റാഞ്ചി ബിർസ മുണ്ട സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ഡ്യൂറൻഡ് കപ്പ് ഫുട്ബാൾ മത്സരത്തിൽ എസ്.സി ഡൽഹിക്കെതിരെ ജംഷഡ്പുർ എഫ്.സിക്കായി ഗോൾ നേടിയ മലയാളി മുഹമ്മദ് സനാനെ സഹതാരങ്ങൾ അഭിനന്ദിക്കുന്നു. മത്സരത്തിൽ ഡൽഹി ഒന്നിനെതിരെ രണ്ട് ഗോളിന് ജയിച്ചു. പ്രവർത്തനം നിർത്തുന്ന ജംഷഡ്പുർ എഫ്.സിയുടെ അവസാന ടൂർണമെന്റാണ് ഡ്യൂറൻഡ് കപ്പ്
കൊച്ചി: കഴിഞ്ഞ തവണ നടന്നത് വെറും തട്ടിക്കൂട്ട് ലീഗ്, ഇത്തവണയും അങ്ങനെ തന്നെയാകുമോ? ഐ.എസ്.എൽ 2026-27 കിക്കോഫിന് ഒരു മാസം പോലുമില്ലെന്നിരിക്കെ ഇന്ത്യയിലെ കാൽപന്തുകളി ആരാധകർ ആശങ്കയുടെയും സംശയത്തിന്റെയും നടുവിലാണ്. സെപ്റ്റംബർ നാലിന് പുതിയ സീസൺ ആരംഭിക്കുമ്പോൾ മുൻനിര ടീമുകളിലൊന്നായ ജംഷഡ്പുർ എഫ്.സി കളിക്കാനില്ലെന്ന് പ്രഖ്യാപിച്ചത് രാജ്യത്തെ ഫുട്ബാൾ ലോകത്തെയൊന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. ലീഗിൽ പങ്കെടുക്കാൻ ക്ലബുകൾ നൽകേണ്ട തുകയുടെ ആദ്യഗഡുവായ 55 ലക്ഷം അടക്കേണ്ട അവസാന തീയതിയിലായിരുന്നു ജംഷഡ്പുർ എഫ്.സി, ഇനി ഐ.എസ്.എല്ലിനില്ല എന്ന തീരുമാനം അറിയിച്ചത്.
സാമ്പത്തിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടീം പിന്മാറിയത്. ഇന്ന് ജംഷഡ്പുരിന് സംഭവിച്ചത് നാളെ ഏതു ടീമിനും സംഭവിക്കാനിടയുണ്ടെന്നും അതിനാൽ തന്നെ ഇഷ്ടടീമിനൊപ്പം ജംഷഡ്പൂരിനെയും പിന്തുണക്കണമെന്നുമാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. ഒമ്പതു വർഷത്തെ ഐ.എസ്.എൽ പാരമ്പര്യമുള്ള, 2021-22 സീസണിൽ ലീഗ് ഷീൽഡ് ജേതാക്കളായ ജംഷഡ്പൂരിന്റെ പിന്മാറ്റം ലീഗിനെയൊന്നാകെയും മറ്റു ക്ലബുകളെയും ബാധിക്കുമെന്നാണ് വിലയിരുത്തൽ. ടീമിന്റെ പിൻമാറ്റത്തെക്കുറിച്ച് ഇന്ത്യൻ ഫുട്ബാൾ ഇതിഹാസം സുനിൽ ഛേത്രി ഉൾപ്പെടെ വൈകാരികമായാണ് പ്രതികരിച്ചത്.
രണ്ടു വർഷത്തോളമായി ഇന്ത്യൻ ഫുട്ബാൾ രംഗത്ത് തുടരുന്ന അനിശ്ചിതത്വത്തിന്റെ പ്രതിഫലനമാണ് നിലവിലെ സാഹചര്യമെന്ന് കായികപ്രേമികൾ വിലയിരുത്തുന്നു. ക്ലബുകളുടെ സാമ്പത്തിക പ്രതിസന്ധി, സംപ്രേഷണ വരുമാനം തുടങ്ങിയ കാരണങ്ങളാലാണ് മുൻ രീതികളിൽനിന്ന് തികച്ചും വ്യത്യസ്തമായ, ലീഗ് + പ്ലേ ഓഫ് ഫോർമാറ്റിൽ കഴിഞ്ഞതവണ ഐ.എസ്.എൽ നടത്തേണ്ടി വന്നത്. എന്നാൽ ഇത്തവണ സീസൺ പഴയതുപോലെ പൂർണമായ ഹോം-ആൻഡ്-എവേ രീതിയിലേക്ക് മടങ്ങിവരുമെന്ന തീരുമാനം പ്രതീക്ഷ നൽകുന്നതാണ്. 2026 സെപ്റ്റംബർ നാലിന് ആരംഭിച്ച് 2027 ഏപ്രിൽ വരെ നീളുന്ന രീതിയിലാണ് പുതിയ സീസൺ ക്രമീകരിച്ചിരിക്കുന്നത്.
അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനും ക്ലബുകളും തമ്മിലുള്ള തീരുമാനങ്ങളിലെ ഏകോപനമില്ലായ്മ പലപ്പോഴും സീസൺ നടത്തിപ്പിന് തലവേദനയാകാറുണ്ട്. ബംഗളുരു എഫ്.സി, കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി തുടങ്ങിയ ടീമുകളുടെ സാമ്പത്തിക അസ്ഥിരതയും ഐ.എസ്.എല്ലിന്റെ സുഗമമായ സംഘാടനത്തിന് വിഘാതമാവുന്നു. ബ്ലാസ്റ്റേഴ്സിനെ പുതിയ ഉടമകൾ ഏറ്റെടുത്തത് വരുന്ന സീസണിൽ ടീമിന്റെ വൻ തിരിച്ചുവരവിന് സഹായകമാകും എന്ന പ്രത്യാശയിലാണ് ആരാധകർ.
ന്യൂഡൽഹി: ഐ.എസ്.എല്ലിൽനിന്ന് പിന്മാറുന്നത് ദീർഘകാലാടിസ്ഥാനത്തിലുള്ള തന്ത്രപരമായ തീരുമാനത്തിന്റെ ഭാഗമായാണെന്ന് ജംഷഡ്പുർ എഫ്.സി ഉടമകൾ. ഫുട്ബാൾ ബജറ്റ് പൂർണമായും ഗ്രാസ്റൂട്ട് വികസനത്തിലേക്ക് മാറ്റുകയാണെന്നും നിലവിലെ ഐ.എസ്.എല്ലിന്റെ വാണിജ്യ ഭാവി സംബന്ധിച്ച അനിശ്ചിതത്വങ്ങളുമായി പിന്മാറ്റത്തിന് ബന്ധമില്ലെന്നും ടാറ്റ് സ്റ്റീൽ വൈസ് പ്രസിഡന്റ് ഡി.ബി. സുന്ദര രാമം വാർത്ത ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
''ഗ്രാസ്റൂട്ട് വികസനമാണ് ഞങ്ങളുടെ അടിസ്ഥാനം. ആ പ്രതാപത്തിലേക്ക് തിരിച്ചുപോവേണ്ടതുണ്ട്. ഐ.എസ്.എല്ലിന് പതിറ്റാണ്ടിന്റെ പഴക്കമേയുള്ളൂ. പങ്കാളിത്ത ഫീസ് സംബന്ധിച്ച് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനുമായി അഭിപ്രായവ്യത്യാസമൊന്നുമില്ല. താരങ്ങളെ വിശദാംശങ്ങൾ അറിയിച്ചിട്ടുണ്ട്. ഫുട്ബാളിൽ സജീവമായി തുടരും''-അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ സൂപ്പർ ലീഗ് മാത്രമല്ല, രാജ്യത്തെ ഫുട്ബാളിന്റെ വളർച്ചക്കായുള്ള പ്രവർത്തനങ്ങൾ കാര്യമായൊന്നും നടക്കാത്തതും കളിയാസ്വാദകരിൽ നിരാശ പടർത്തുന്നു. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ ഇന്ത്യൻ ഫുട്ബാൾ തകർച്ചയിലേക്കും താഴ്ചയിലേക്കും കൂപ്പു കുത്തുമ്പോൾ, കൊൽക്കത്തയിൽ ഇന്ത്യയും ബ്രസീലും തമ്മിൽ സൗഹൃദ മത്സരം നടത്തുന്നതിനെതിരെയും പല കോണുകളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്.
രാജ്യത്തെ ഫുട്ബാളിന്റെ അടിസ്ഥാനസൗകര്യവും ഘടനയുമെല്ലാം തകർന്നുകിടക്കുമ്പോൾ കോടികൾ ചെലവഴിച്ചുള്ള പ്രദർശന മത്സരത്തിലൂടെ എന്തുഗുണം കിട്ടുന്നുവെന്നാണ് ഇന്ത്യയുടെ മുൻ കാപ്റ്റൻ ബൈചുങ് ബൂട്ടിയ തുറന്നടിച്ചത്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തേക്കാളല്ല, ഒരു ജില്ലയെക്കാൾ ചെറിയ രാജ്യമായ കാബോ വെർദെ പോലും ഇത്തവണ ഫിഫ ലോകകപ്പിൽ അരങ്ങേറ്റം കുറിക്കുകയും അർജൻറീന ഉൾപ്പെടെ മുൻനിര എതിരാളികളുടെ നെഞ്ചിടിപ്പേറ്റുകയും ചെയ്തിട്ടും, ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യത്തിൽ നിന്നുള്ള ടീം ലോകകപ്പിൽ മാറ്റുരക്കാത്തതിന്റെ നിരാശയും നൂറുകണക്കിനാളുകൾ പങ്കുവെക്കുന്നുണ്ട്.
ദേശീയ ടീമിന്റെ അന്താരാഷ്ട്ര പ്രകടനം മെച്ചപ്പെടുത്തുക, യുവതാരങ്ങളുടെ വളർച്ചക്ക് കൂടുതൽ പ്രാധാന്യം നൽകുക, സംസ്ഥാന തലത്തിലുള്ള ഫുട്ബാൾ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക തുടങ്ങിയ മേഖലകളിൽ ഫെഡറേഷന് ഇനിയുമേറെ ചെയ്യാനുണ്ട്. ഐ.എസ്.എൽ ഇത്തവണയെങ്കിലും കൂടുതൽ ശക്തമായി മുന്നോട്ട് പോകുന്നതിനും സ്ഥിരത ഉറപ്പാക്കുന്നതിനും എ.ഐ.എഫ്.എഫ് ഇടപെടണമെന്നാണ് ഫുട്ബാൾ ആരാധകരുടെ ആവശ്യം. സേവ് ഇന്ത്യൻ ഫുട്ബാൾ എന്ന ഹാഷ്ടാഗിൽ നിരവധി പേർ ഇതിനകം സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ പങ്കുവെക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.