മെസ്സിയുടെ ചാമ്പ്യൻസ് ലീഗ് റെക്കോഡുകൾ തകർത്ത് എംബാപ്പെയും ഹാലൻഡും
യൂവേഫ ചാമ്പ്യൻസ് ലീഗ് റെക്കോഡുകൾ ഓരോന്നായി തകർത്ത് മുന്നേറുകയാണ് കിലിയൻ എംബാപ്പെയും എർലിങ് ഹാലൻഡും. ലയണൽ മെസ്സിയുടെ ചരിത്രപ്രധാനമായ റെക്കോഡുകൾ ഇരുവരും തിരുത്തിച്ച ചാമ്പ്യൻസ് ലീഗ് രാത്രിയ്ക്കാണ് ഫുട്ബാൾ ആരാധകർ സാക്ഷ്യം വഹിച്ചത്.
ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന താരമെന്ന റെക്കോർഡാണ് റയൽ മഡ്രിഡ് സൂപ്പർ താരം കിലിയൻ എംബാപ്പെ സ്വന്തമാക്കിയത്. റോമക്കെതിരായ മത്സരത്തിനിറങ്ങുമ്പോൾ 27 വയസ്സും 298 ദിവസവുമായിരുന്നു താരത്തിന്റെ പ്രായം. 28 വയസ്സും 84 ദിവസവും പ്രായമുള്ളപ്പോൾ ഈ നേട്ടം കൈവരിച്ച ലയണൽ മെസ്സിയുടെ റെക്കോർഡാണ് ഫ്രഞ്ച് സൂപ്പർ താരം മറികടന്നത്.
മെസ്സിയും തന്റെ നൂറാം ചാമ്പ്യൻസ് ലീഗ് മത്സരം കളിച്ചത് റോമക്കെതിരെയായിരുന്നു എന്നതാണ് കൗതുകകരമായ മറ്റൊരു വസ്തുത. റോമക്കെതിരെ റയലിന്റെ ആദ്യ ഗോൾ നേടിയത് ഫ്രഞ്ച് സൂപ്പർതാരം ആയിരുന്നു. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ താരത്തിന്റെ 72-ാം ഗോളാണിത്. ഇതോടെ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ പിന്തള്ളി ടൂർണമെന്റിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയരാനും കിളിയന് സാധിച്ചു. മത്സരത്തിൽ 3-1ന് പിന്നിൽ നിന്ന ശേഷം 4-3ന്റെ ഗംഭീര തിരിച്ചുവരവോടെയാണ് റയൽ വിജയം പിടിച്ചെടുത്തത്.
എംബാപ്പെയ്ക്ക് പുറമെ മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ ഗോൾമെഷീൻ എർലിങ് ഹാലൻഡും ലയണൽ മെസ്സിയുടെ മറ്റൊരു റെക്കോഡ് തകർത്തു. ചാമ്പ്യൻസ് ലീഗിൽ ഏറ്റവും വേഗത്തിലും കുറഞ്ഞ പ്രായത്തിലും 60 ഗോളുകൾ തികയ്ക്കുന്ന താരമെന്ന റെക്കോർഡാണ് ഹാലൻഡ് സ്വന്തമാക്കിയത്.
വെറും 60 മത്സരങ്ങളിൽ നിന്നാണ് ഹാലൻഡ് ഈ നാഴികക്കല്ല് പിന്നിട്ടത്. 26 വയസ്സും 85 ദിവസവും പ്രായമുള്ളപ്പോൾ ഈ നേട്ടത്തിലെത്തിയ താരം, മെസ്സിയുടെ പ്രായപരിധി റെക്കോർഡിനെ വെറും ഒരു ദിവസത്തിന്റെ വ്യത്യാസത്തിലാണ് മറികടന്നത്. പി.എസ്.ജിക്കെതിരെ രണ്ട് ഗോളുകൾ നേടാൻ ഹാലൻഡിനായെങ്കിലും, മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 4-2ന്റെ പരാജയപെട്ടു.
എന്നിരുന്നാലും, ഒരേ രാത്രിയിൽ ഫുട്ബാൾ ലോകത്തെ രണ്ട് മുൻനിര താരങ്ങൾ ഇതിഹാസ താരം ലയണൽ മെസ്സിയുടെ റെക്കോർഡുകൾ തിരുത്തിയെഴുതിയത് കായികലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.