അഹ്മദാബാദ്: ട്വന്‍റി ലോകകപ്പിൽ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ നെതർലൻഡ്സിനെതിരെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബാറ്റിങ് തെരഞ്ഞെടുത്തു. മഞ്ഞിന്‍റെ സാന്നിധ്യം ആദ്യം ബാറ്റുചെയ്യുന്നവർക്ക് ഗുണകരമാകുമെന്ന് സൂര്യകുമാർ പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽനിന്ന് രണ്ട് മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. അക്സർ പട്ടേലിനു പകരം വാഷിങ്ടൺ സുന്ദറും കുൽദീപ് യാദവിന് പകരം അർഷിദീപ് സിങ്ങും അന്തിമ ഇലവനിലെത്തി. മലയാളി താരം സഞ്ജു സാംസണ് ഇന്ന് അവസരം നൽകിയില്ല. ടോസ് നേടിയിരുന്നെങ്കിൽ ബാറ്റിങ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് ഡച്ച് ക്യാപ്റ്റൻ സ്കോട്ട് എഡ്വാർസ് പറഞ്ഞു. ഒരു മാറ്റവുമായാണ് അവർ ഇന്നിറങ്ങുന്നത്.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ നേരത്തെ തന്നെ സൂപ്പർ എട്ടിൽ പ്രവേശിച്ചിരുന്നു. ഇന്ന് നമീബിയക്കെതിരെ ജയിച്ച പാകിസ്താനും ഗ്രൂപ്പിൽനിന്ന് അടുത്ത റൗണ്ടിലെത്തി. ഇന്ത്യയോട് തോൽവിയേറ്റ പാകിസ്താൻ ശേഷിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായാണ് സൂപ്പർ എട്ടിലേക്ക് പ്രവേശിക്കുന്നത്. സൂപ്പർ എട്ടിൽ രണ്ടാം ഗ്രൂപ്പിലാണ് പാകിസ്താൻ. ഇംഗ്ലണ്ട് ന്യൂസിലൻഡ് ശ്രീലങ്ക എന്നിവയാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകൾ. എ ഗ്രൂപ്പിൽ ഇന്ത്യക്കൊപ്പം ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ്, സിംബാബ്വെ ടീമുകളാണുള്ളത്. ഇരു ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ സെമി ഫൈനലിൽ പ്രവേശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.