റൊണാൾഡോ ഡൽഹിയിൽ; കേന്ദ്ര സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; ജഴ്സി സമ്മാനിച്ചു
ന്യൂഡൽഹി: ബ്രസീലിയൻ ഫുട്ബാൾ ഇതിഹാസം റൊണാൾഡോ നസാരിയോ കേന്ദ്ര കായിക സഹമന്ത്രി രക്ഷാ ഖഡ്സെയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയിൽ കായിക മേഖലയിലെ സഹകരണവും ഭാവി വികസന സാധ്യതകളും ലക്ഷ്യമിട്ടുള്ള സന്ദർശനത്തിന്റെ ഭാഗമായാണ് റൊണാൾഡോ രാജ്യതലസ്ഥാനത്ത് കേന്ദ്രമന്ത്രിയെ കണ്ടത്. കൂടിക്കാഴ്ചയിൽ റൊണാൾഡോ നസാരിയോ തന്റെ ഐക്കണിക് 9-ാം നമ്പർ ബ്രസീൽ ജഴ്സി കേന്ദ്രമന്ത്രിക്ക് സമ്മാനിച്ചു.
ഇന്ത്യൻ സർക്കാരുമായി സഹകരിച്ച് ഫുട്ബാളിലും മറ്റ് കായിക ഇനങ്ങളിലും പുതിയ അവസരങ്ങൾ സൃഷ്ടിക്കാനാണ് ഈ കൂടിക്കാഴ്ച വഴിതുറക്കുന്നതെന്ന് റൊണാൾഡോ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഊഷ്മളമായ സ്വീകരണത്തിനും പ്രചോദനാത്മകമായ സംഭാഷണങ്ങൾക്കും കേന്ദ്രമന്ത്രിയോട് അദ്ദേഹം നന്ദി അറിയിച്ചു. ഭാവി തലമുറയ്ക്കായി ഈ ബന്ധം ദീർഘകാല പാരമ്പര്യമായി വളരുമെന്ന് പ്രതീക്ഷിക്കുന്നതായും ബ്രസീലിയൻ മുൻ താരം കൂട്ടിച്ചേർത്തു.
ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളുമായുള്ള കൂടിക്കാഴ്ച മറക്കാനാവാത്ത അനുഭവം സമ്മാനിച്ചതായി മന്ത്രി രക്ഷാ ഖഡ്സെയും സമൂഹമാധ്യമങ്ങളിൽ കുറിച്ചു. ഇന്ത്യയിൽ കായിക അടിസ്ഥാനസൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും യുവപ്രതിഭകൾക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ചർച്ചകൾ കൂടിക്കാഴ്ചയിൽ നടന്നു.
കായിക രംഗത്ത് 'ദി ഫിനോമിനൻ' എന്നറിയപ്പെടുന്ന റൊണാൾഡോ 1994, 2002 വർഷങ്ങളിൽ ബ്രസീലിനായി ലോകകപ്പ് ഉയർത്തിയ താരമാണ്. ബാഴ്സലോണ, ഇന്റർ മിലാൻ, റയൽ മഡ്രിഡ്, എ.സി മിലാൻ എന്നീ ക്ലബ്ബുകൾക്കായി താരം ബൂട്ടണിഞ്ഞിട്ടുണ്ട്. ഡൽഹി സന്ദർശനത്തിനിടെ ഡൽഹി ഗോൾഫ് ക്ലബ്ബിലും താരം സന്ദർശനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.