കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബാളിൽ തിരുവനന്തപുരം കൊമ്പൻസിനെതിരെ ആദ്യ ഗോൾ നേടിയ കാലിക്കറ്റ് എഫ്.സി ക്യാപ്റ്റൻ കെ. പ്രശാന്ത് സഹതാരമായിരുന്ന റിജോൺ ജോസിന്റെ ജഴ്സി ഉയർത്തിക്കാണിക്കുന്നു. കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിൽ റിജോൺ മരിച്ചിരുന്നു.
കിരീടലക്ഷ്യവുമായി ഫോഴ്സ, കരുത്തറിയിക്കാൻ മലപ്പുറം
കൊച്ചി: സൂപ്പർ ലീഗ് കേരളയുടെ (എസ്.എൽ.കെ) പുതിയ സീസണിൽ കൊച്ചിയിൽ ഞായറാഴ്ച തീപാറും പോരാട്ടം. കന്നിക്കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന ഫോഴ്സ കൊച്ചി എഫ്.സിയും കഴിഞ്ഞ സീസണിലെ സെമിഫൈനലിസ്റ്റുകളായ മലപ്പുറം എഫ്.സിയും നേർക്കുനേർ. ഫോഴ്സയുടെ തട്ടകമായ കലൂർ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കിക്കോഫ്.
കഴിഞ്ഞ സീസണിലെ പിഴവുകൾ തിരുത്തി കൂടുതൽ കരുത്തോടെയാണ് ഫോഴ്സ ഇത്തവണ കളത്തിലിറങ്ങുന്നത്. കിരീടം കൈവിടില്ലെന്ന ലക്ഷ്യത്തോടെ ടീമിൽ അടിമുടി മാറ്റം വരുത്തി. ബെൽജിയം മുൻ ലോകകപ്പ് താരം വിതാൽ ബൊർക്കൽമെൻസിന്റെ പരിശീലനത്തിൽ പുതിയ തന്ത്രങ്ങളുമായാണ് ടീം എത്തുന്നത്. അർജന്റീന താരം നഹുവൽ പെരേര നയിക്കുന്ന നിരയിൽ വിദേശ താരങ്ങൾക്കൊപ്പം പരിചയസമ്പന്നരായ ഇന്ത്യൻ താരങ്ങളും പ്രാദേശിക പ്രതിഭകളും അണിനിരക്കുന്നു.
ബ്രസീലിയൻ താരങ്ങളായ എലിറ്റൺ പാരഡിഞ്ഞോ ജൂനിയർ, റെനാൻ ജനുവാരിയോ റോച്ച ഡി അരൗജോ, പൗലോ ഹെന്റിക് സാന്റോസ്, മെക്സിക്കൻ വിംഗർ ഡീഗോ ഹെർണാണ്ടസ് ജിമെനെസ് എന്നിവരാണ് ഫോഴ്സയുടെ വിദേശ കരുത്ത്. ഇന്ത്യൻ ഗോൾകീപ്പർ ദേബ്ജിത് മജുംദറിലാണ് പ്രതിരോധത്തിന്റെ വിശ്വാസം.
മറുവശത്ത്, സെമിയിലെത്തിയ കഴിഞ്ഞ സീസണിന്റെ ആത്മവിശ്വാസവുമായാണ് മലപ്പുറം എഫ്.സി വിജയത്തുടക്കം ലക്ഷ്യമിട്ട് കൊച്ചിയിലെത്തുന്നത്. മൊറോക്കൻ പരിശീലകൻ കരീം ബെൻഷെരീഫയുടെ തന്ത്രങ്ങൾക്ക് കീഴിലാണ് മലപ്പുറത്തിന്റെ പുതിയ ദൗത്യം. റെയ്ഞ്ചേഴ്സിനും ആമിയൻസിനുമായി കളിച്ചിട്ടുള്ള ദക്ഷിണാഫ്രിക്കൻ മിഡ്ഫീൽഡർ ബൊംഗാനി സുംഗുവാണ് മധ്യനിരയിലെ പ്രധാന കരുത്ത്. അദ്നാനെ ബെന്റഗാന, ബ്രസീലിയൻ സ്ട്രൈക്കർ പൗലോ വിക്ടർ എന്നിവരടക്കമുള്ള വിദേശ താരങ്ങൾക്കൊപ്പം പരിചയസമ്പന്നരായ ഇന്ത്യൻ താരങ്ങളും മലപ്പുറത്തിന്റെ നിരയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.