41-ാം വയസിലും ഗോളടിച്ച് ലൂക്കാ മോഡ്രിച്ച്; ചെക്ക് റിപ്പബ്ലിക്കിനെ പരാജയപ്പെടുത്തി ക്രൊയേഷ്യ

പ്രാഗ്: യുവേഫ നേഷൻസ് ലീഗിൽ ചെക്ക് റിപ്പബ്ലിക്കിനെ തകർത്ത് ക്രൊയേഷ്യയ്ക്ക് വിജയം. ഫോർച്യൂണ അരീനയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചെക്ക് റിപ്പബ്ലിക്കിനെ ക്രൊയേഷ്യ പരാജയപ്പെടുത്തിയത്. ലൂക്കാ മോഡ്രിച്ചിന്റെ കരുത്തിലാണ് ക്രൊയേഷ്യ തങ്ങളുടെ ആദ്യ മത്സരത്തിൽ വിജയം നേടിയത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകളും കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഗോൾരഹിതമായിരുന്നു. എന്നാൽ, ഇടവേളക്ക് ശേഷം മത്സരം പുനരാരംഭിച്ച് രണ്ട് മിനിട്ടുകൾക്കകം ലൂക്കാ മോഡ്രിച്ച് ക്രൊയേഷ്യയെ മുന്നിലെത്തിച്ചു. 47 -ാം ഇഗോർ മാറ്റനോവിച്ച് നൽകിയ പന്ത് സ്വീകരിച്ച് മുന്നേറിയ താരം ബോക്സിന്റെ അരികിലേക്കെത്തി പോസ്റ്റിലേക്ക് അടിച്ച് കയറ്റുകയായിരുന്നു. ഈ ഗോളോടെ ക്രൊയേഷ്യയ്ക്ക് വേണ്ടി ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരം എന്ന നേട്ടം മോഡ്രിച്ച് സ്വന്തമാക്കി.

എന്നാൽ, ക്രൊയേഷ്യയുടെ ഈ ഗോളിന് അധികം ആയുസുണ്ടായിരുന്നില്ല. 54 -ാം മിനിറ്റിൽ ചെക്ക് റിപ്ലബിക് സമനില പിടിച്ചു. ബോക്സിൽ നിന്ന് ആഡം ഹ്ലോസെക് നൽകിയ പാസ് സ്വീകരിച്ച് ആദം കരാബെക് പന്ത് വലയിലെത്തിക്കുകയായിരുന്നു. പിന്നീട് ഒരു ഗോളിനായി ക്രൊയേഷ്യ നിരന്തരം ശ്രമങ്ങൾ നടത്തി. ഒടുവിൽ 77-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മാർക്കോ പസാലിച്ചിലൂടെ ക്രൊയേഷ്യ വീണ്ടും മുന്നിലെത്തി. ഇവാൻ പെരിസിച്ചിന്റെ പാസിൽ നിന്ന് ഹെഡറിലൂടെ പസാലിച്ച് ഗോൾ നേടിയതോടെയാണ് ക്രൊയേഷ്യക്ക് വീണ്ടും ലീഡ് ലഭിച്ചത്.

തൊട്ട് പിന്നാലെ ചെക്ക് റിപ്പബ്ലിക്ക് ഒരു പന്ത് വലിയെത്തിച്ച് ക്രൊയേഷ്യയെ ഞെട്ടിച്ചു. എന്നാൽ, വാർ പരിശോധനയിൽ ഗോൾ നിഷേധിക്കപ്പെട്ടു. അതോടെ ഗ്രൂപ്പ് സിയിലെ ക്രൊയേഷ്യ തങ്ങളുടെ ആദ്യ മത്സരത്തിൽ വിജയം സ്വന്തമാക്കി. ഈ വിജയം സ്ലാവെൻ ബിലിചിന്റെ ദേശീയ ടീം കോച്ച് എന്ന നിലയിലുള്ള തിരിച്ചുവരവുകൂടി അടയാളപ്പെടുത്തി. 

Tags:    
News Summary - Croatia Edge Czechia 2-1 in Nations League Opener as Luka Modric Strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.