സൂപ്പർ ലീഗ് കേരള ഇന്ന് കാലിക്കറ്റ് എഫ്.സി തിരുവനന്തപുരം കൊമ്പൻസിനെ നേരിടും
കോഴിക്കോട്: ടീമിന്റെ രണ്ടു വിജയശിൽപികളെ നഷ്ടമായെങ്കിലും കിരീടം വീണ്ടെടുക്കാനുള്ള ആവേശച്ചൂടുമായി സൂപ്പർ ലീഗ് കേരളയുടെ മൂന്നാം സീസണിൽ കാലിക്കറ്റ് എഫ്.സി ശനിയാഴ്ച മത്സരത്തിനിറങ്ങും. മത്സരം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ വിടപറഞ്ഞ ഡിഫന്റർ റിജോൺ ജോസും ഒന്നരമാസം മുമ്പു മരിച്ച ക്ലബ് സെക്രട്ടറിയായിരുന്ന ബിനോ ജോസ് ഈപ്പന്റെയും ഓർമകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ചുകൊണ്ടാണ് ടീം കളത്തിലിറങ്ങുക. രാത്രി 7.30ന് കോർപറേഷൻ സ്‌റ്റേഡിയത്തിൽ തിരുവനന്തപുരം കൊമ്പൻസുമായാണ് ആദ്യമത്സരം.
കഴിഞ്ഞ സീസണിൽ 23 ഗോൾ നേടി ലീഗിലെ ടോപ് സ്‌കോറർമാരായെങ്കിലും സെമിയിൽ പുറത്തായിരുന്നു. ഇത്തവണ അർജന്റീനക്കാരൻ എവർ അഡ്രിയാനോ ഡെമാൾഡേയുടെ പരിശീലനത്തിൽ തികഞ്ഞ ആത്മവിശ്വാസവുമായാണ് കാലിക്കറ്റ് എഫ്.സി ഇറങ്ങുന്നത്. ഫോർവേഡുകളായ കാൽവിൻ തോമസ്, പി.പി. മുഹമ്മദ് റോഷൽ, ലിയോണാർഡോ ഡേവിഡ് ഡോ എസ്പിരിറ്റോ സാന്റോ, കെ.ആർ. അജിത്, എ. ആൻഡ്രൂസ്, മുഹമ്മദ് ഷാദിൽ, മുഹമ്മദ് ആഷിഖ്, മിഡ്ഫീൽഡർമാരായ കെ. പ്രശാന്ത്, പി.ടി. മുഹമ്മദ് റിയാസ്, അജാദ് സഹീം, എമിൽ ബെന്നി, നസീബ് റഹ്മാൻ, അരുൺ കുമാർ ഡി, ഗിരിക് ഖോസ്ല, ടി. ജോബിൻ, ഡിഫൻഡർമാരായ അമീൻ നെല്ലിക്കുത്ത്, സിറിൻ വർഗീസ് വിജു, ത്ലാങ്പുയ, അലക്സിസ് ഗാസ്റ്റൺ സോസ, എം. മനോജ്, അങ്കിത് മുഖർജീ, ഗോൾ കീപ്പർമാരായ കെ. മിർഷാദ്, ദേബ്നാഥ് മൊണ്ടൽ തുടങ്ങിയവരടങ്ങിയതാണ് സ്ക്വാഡ്. റിജോൺ ജോസിനൊപ്പം ബൈക്കപകടത്തിൽ സഞ്ചരിച്ച ഗനി അഹമ്മദ് നിഗം പരിക്കിലാണ്.
രണ്ടാം സീസണിൽ പത്തു കളിയിൽ മുന്നുവിജയവും മൂന്നു സമനിലയും നാലു തോൽവികളുമായി 12 പോയന്റായിരുന്നു തിരുവനന്തപുരം കൊമ്പൻസിനുണ്ടായിരുന്നത്. കഴിഞ്ഞ സീസണിനേക്കൾമെച്ചപ്പെട്ട സ്ക്വാഡുമായാണ് ടീം ഇറങ്ങുന്നത്. ആദ്യ സീസണിൽ കാലിക്കറ്റ് എഫ്.സിയെ വിജയത്തിലേക്ക് നയിച്ച ഇയാൻ ഗില്ലൻ ഇത്തവണ കൊമ്പൻസ് എഫ്.സിയുടെ മുഖ്യ പരിശീലകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.