കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ പരിശീലനത്തിൽ
കൊച്ചി: ലേറ്റായി വന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ.എസ്.എൽ) ലേറ്റസ്റ്റായി സ്വന്തം തട്ടകത്തിൽ വരുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. സീസണിലെ ആദ്യഹോം മത്സരത്തിൽ കലൂർ നെഹ്റു സ്റ്റേഡിയത്തിൽ നാളെ രാത്രി 7.30ന് മുംബൈ സിറ്റി എഫ്.സിയാണ് എതിരാളികൾ. ആദ്യകളിയിൽ, നിലവിലെ ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർജയന്റ്സിനോട് എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റിരുന്നു. രണ്ടാഴ്ച മാത്രമുള്ള ക്യാമ്പിന് ശേഷമാണ് ടീം സെറ്റാക്കിയത്. അതിനാൽ, കാര്യമായ ഒത്തിണക്കം ആദ്യ കളിയിലുണ്ടായിരുന്നില്ല. ഒരാഴ്ച കൂടി പിന്നിടുമ്പോൾ ഡേവിഡ് കറ്റാലയുടെ പരിശീലന മികവിൽ ടീമിന് മൂർച്ച കൂടിയിട്ടുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ഐ.എസ്.എൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനാണ് ടീമിനെ നയിക്കുന്നത്. സെന്റർ ബാക്കായ ബികാഷ് യംനം എന്ന മണിപ്പൂരുകാരന്‍ 22 വയസ്സ് മാത്രമാണ് പ്രായം. ഇന്ത്യൻ ജൂനിയർ ടീം താരം കൂടിയായ ബികാഷിനൊപ്പം ഔമർ ബാഹ്, മുഹമ്മദ് സഹീഫ്, ഹോർമിപാം റുയി എന്നിവരും പ്രതിരോധ നിരയിലുണ്ടാകും. മുന്നേറ്റത്തിൽ ഫ്രഞ്ച് താരം കെവിൻ യോകിന് ആദ്യ ഇലവനിൽഇടം കിട്ടിയേക്കും. അതികായനായ ഈ ഫോർവേഡ് ബഗാനെതിരെ പകരക്കാരനായി ഇറങ്ങിയിരുന്നു. സന്തോഷ് ട്രോഫിയിൽ തിളങ്ങിയ മുന്നേറ്റക്കാരൻ മുഹമ്മദ് അജ്സൽ, ഗോൾകീപ്പർ സചിൻ സുരേഷ്, മധ്യനിരക്കാരൻ വിബിൻ മോഹൻ തുടങ്ങിയവരാകും കേരള ബ്ലാസ്റ്റേഴ്സിൽ നാളത്തെ കേരള സാന്നിധ്യം. കളികാണാൻ എത്ര ആരാധകർ എത്തുമെന്നാണ് ഇനി അറിയാനുള്ളത്.
അതിനിടെ, കലൂർ സ്റ്റേഡിയത്തിന്റെ ഉടമസ്ഥരായ ജി.സി.ഡി.എ ഇന്നലെ ഇരട്ടി വാടക ആവശ്യപ്പെട്ടത് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. വാടകയുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.