യെലേന ഡോക്കിച്ച്

'26-ാം നിലയിൽനിന്ന് ചാടി ജീവനൊടുക്കാൻ തീരുമാനിച്ചതായിരുന്നു ഞാൻ'; കണ്ണീരോടെ താരത്തിന്റെ കുറിപ്പ്

സിഡ്നി: 'എല്ലാം മങ്ങിയ പോലായിരുന്നു..വർണങ്ങളകന്നുപോയി..കണ്ണീരും ദുഃഖവും വിഷാദവും ആകാംക്ഷയും വേദനകളും മാത്രമായിരുന്നു കൂട്ട്...കഴിഞ്ഞ അഞ്ചാറു മാസങ്ങൾ കടുപ്പ​മേറിയതായിരുന്നു. എല്ലായിടത്തും കരച്ചിലും നൊമ്പരവും നിറഞ്ഞുനിന്നു. ആ ദിവസം ഞാനൊരിക്കലും മറക്കില്ല. വേദനാനുഭവങ്ങളുടെ അന്ത്യമായിരുന്നു എന്റെ ഉന്നം. ഒടുവിൽ അതിന്റെ അവസാന മുനമ്പിൽനിന്നാണ് ഞാൻ അതിശയകരമായി പിൻവാങ്ങിയത്. അതെങ്ങനെ സംഭവിച്ചുവെന്ന് ഇപ്പോഴും എനിക്കറിയില്ല...' -പറയുന്നത്, ലോക ടെന്നിസിന്റെ പോർക്കളങ്ങളെ ​ത്രസിപ്പിച്ച യെലേന ഡോക്കിച്ച് എന്ന ആസ്ട്രേലിയയുടെ വിഖ്യാതതാരം.

ഇക്കഴിഞ്ഞ ഏപ്രിൽ 28ന് 26-ാം നിലയിലെ ഫ്ലാറ്റിലെ ബാൽക്കണിയിൽനിന്ന് ചാടി ജീവൻ ​​വെടിയാൻ തീരുമാനിച്ചതടക്കം ആത്മഹത്യയുടെ വക്കിലെത്തിയ തന്റെ മാനസിക പിരുമുറുക്കങ്ങളെക്കുറിച്ച് യെലേന ഇൻസ്റ്റാഗ്രാം കുറിപ്പിൽ വിശദീകരിച്ചു. കുറച്ചുനാളായി മാനസിക രോഗത്തിന്റെ പിടിയിലായിരുന്നുവെന്നും 39കാരി വെളിപ്പെടുത്തി.


1999ൽ ലോക ഒന്നാം നമ്പർ താരം മാർട്ടിന ഹിൻഗിസിനെ വിംബിൾഡൺ ഒന്നാംറൗണ്ടിൽ കെട്ടുകെട്ടിച്ച് ടെന്നിസിന്റെ ഗ്രാൻഡ്സ്ലാം വേദികളിൽ വരവറിയിച്ച ഡോക്കിച്ച് മൂന്നു വർഷത്തിനകം ലോക റാങ്കിങ്ങിൽ നാലാം സ്ഥാനത്തെത്തിയിരുന്നു. 2000ൽ വിംബിൾഡൺ സെമിയിൽ പ്രവേശിക്കുകയും ചെയ്തു. കരിയറിൽ ആറു ഡബ്ല്യു.ടി.എ കിരീടങ്ങൾ നേടിയിട്ടുണ്ട്. പ്രതീക്ഷാ നിർഭരമായ തുടക്കത്തിനുശേഷം പിന്നീട് പിതാവുമായുള്ള പിണക്കവും മറ്റും കരിയറിൽ തിരിച്ചടികളായപ്പോൾ റാങ്കിങ്ങിൽ 600ൽ താഴേക്ക് പിന്തള്ളപ്പെട്ടു. പ്രൊഫഷനൽ ടെന്നിസിനോട് വിടപറഞ്ഞ ശേഷം കമന്റേറ്ററുടെ റോളിൽ യെലേന സജീവമായിരുന്നു.


കണ്ണീരൊലിപ്പിക്കുന്ന ത​​ന്റെ ചിത്രത്തിനൊപ്പമാണ് ഡോക്കിച്ച് ഇൻസ്റ്റാഗ്രാമിൽ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ആ ദിവസങ്ങളിലെല്ലാം നിരന്തരം കരയുകയായിരുന്നു ഞാൻ. ജോലിയിലായിരിക്കുമ്പോൾ ബാത്ത്റൂമിൽ ഒളിച്ചിരുന്ന് ഒരുപാട് കണ്ണീരൊഴുക്കിയിട്ടുണ്ട്. എന്റെ ഫ്ലാറ്റിലെ നാലു ചുവരുകൾക്കുള്ളിൽ ആ​രും കാണാനില്ലാത്തപ്പോൾ നിർത്താതെ കരഞ്ഞിരുന്നു. ദുഃഖവും വേദനയും വിട്ടുമാറാതിരുന്നപ്പോൾ ജീവിതം തകർന്ന പോലെയായിരുന്നു.' - യെലേന കുറിച്ചു.

Tags:    
News Summary - I Almost Jumped Off My 26th Floor Balcony,' Says Former Tennis Star

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.