പാപ്വന്യൂഗിനിക്കെതിരെ വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഒമാൻ താരങ്ങൾ
മസ്കത്ത്: ബാറ്റർമാരും ബൗളർമാരും നിറഞ്ഞാടിയതോടെ ട്വന്റി20 ലോകകപ്പ് യോഗ്യത റൗണ്ടില്‍ സൂപ്പര്‍ സിക്സിൽ കടന്ന് ഒമാൻ. ആമിറാത്തിലെ ഒമാന്‍ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടില്‍ നടന്ന ഗ്രൂപ് ഘട്ടത്തിലെ മത്സരത്തില്‍ പാപ്വന്യൂഗിനിയെ 52 റണ്‍സിനാണ് ഒമാൻ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഒമാൻ എട്ട് വിക്കറ്റ് നഷ്ടത്തിൽ 138 റണ്‍സിന്റെ വിജയലക്ഷ്യമുയർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാപ്വന്യൂഗിനിയെ 16.4 ഓവറിൽ 86 റൺസിന് എറിഞ്ഞിടുകയായിരുന്നു.
24 പന്തില്‍ 48 റണ്‍സെടുത്ത വിനായസക് ശുക്ലയുടെ തകർപ്പൻ ബാറ്റിങ്ങും മുഹമ്മദ് നദീമിന്റെ (26 പന്തില്‍ 28 റണ്‍സ്) മികച്ച പിന്തുണയുമാണ് സുൽത്താനേറ്റിന് മികച്ച സ്കോർ സമ്മാനിച്ചത്. കാബുവ മൊറിയ പാപ്വന്യൂഗിനിക്ക് വേണ്ടി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാപ്വന്യൂഗിനിയെ തുടക്കം മുതല്‍ വിക്കറ്റുകള്‍ വീഴ്ത്തി ഒമാൻ പിടിമുറുക്കുകയായിരുന്നു. നാല് ഓവറില്‍ 15 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ശകീല്‍ അഹമദും 3.4 ഓവറില്‍ 22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജതീന്ദര്‍ രാമനന്ദിയും രണ്ട് വിക്കറ്റ് വീഴ്ത്തിയ നദീം ഖാനുമാണ് പാപ്വന്യൂഗിനിയെ 16.4 ഓവറില്‍ 86 എന്ന റണ്‍സിന് പുറത്താക്കാൻ സഹായിച്ചത്.
ടോസ് നേടിയ പാപ്വന്യൂഗിനി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു സമോവക്കെതിരെ ആദ്യ മത്സരത്തിലെ വിജയവും പാപ്വന്യൂഗിനിക്കെതിരായ ജയവും ഒമാന്‍ സൂപ്പര്‍ സിക്സ് ബര്‍ത്തുറപ്പിച്ചു. സൂപ്പര്‍ സിക്സിലെ ആദ്യ മത്സരത്തില്‍ ഒമാന്‍ ഞായറാഴ്ച ഖത്തറിനെ നേരിടും. 13ന് യു.എ.ഇക്കെതിരെയും 15ന് നേപ്പാളിനെതിരെയും 17ന് ജപ്പാനെതിരെയുമാണ് മറ്റ് മത്സരങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.