എസ്.എൽ.കെയിൽ തിരുവനന്തപുരം കൊമ്പൻസിനെതിരെ ഫോഴ്സ കൊച്ചിയുടെ രാഘവ് ഗുപ്ത ആദ്യ ഗോൾ നേടുന്നു
കൊച്ചിയിൽ കൊമ്പൻ ചരിഞ്ഞു! തിരുവനന്തപുരത്തെ മൂന്ന് ഗോളിന് തകർത്ത് ഫോഴ്സ കൊച്ചി
കൊച്ചി: കലൂർ മൈതാനത്ത് കളി തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ... ആറാം മിനിറ്റിൽ തിരുവനന്തപുരം കൊമ്പൻസിന്റെ കൊമ്പൊടിച്ച് ഫോഴ്സ കൊച്ചിയിൽ നിന്ന് ആദ്യഗോൾ പറന്നു. പിന്നാലെ, തിരിച്ചടിക്കാൻ ഇടനൽകാതെ വീണ്ടും രണ്ടു വമ്പൻ ഗോളുകൾ. സൂപ്പർലീഗ് കേരളയിൽ കൊമ്പൻസിനെ തകർത്ത് ഫോഴ്സ കൊച്ചിക്ക് സ്വന്തം കളിമുറ്റത്ത് ആധികാരിക വിജയം.
കളിയുടെ താളം മുറുകി വരുന്നതിനുമുമ്പുള്ള ആദ്യമിനിറ്റുകളിലാണ് ആദ്യ ഗോൾ പിറന്നത്. കൊമ്പൻസിന്റെ ബോക്സിനരികിലേക്ക് ഡീഗോ ഹെർണാണ്ടസ് നൽകിയ പാസ് മറ്റെല്ലാവരും നോക്കിനിൽക്കേ ഫോഴ്സയുടെ മധ്യനിര താരം രാഘവ് ഗുപ്ത വലയിലേക്ക് അടിച്ചിട്ടു. സ്കോർ 1-0.
പിന്നാലെ മത്സരത്തിന്റെ ഗതിവേഗം മാറി. തിരിച്ചടിയുടെ ട്രാക്കിലേക്ക് കൊമ്പൻമാർ കുതിച്ചെങ്കിലും പല ഷോട്ടുകളും ഗോൾ വലക്കു തൊട്ടു മുന്നിൽ ചിതറി തെറിച്ച് പുറത്തേക്ക്. ഒറ്റ ഗോളിൽ അവസാനിപ്പിക്കാൻ ഒരു ക്കമല്ലായിരുന്നു ആതിഥേയർ. 35 ാം മിനിറ്റിൽ ഫോഴ്സയുടെ സൂപ്പർ താരം മലയാളി ഫോർവേഡ് രാഹുൽ രാജുവിന്റെ ഇടതുവിങ്ങിലൂടെ ഒറ്റക്കുള്ള മുന്നേറ്റം ഗോളായി മാറി (2 -0).
രണ്ടാം പകുതിയിൽ കൊമ്പൻമാർ പ്രത്യാക്രമണങ്ങൾക്ക് മൂർച്ച കൂട്ടിയെങ്കിലും ഒരിഞ്ചു വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു ഫോഴ്സ. മാത്രമല്ല, 66ാം മിനിറ്റിൽ മലയാളിയായ അണ്ടർ 23 താരം ഹർഷൽ റഹ്മാൻ്റെ ഗോളിൽ ലീഡ് മൂന്നാക്കി ഉയർത്തി. ബോക്സിനു പുറത്തു നിന്ന് എൽട്ടൺ ജൂനിയർ നൽകിയ പാസ് കൃത്യം വലയിലേക്ക് ഇട്ടുകൊടുക്കുകയായിരുന്നു ഹർഷൽ (3-2).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.