ച ആരംഭിച്ച ഉപജില്ല കായികമേളക്ക് പ്രാഥമിക സൗകര്യങ്ങൾ ഒരുക്കിയിട്ടില്ലെന്ന് രക്ഷിതാക്കളുടെ പരാതി. നൂറോളം സ്കൂളുകളിൽനിന്നുള്ള ആയിക്കണക്കിന് വിദ്യാർഥികളാണ് കായിക മേളക്ക് ഗ്രൗണ്ടിൽ എത്തിയത്. എന്നാൽ ഇവർക്ക് ആവശ്യമായ കുടിവെള്ളം, ബാത്ത്റൂം സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല.
വിദ്യാർഥികളും രക്ഷിതാക്കളും കുടിവെള്ളത്തിനും മറ്റും സമീപത്തെ വീടുകളെയാണ് ആശ്രയിക്കുന്നത്. രാവിലെ മുതൽ വൈകീട്ട് വരെ നടക്കുന്ന ഉപജില്ല സ്കൂൾ കായിക മേള വെള്ളിയാഴ്ചയാണ് സമാപിക്കുന്നത്.
ബുധനാഴ്ച രാവിലെ ഏഴരക്ക് മാത്രമാണ് പന്തൽ, ലൈറ്റ് ഉൾപ്പെടെ സാധന സാമഗ്രികൾ എത്തിച്ചത്. അത്ലറ്റിക്സിനുള്ള ട്രാക്ക് വരച്ചതും രാവിലെയാണ്. കോവിഡ് കാരണം രണ്ട് വർഷമായി കായികമേള ഇല്ലായിരുന്നു. അരയോളം ഉയരത്തിലുള്ള മൈതാനത്തിലെ പുല്ല് അവ വെട്ടിമാറ്റുകയോ വൃത്തിയാക്കുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ ഇഴ ജന്തുക്കളുടെ ശല്യമുണ്ടായിരുന്നു. മഴ മൂലം ഗ്രൗണ്ടിന്റെ പല ഭാഗങ്ങളും ചളിക്കുളമാണ്. കോവിഡ് സമയത്ത് നടന്ന കുതിരയോട്ട മത്സരത്തിനുവേണ്ടിയാണ് ഗ്രൗണ്ട് അവസാനമായി വൃത്തിയാക്കിയത്.
ഉച്ചക്ക് ചോറ്, ചിക്കൻ കറി, സാമ്പാർ, ഉപ്പേരി എന്നിവയാണ് മെനുവിൽ അറിയിച്ചിരുന്നെങ്കിലും ചോറും സാമ്പാറും ഉപ്പേരിയും മാത്രമായിരുന്നു നൽകിയത്. കൂടാതെ ഉച്ചക്ക് വൈകി ഭക്ഷണം വിളമ്പിയതിനാൽ കുട്ടികളുടെ വൻ തിരക്കായിരുന്നു. ചില കുട്ടികൾ തിക്കിലും തിരക്കിലും പെട്ട് വീണു.
പരാതിക്കിടയാക്കിയത് അവസാന നിമിഷം, വേദി മാറ്റിയത് -എ.ഇ.ഒ
മലപ്പുറം: കായിക മേളക്ക് നിശ്ചയിച്ചിരുന്ന എം.എസ്.പി എൽ.പി സ്കൂൾ ഗ്രൗണ്ട് അവസാന നിമിഷം മാറ്റിയതാണ് പരാതിക്കിടയാക്കിയതെന്ന് മലപ്പുറം എ.ഇ.ഒ കെ. അബ്ദുസ്സലാം പറഞ്ഞു. എൽ.പി സ്കൂൾ ഗ്രൗണ്ടിൽ സ്വകാര്യ വിപണന മേള നടക്കുന്നതിനാൽ അസൗകര്യമുള്ളത് ചൊവ്വാഴ്ചയാണ് അറിയിച്ചതെന്നും എ.ഇ.ഒ പറഞ്ഞു.
പരാതി ഉയർന്നതോടെ രാവിലെ 11 മണിയോടെ സമീപത്തെ വീട്ടിൽനിന്ന് കുടിവെള്ളം എത്തിച്ചിട്ടുണ്ട്. പെൺകുട്ടികൾക്ക് പ്രാഥമിക സൗകര്യത്തിന് എം.എസ്.പി ഡ്രെസിങ് റൂമിന് സമീപത്ത് അഞ്ച് ബാത്ത് റൂം ഒരുക്കിയിട്ടുണ്ട്. ആൺകുട്ടികൾ സമീപത്തെ പള്ളിയിലും മറ്റും പോയാണ് പ്രാഥമിക കാര്യങ്ങൾ ചെയ്യുന്നതെന്നും എ.ഇ.ഒ പറഞ്ഞു.
മാറ്റുരക്കുന്നത് എഴുനൂറോളം മത്സരാർഥികൾ
മലപ്പുറം: മലപ്പുറം ഉപജില്ല കായിക മേളക്ക് കൂട്ടിലങ്ങാടി എം.എസ്.പി ഗ്രൗണ്ടിൽ തുടക്കം. എം.എസ്.പി കമാൻഡന്റ് കെ.വി. സന്തോഷ് ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ കെ. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. ടി.എം. അബ്ദുൽ ജലീൽ, മിൻഹ മുസ്തഫ, എൻ. മുഹമ്മദ് ഷെഫീഖ് എന്നിവർ സംസാരിച്ചു. വിവിധ സ്കൂളുകളിൽനിന്ന് എഴുനൂറോളം മത്സരാർഥികളാണ് മാറ്റുരക്കുന്നത്. വെള്ളിയാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.