'ഇന്ത്യയിൽ ഫുട്ബാൾ സംസ്കാരമില്ല; ബ്രസീൽ കോച്ച് കാർലോ ആഞ്ചലോട്ടി
കൊൽക്കത്ത: ഇന്ത്യയിൽ മികച്ച ഫുട്ബാൾ സംസ്കാരമില്ലെന്നും, പുതിയ തലമുറയെ വാർത്തെടുക്കാൻ താഴെത്തട്ടിൽ തന്നെയുള്ള ശക്തമായ സംവിധാനങ്ങൾ ആവശ്യമാണെന്നും ബ്രസീൽ ദേശീയ ടീം പരിശീലകൻ കാർലോ ആഞ്ചലോട്ടി. ഒക്‌ടോബർ മൂന്നിന് കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ ഇന്ത്യയും ബ്രസീലും തമ്മിലുള്ള ചരിത്രപരമായ സൗഹൃദ മത്സരം നടക്കാനിരിക്കെയാണ് ഇന്ത്യൻ ഫുട്ബാളിനെക്കുറിച്ചുള്ള ആഞ്ചലോട്ടിയുടെ പ്രതികരണം. ആസ്‌ട്രേലിയയുമായുള്ള സൗഹൃദ മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഇന്ത്യയ്ക്ക് മികച്ച രീതിയിലുള്ള ഫുട്ബാൾ സംസ്കാരമില്ല എന്നത് സത്യമാണ്. എന്നാൽ മറ്റു കായിക ഇനങ്ങളിൽ അവർ മികച്ചവരാണ്. പുതിയ തലമുറയിലെ താരങ്ങളെ വളർത്തിയെടുക്കാൻ ശക്തമായ ഗ്രാസ്റൂട്ട് സംവിധാനം ഇന്ത്യയിലുണ്ടാകേണ്ടതുണ്ട്. ലോകോത്തര എതിരാളികൾക്കെതിരെ കളിച്ചുള്ള അനുഭവം ഇന്ത്യക്ക് കുറവാണെങ്കിലും അവർ എങ്ങനെയാണ് കളിക്കുന്നതെന്ന് ഞങ്ങൾക്ക് അറിയണം," ആഞ്ചലോട്ടി വ്യക്തമാക്കി. ഇന്ത്യക്കെതിരെയുള്ള മത്സരം ഇരുടീമുകൾക്കും പരസ്പരം മനസ്സിലാക്കാനുള്ള നല്ല അവസരമാണെന്നും, ആദ്യമായി കൊൽക്കത്തയിൽ എത്തുന്നതിൽ തനിക്ക് വലിയ ആവേശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ആഞ്ചലോട്ടിയുടെ പ്രസ്താവനയോട് വളരെ സംയമനത്തോടെയാണ് ഇന്ത്യൻ മുഖ്യ പരിശീലകൻ ഖാലിദ് ജമീൽ പ്രതികരിച്ചത്. എല്ലാവർക്കും അവരുടേതായ അഭിപ്രായം പറയാൻ അവകാശമുണ്ടെന്നായിരുന്നു ഖാലിദ് ജമീലിന്റെ മറുപടി. ഫിഫ റാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തുള്ള ബ്രസീലിനെതിരെ ഇറങ്ങുമ്പോൾ, 138-ാം റാങ്കുകാരായ ഇന്ത്യക്ക് ഇതൊരു കടുത്ത പരീക്ഷണമായിരിക്കും. ഖാലിദ് ജമീലിന് കീഴിൽ പുതിയൊരു അധ്യായം തുടങ്ങുന്ന ഇന്ത്യ, ബ്രസീലിന് പുറമെ ഉറുഗ്വായ്, പനാമ എന്നീ വമ്പൻ ടീമുകൾക്കെതിരെയും വരുംദിവസങ്ങളിൽ സൗഹൃദ മത്സരം കളിക്കുന്നുണ്ട്.
ഇന്ത്യയ്ക്ക് ഫുട്ബോൾ സംസ്കാരമില്ലെന്ന് ബ്രസീൽ പരിശീലകൻ വിമർശിക്കുമ്പോഴും, ഫുട്ബാൾ ചരിത്രം പരിശോധിച്ചാൽ ബ്രസീലിനും മുൻപേ ക്ലബ്ബ് ഫുട്ബാൾ ആരംഭിച്ച രാജ്യമാണ് ഇന്ത്യ. 1872-ൽ ബ്രിട്ടീഷുകാരുടെ നേതൃത്വത്തിൽ കൽക്കട്ട എഫ്.സി എന്ന പേരിൽ ഇന്ത്യയിൽ ആദ്യ ഫുട്ബാൾ ക്ലബ്ബ് പിറന്നു. ഇതിന് രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം 1900-ൽ മാത്രമാണ് ബ്രസീലിലെ ആദ്യ ക്ലബ്ബായ സ്പോർട്സ് ക്ലബ്ബ് റിയോ ഗ്രാൻഡേ സ്ഥാപിക്കപ്പെട്ടത്. കൊൽക്കത്തയിലെ പ്രമുഖ ക്ലബ്ബുകളായ മോഹൻ ബഗാൻ (1889), മുഹമ്മദൻസ് (1891) എന്നിവയും ബ്രസീലിലെ ആദ്യ ക്ലബ്ബിനും മുൻപേ പിറവിയെടുത്തവയാണ്.
ഒക്ടോബർ മൂന്നിന് നടക്കുന്ന ഇന്ത്യ-ബ്രസീൽ മത്സരത്തിന്റെ ടിക്കറ്റ് വിൽപന തകൃതിയായി പുരോഗമിക്കുകയാണ്. സൊമാറ്റോയുടെ 'ഡിസ്ട്രിക്ട്' പ്ലാറ്റ്ഫോം വഴിയാണ് ടിക്കറ്റുകൾ ലഭ്യമാക്കുന്നത്. 3,500 രൂപയാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. വി.ഐ.പി ടിക്കറ്റിന് 18,000 രൂപയും, വി.വി.ഐ.പി ടിക്കറ്റിന് 25,000 രൂപയുമാണ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.