അഭിഷേക് ശർമ, സഞ്ജു സാംസൺ
അഹ്മദാബാദ്: ട്വന്‍റി20 ലോകകപ്പിൽ തുടർച്ചയായ മൂന്നാം ഇന്നിങ്സിലും അഭിഷേക് ശർമ പൂജ്യത്തിന് പുറത്തായി. യു.എസ്.എക്കും പാകിസ്താനുമെതിരെ ക്യാച്ച് നൽകി പുറത്തായ ലോക ഒന്നാം നമ്പർ ടി20 ബാറ്റർ, നെതർലൻഡ്സിനെതിരെ ആദ്യ ഓവറിൽ ക്ലീൻ ബൗൾഡാകുകയായിരുന്നു. ആര്യൻ ദത്തിന്‍റെ സ്പിൻ ബൗളിന്‍റെ ഗതി മനസ്സിലാക്കാതെ ബാറ്റു വീശിയതാണ് അഹ്മദാബാദിൽ അഭിഷേകിന് വിനയായത്. ടൂർണമെന്‍റിൽ നമീബിയക്കെതിരായ രണ്ടാം മത്സരത്തിൽ താരം ഇറങ്ങിയിരുന്നില്ല. വയറിലെ അണുബാധ മൂലം വിശ്രമമനുവദിച്ച അഭിഷേകിന് പകരം അന്തിമ ഇലവനിലെത്തിയ സഞ്ജു സാംസൺ 22 റൺസടിച്ച് ഇന്ത്യക്ക് മികച്ച തുടക്കം നൽകിയിരുന്നു.
ലോകകപ്പിൽ തന്‍റെ അരങ്ങേറ്റ മത്സരത്തിൽ ഹാട്രിക് സിക്സടിച്ച് തുടങ്ങിയ സഞ്ജു സാംസൺ എട്ട് പന്തുകൾ മാത്രം നേരിട്ടാണ് 22 റൺസ് നേടിയത്. ആദ്യ ഓവറിലെ അവസാന പന്ത് സിക്സറടിച്ചാണ് സഞ്ജു സ്കോറിങ് ആരംഭിച്ചത്. നേരിട്ട നാലാം പന്ത് സൈറ്റ് സ്ക്രീനിലേക്ക് പറത്തിയ സഞ്ജു, തൊട്ടടുത്ത ഓവറിലും തുടർച്ചയായി സിക്സറുകൾ പറത്തി ഹാട്രിക് സിക്സ് തികച്ചു. പിന്നാലെ എക്സ്ട്രാ കവറിലൂടെ മനോഹരമായ ഫോർ. എട്ടു പന്തുകൾ മാത്രം നീണ്ടുനിന്ന ഇന്നിങ്സ് പക്ഷേ, ടൂർണമെന്‍റിൽ അഭിഷേകിന്‍റെ പ്രകടനത്തേക്കാൾ മികച്ചതാണെന്ന് ആരാധകരുടെ കമന്‍റുകൾ ഇതിനകം വന്നുകഴിഞ്ഞു.
ഇന്ത്യക്കിനി സൂപ്പർ എട്ടിലാണ് മത്സരങ്ങൾ. കരുത്തരായ ദക്ഷിണാഫ്രിക്കയേയും വെസ്റ്റിൻഡീസിനെയും ഒപ്പം ആസ്ട്രേലിയയെ അട്ടിമറിച്ച് ഈ ലോകകപ്പിലെ കറുത്ത കുതിരകളായെത്തിയ സിംബാബ്വെയുമാണ് അടുത്ത റൗണ്ടിൽ ഇന്ത്യക്ക് നേരിടേണ്ടത്. തുടർ പരാജയങ്ങൾ നേരിടുന്ന അഭിഷേകിനെ വീണ്ടും പരീക്ഷിക്കാൻ ടീം മാനേജ്മെന്‍റ് തയാറാകുമോ അതോ സഞ്ജു സാംസണ് അവസരം നൽകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. അപ്പോഴും ന്യൂസിലൻഡിനെതിരായ അഞ്ച് കളികളിലും പ്ലേയിങ് ഇലവനിലുണ്ടായിട്ടും ദയനീയ ഫോം തുടർന്ന ബാറ്ററാണ് സഞ്ജുവെന്ന വസ്തുത മാറ്റിനിർത്താനാകില്ലെന്നതും പരിഗണനാ വിഷയമാകും.
അതേസമയം നെതർലൻഡ്സിനെതിരെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽനിന്ന് രണ്ട് മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. അക്സർ പട്ടേലിനു പകരം വാഷിങ്ടൺ സുന്ദറും കുൽദീപ് യാദവിന് പകരം അർഷിദീപ് സിങ്ങും അന്തിമ ഇലവനിലെത്തി. അഞ്ചോവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 44 റൺസ് എന്ന നിലയിലാണ് ഇന്ത്യ. അഭിഷേകിന് പുറമെ ഏഴ് പന്തിൽ 18 റൺസടിച്ച ഇഷാൻ കിഷനാണ് പുറത്തായത്. തിലക് വർമക്കൊപ്പം (25*) ക്യാപ്റ്റൻ സൂര്യകുമാറാണ് (1*) ക്രീസിൽ.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ നേരത്തെ തന്നെ സൂപ്പർ എട്ടിൽ പ്രവേശിച്ചിരുന്നു. ഇന്ന് നമീബിയക്കെതിരെ ജയിച്ച പാകിസ്താനും ഗ്രൂപ്പിൽനിന്ന് അടുത്ത റൗണ്ടിലെത്തി. ഇന്ത്യയോട് തോൽവിയേറ്റ പാകിസ്താൻ ശേഷിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് സൂപ്പർ എട്ടിലേക്ക് പ്രവേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.