ഗൾഫ് കപ്പ് ഫുട്​ബാൾ ടൂർണമെൻറിൽ ഒമാൻ ടീം ആദ്യ മൽസരത്തിന് മുമ്പ്

ഗൾഫ്കപ്പിൽ ഒമാൻ ഇന്ന് രണ്ടാമങ്കത്തിനിറങ്ങുന്നു

മസ്കത്ത്: ജിദ്ദയിൽ നടക്കുന്ന 27-ആമത് ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ നോക്കൗട്ട് റൗണ്ട് ലക്ഷ്യമിട്ട് ഒമാൻ ശനിയാഴ്ച കളത്തിലിറങ്ങുന്നു. എ ഗ്രൂപ്പിലെ രണ്ടാം മൽസരത്തിൽ ആതിഥേയരായ സൗദി അറേബ്യയാണ് എതിരാളികൾ. ആദ്യ മൽസരത്തിൽ കരുത്തരായ ഇറാഖിനെ സമനിലയിൽ തളച്ചിട്ട ഒമാന് സൗദിക്കെതിരായ മൽസരം മറ്റൊരു അഗ്നി പരീക്ഷയാവും. തങ്ങളുടെ ആദ്യ മൽസരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് കുവൈത്തിന് വീഴ്ത്തിയ സൗദിയാണ് മൂന്ന് പോയന്റുമായി ഗ്രൂപ്പിൽ ഒന്നാമത്. ഇറാഖിനെതിരായ മൽസരത്തിൽ ആറാം മിനിറ്റിൽത്തന്നെ ഗോൾ വഴങ്ങേണ്ടി വന്നിട്ടും പൊരുതിക്കയറി 67 ആം മിനിറ്റിൽ നാസർ അൽ റവാഹിയിലൂടെ സമനില ഗോൾ നേടിയാണ് ഒമാൻ നിർണായകമായ ഒരു പോയിന്റ് കരസ്ഥമാക്കിയത്.

ഒമാൻ ഫുട്ബാൾ ടീം മുഖ്യ പരിശീലകൻ താരെക് അൽ സക്തിവി വാർത്തസമ്മേളനത്തിൽ

 

രണ്ടാം റൗണ്ട് മത്സരത്തിൽ ശക്തമായ തന്ത്രങ്ങളോടെ കളം നിറയാൻ തന്നെയാണ് ഒമാൻ ടീം ഒരുങ്ങുന്നത്. രണ്ടാം മത്സരം ആദ്യത്തേതിൽ നിന്നും തികച്ചും വ്യത്യസ്തമായിരിക്കുമെന്നും കളിക്കാർ കളിയിൽ കാര്യമായി ഫോക്കസ് ചെയ്യേണ്ടതുണ്ടെന്നും ഒമാൻ ഫുട്ബോൾ ടീം മുഖ്യ പരിശീലകൻ താരെക് അൽ സക്തിവി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ടീമിലെ കളിക്കാരുടെ മികവിൽ തനിക്ക് വലിയ വിശ്വാസമുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ നിർണായകമായ മൂന്ന് പോയിന്റുകൾ സ്വന്തമാക്കാൻ വേണ്ടി ടീമിലെ ഓരോ കളിക്കാരനും തങ്ങളുടെ പരമാവധി പരിശ്രമം പുറത്തെടുക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

നിലവിൽ ഗ്രൂപ്പിലെ പോയിന്റ് നില എല്ലാവർക്കുമായി അവസരം തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാനുള്ള സാധ്യതകൾ സജീവമായി നിലനിർത്താൻ എല്ലാ ടീമുകളും തങ്ങളുടെ പരമാവധി ശ്രമിക്കും. വരാനിരിക്കുന്ന മത്സരത്തിൽ എതിർ ടീമിന് അർഹിക്കുന്ന എല്ലാ ബഹുമാനവും നൽകിത്തന്നെയായിരിക്കും ഒമാൻ മൈതാനത്തിറങ്ങുക. എന്നാൽ വിജയമെന്ന ലക്ഷ്യത്തിലും ആഗ്രഹത്തിലും ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് കോച്ച് വ്യക്തമാക്കി.

ഒക്ടോബർ ആറ് വരെ നീളുന്ന ടൂർണമെൻറിൽ ആകെ 15 മത്സരങ്ങളാണുള്ളത്. കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലെ അൽ ഇൻമാ സ്റ്റേഡിയത്തിലും അമീർ അബ്ദുല്ല ബിൻ ഫൈസൽ സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലുമായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഗ്രൂപ്പ് ബി-യിൽ ഖത്തർ, യു.എ.ഇ, ബഹ്റൈൻ, യമൻ എന്നീ രാജ്യങ്ങളുമാണ് മാറ്റുരക്കുന്നത്.

Tags:    
News Summary - Gulf Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.