ഐഷോസ്പീഡ്

ഫിഫയെ ഞെട്ടിച്ച് ഐഷോസ്പീഡ്! 'ചാമ്പ്യൻസ്' ഗാനം തരംഗമാകുന്നു; 14 മണിക്കൂറിൽ 30 ലക്ഷം കടന്ന് കുതിപ്പ്

ന്യൂയോർക്ക്: വരാനിരിക്കുന്ന 2026 ഫിഫ ലോകകപ്പിന്റെ ആവേശം വാനോളമുയർത്തി പ്രശസ്ത യൂട്യൂബറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഐഷോസ്പീഡ് പുറത്തിറക്കിയ പുതിയ മ്യൂസിക് വിഡിയോ 'ചാമ്പ്യൻസ്' (Champions) ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഡിജിറ്റൽ ലോകത്ത് റെക്കോർഡ് നേട്ടങ്ങളുമായി മുന്നേറുന്ന ഗാനം മണിക്കൂറുകൾക്കുള്ളിൽ തന്നെ മില്യൺ കണക്കിന് ആളുകളിലേക്കാണ് എത്തിയത്.

പുറത്തിറങ്ങി 14 മണിക്കൂറിനുള്ളിൽ യൂട്യൂബിൽ മാത്രം 3,264,346 കാഴ്ചക്കാരെയും അഞ്ച് ലക്ഷത്തിലധികം ലൈക്കുകളുമാണ് വിഡിയോ ഇതിനോടകം സ്വന്തമാക്കിയത്. എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച ടീസർ 12 മണിക്കൂറിനുള്ളിൽ 32 ദശലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു. ഇൻസ്റ്റാഗ്രാമിലും ഈ വീഡിയോ തരംഗമായി മാറിയിട്ടുണ്ട്.

ആരാധകരുടെ ആവേശത്തിനിടയിൽ ഫിഫയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് നൽകിയ മറുപടിയാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ പ്രധാന ചർച്ചാവിഷയം. തന്റെ ഗാനം ലോകകപ്പിന്റെ ഔദ്യോഗിക ഗാനമാക്കണമെന്ന ഐഷോസ്പീഡിന്റെ അഭ്യർത്ഥനക്ക് ‘ഞങ്ങൾ കോൺടാക്റ്റ് ചെയ്യാം...’ എന്ന് ഫിഫ മറുപടി നൽകിയതോടെ, ഐഷോസ്പീഡിന്റെ സ്വപ്നം യാഥാർത്ഥ്യമാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.

ഫുട്ബോളിനോടുള്ള ഐഷോസ്പീഡിന്റെ തീവ്രമായ അഭിനിവേശവും, ലോകമെമ്പാടുമുള്ള ഫുട്ബോൾ സംസ്കാരങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അറിവും കണക്കിലെടുക്കുമ്പോൾ, ഈ ലോകകപ്പിനെ പ്രതിനിധീകരിക്കാൻ അദ്ദേഹം ഏറ്റവും യോഗ്യനാണെന്നാണ് സോഷ്യൽ മീഡിയയിലെ പൊതുവികാരം. മുമ്പ് ഖത്തർ ലോകകപ്പ് സമയത്ത് ഐഷോസ്പീഡ് പുറത്തിറക്കിയ 'വേൾഡ് കപ്പ്' എന്ന ഗാനം ഇന്നും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്. നിലവിൽ 209 ദശലക്ഷത്തിലധികം കാഴ്ചക്കാരുള്ള ആ ഗാനം വലിയൊരു വഴിത്തിരിവായിരുന്നു.

ഇത്തവണ ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ 'ഡായി ഡായി' (Dai Dai) ഒരുക്കിയിരിക്കുന്നത് പ്രശസ്തരായ ഷാക്കിറയും ആഫ്രോബിറ്റ്സ് താരം ബർണ ബോയും ചേർന്നാണ്. ലോകകപ്പ് ഗാനങ്ങളുടെ ചരിത്രത്തിൽ 2010ലെ 'വാക്ക വാക്ക'യിലൂടെ വലിയ സ്വാധീനം ചെലുത്തിയ ഷാക്കിറയുടെ തിരിച്ചുവരവ് ആരാധകർ വലിയ ആവേശത്തോടെയാണ് കാണുന്നത്. എങ്കിലും, ഐഷോസ്പീഡിന്റെ ഗാനം ഒരു സ്വതന്ത്ര സൃഷ്ടിയാണെങ്കിലും, ഫുട്ബോൾ ആരാധകരുടെ മനസ്സ് കീഴടക്കുന്നതിൽ വലിയ വിജയം കൈവരിച്ചിട്ടുണ്ട്.

ജൂൺ 11 മുതൽ ജൂലൈ 19 വരെ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കുന്ന 2026 ഫിഫ ലോകകപ്പിന്റെ ആരവം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഐഷോസ്പീഡിന്റെ ഈ 'ചാമ്പ്യൻസ്' ഗാനം ഫുട്ബോൾ ആഘോഷത്തിന് കൂടുതൽ നിറം പകരുന്നു. ഔദ്യോഗികമായോ അല്ലാതെയോ, ഈ ലോകകപ്പിന്റെ ഭാഗമായി മാറാൻ ഐഷോസ്പീഡിന് സാധിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Full View

Tags:    
News Summary - IShowSpeed's FIFA World Cup 2026 Song 'Champions' Goes Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.