20 ലക്ഷം ഡോളർ വാഗ്ദാനം നൽകിയിട്ടും നോ പറഞ്ഞ സ്വർണത്തലമുടിയിൽ വാൾഡറമ കത്തിവെച്ചോ? സത്യാവസ്ഥ ഇതാണ്...

ബൊഗോട്ട: കൊളംബിയൻ ഫുട്ബാളിനെ കുറിച്ചു കേൾക്കുമ്പോൾ മുൻകാല ആരാധകരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് ആ ചുരുണ്ട സ്വർണത്തലമുടിയാവും. ചുരുണ്ട് സ്പ്രിങ് പോലെ ആടിക്കളിക്കുന്ന സ്വർണമുടിയുമായി കാർലോസ് വാൾഡറമയെന്ന മധ്യനിരയിലെ വജ്രായുധം. മൂന്ന് ലോകകപ്പുകളിലും അഞ്ച് കോപ അമേരിക്കയിലും പന്തുതട്ടിയ വാൾഡറമ കളിക്കളം വിട്ട് രണ്ടു പതിറ്റാണ്ടിലേറെയായിട്ടും ആരാധകരുടെ മനസ്സിൽ മുടിയൻ വാൾഡറമ തന്നെയാണ്.

എന്നാൽ, കഴിഞ്ഞ ദിവസം മുടിയെ തൊട്ടുള്ള പുതിയ വിവാദത്തിന് തുടക്കം കുറിച്ചത് വാൾഡറമയും ഭാര്യ എൽവിറ റെഡോൻഡയും തന്നെയാണ്. വിശ്വവിഖ്യാതമായ തന്റെ സ്വർണമുടി ഭാര്യ എൽവിര ഡ്രിമ്മർ ഉപയോഗിച്ച് ഷേവ് ചെയ്തു കളയുന്ന വിഡിയോ വാൾഡറമ തന്നെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു. എന്നാൽ, രൂക്ഷമായിരുന്നു ആരാധകരുടെ പ്രതികരണം. പണ്ട്, 1994 ലോകകപ്പിന് മുന്നോടിയായി ഒരു പരസ്യത്തിനുവേണ്ടി മുടി മുറിക്കാൻ ആവശ്യപ്പെട്ടപ്പോൾ 20 ലക്ഷം ഡോളർ വേണ്ടെന്ന് വെച്ച് ‘നോ’ പറഞ്ഞ വാൾഡറമ തമാശക്ക് വേണ്ടി മുടിമുറിച്ചതിനെ ആരാധകർ വിമർശിച്ചു. അതേസമയം, 45 വർഷത്തിലേറെയായി കാണുന്ന ലുക്ക് മാറ്റാനുള്ള താരത്തിന്റെ അവകാശം നിഷേധിക്കരുതെന്ന് ചിലരും പറഞ്ഞു.

എന്നാൽ, ഒരു ദിവസത്തെ കാത്തിരിപ്പിനു ശേഷം മുടി മുറിയുടെ രഹസ്യം വാൾഡറമ തന്നെ തള്ളി. ആദ്യം പങ്കുവെച്ചത് വ്യാജ വിഡിയോ ആണെന്നും, യഥാർഥ മുടിയെ ഒളിപ്പിച്ചുകൊണ്ട് സ്ഥാപിച്ച ബാൾഡ് ക്യാപിനു മുകളിൽ വെച്ച വെപ്പുമുടിയാണ് മുറിച്ചതെന്നും വിശദീകരിച്ചുകൊണ്ടുള്ള മറ്റൊരു വിഡിയോയും വന്നു. മുടിതൊട്ട് കളിയില്ലെന്ന പ്രഖ്യാപനവും താരം നടത്തി. ഒരു കൊളംബിയൻ ബ്രാൻഡിന്റെ പരസ്യത്തിനു വേണ്ടിയായിരുന്നു വാൾഡറമയുടെ ഈ മുടി നാടകം. 65കാരനായ വാൾഡറമ 1990, 1994, 1998 ലോകകപ്പുകളിലും അഞ്ച് കോപ അമേരിക്കയിലുമായി കൊളംബിയക്കായി കളിച്ചിട്ടുണ്ട്.

2004ൽ പെലെ തെരഞ്ഞെടുത്ത ലോകത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച 125 ഫുട്ബാൾ താരങ്ങളിൽ ഒരാളായിരുന്നു വാൾഡറമ. ലോകകപ്പുകളിൽ മികവുറ്റ മധ്യനിര താരമെന്ന ഖ്യാതി നേടിയിരുന്നെങ്കിലും വാൾഡറമ തന്റെ കരിയറിന്റെ ഭൂരിഭാഗവും ചെലവഴിച്ചത് സ്വന്തം നാടായ തെക്കേ അമേരിക്കയിലായിരുന്നു. 1980കളുടെ അവസാനത്തിലും 1990കളുടെ തുടക്കത്തിലും ഫ്രഞ്ച് ക്ലബായ മോണ്ട്പെലിയറിനും സ്പാനിഷ് ക്ലബായ റയൽ വയ്യഡോളിഡിനുമായി കളിച്ചു. എന്നാൽ, യൂറോപ്പിലെ പ്രമുഖ ക്ലബുകളിലൊന്നിലേക്ക് മാറാൻ അദ്ദേഹത്തിന് അവസരം ലഭിച്ചില്ല. 1985 മുതൽ 1987 വരെ കൊളംബിയൻ ക്ലബായ ഡിപോർട്ടീവോ കാലിക്കുവേണ്ടിയാണ് വാൾഡറമ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചത്. 131 മത്സരങ്ങളിൽനിന്ന് 22 ഗോളുകളും നേടി.

2002ൽ മേജർ ലീഗ് സോക്കറിൽ കൊളറാഡോ റാപ്പിഡ്സിനായി കളിച്ചതിനുശേഷം ഫുട്ബാളിൽനിന്ന് വിരമിച്ച താരം, പിന്നീട് കൂടുതലായും മാധ്യമരംഗത്താണ് പ്രവർത്തിച്ചത്. ഫുട്ബാൾ മത്സരങ്ങളിൽ കമന്റേറ്ററായും തിളങ്ങി. കൊളംബിയൻ ക്ലബായ അത്‌ലറ്റിക്കോ ജൂനിയറിന്റെ അസിസ്റ്റന്റ് പരിശീലകനായി കുറച്ചുകാലം പ്രവർത്തിച്ചു.

Tags:    
News Summary - Colombian soccer legend Valderrama says goodbye to his iconic hair?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.