ഏഷ്യാകപ്പ് ട്രോഫിക്കൊപ്പം ടീം ക്യാപ്റ്റന്മാർ

ഇന്ത്യ കപ്പടിച്ചാൽ നഖ്‌വിയിൽനിന്ന് ട്രോഫി ഏറ്റുവാങ്ങില്ലെന്ന് സൂര്യകുമാർ; ‘കൈകൊടുക്കലി’ലും അവസാനിക്കാതെ ഏഷ്യാകപ്പിലെ വിവാദം

ദുബൈ: ഏഷ്യാകപ്പിലെ ഇന്ത്യ -പാകിസ്താൻ ഭിന്നതകൾ വീണ്ടും ശക്തമായി തുടർന്നേക്കുമെന്ന് റിപ്പോർട്ട്. ഞായറാഴ്ച നടന്ന മത്സരത്തിന് ശേഷം ഇന്ത്യൻ ടീം പാക് താരങ്ങൾക്ക് ഹസ്തദാനം നൽകാതെ ഗ്രൗണ്ട് വിട്ടത് വലിയ വിവാദമായിരുന്നു. സ്പോർട്സ്മാൻ സ്പിരിറ്റിന് യോജിച്ചതല്ല ഇന്ത്യയുടെ പ്രവൃത്തിയെന്നാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്‍റെ പ്രതികരണം. എന്നാൽ ചില കാര്യങ്ങൾ സ്പോർട്സ്മാൻ സ്പിരിറ്റിനും അപ്പുറത്താണെന്നായിരുന്നു ഇതിന് മറുപടിയായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞത്.

ടൂർണമെന്‍റിൽ ഇന്ത്യ വിജയികളായാൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനായ മൊഹ്സിൻ നഖ്‌വിയിൽനിന്ന് ട്രോഫി ഏറ്റുവാങ്ങില്ലെന്ന് സൂര്യകുമാർ വ്യക്തമാക്കിയതായാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സമാപന പരിപാടിയിൽ നഖ്‌വിയുമായി വേദി പങ്കിടാൻ ഇന്ത്യൻ താരങ്ങൾ തയാറാകില്ലെന്നും വിവരമുണ്ട്. പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്‍റെ തലവൻ കൂടിയാണ് നഖ്‌വി എന്നതാണ് ഇന്ത്യയുടെ തീരുമാനത്തിനു പിന്നിൽ. ഇതോടെ കൂടുതൽ വിവാദങ്ങൾ ഉയരുമെന്ന് ഏതാണ്ട് ഉറപ്പിക്കാം. നേരത്തെ കൈകൊടുക്കൽ വിവാദത്തിനു പിന്നാലെ മാച്ച് റഫറിയായ ആൻഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന് പാകിസ്താൻ ഐ.സി.സിയോട് ആവശ്യപ്പെട്ടിരുന്നു.

പൈക്രോഫ്റ്റിനെ മാറ്റണമെന്ന ആവശ്യം ഐ.സി.സി തള്ളിയതോടെയാണ് എട്ട് ടീമുകൾ അണിനിരക്കുന്ന ടൂർണമെന്‍റിൽനിന്ന് പിന്മാറുമെന്ന ഭീഷണിയുമായി പാകിസ്താൻ രംഗത്തെത്തിയിരുന്നു. പിന്നാലെ പാകിസ്താന്‍റെ ആവശ്യം ഭാഗികമായി അംഗീകരിച്ച ഐ.സി.സി, ഇന്നത്തെ മത്സരത്തിൽ റിച്ചി റിച്ചാഡ്സനായിരിക്കും മാച്ച് റഫറിയെന്ന് അറിയിച്ചിട്ടുണ്ട്. ഗ്രൂപ്പ് എയിലെ അവരുടെ അവസാന മത്സരത്തിൽ യു.എ.ഇക്കെതിരെ പാക് പട ബുധനാഴ്ചയിറങ്ങും. ശേഷിക്കുന്ന മത്സരത്തിൽ ആരായിരിക്കും റഫറിയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

പി.സി.ബി ചെയർമാൻ കൂടിയായ മൊഹ്സിൻ നഖ്‌വി പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി നടത്തിയ ചർച്ചക്കൊടുവിൽ ടൂർണമെന്റിൽനിന്ന് പിന്മാറേണ്ടതില്ലെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു എന്നാണ് വിവരം. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇന്ത്യ പാകിസ്താനുമായുള്ള സൗഹൃദം പൂർണമായും അവസാനിപ്പിച്ചത്. കായിക രംഗത്തുപോലും മുമ്പില്ലാത്ത വിധം അകലം പാലിക്കുന്നത് വലിയ ചർച്ചകൾക്ക് വഴി വെച്ചിട്ടുണ്ട്. നേരത്തെ തന്നെ ഇന്ത്യ അടുത്ത റൗണ്ടിലേക്ക് പ്രവേശനം ഉറപ്പാക്കിയിട്ടുണ്ട്. പാകിസ്താൻ സൂപ്പർ ഫോറിലെത്തിയാൽ വീണ്ടും ഇന്ത്യയുമായി മത്സരമുണ്ടാകും.

ഹാൻഡ്ഷേക് വിവാദമിങ്ങനെ

ഇന്ത്യ -പാക് മത്സരത്തിന്‍റെ ടോസിങ് മുതൽ പാക് താരങ്ങളുമായി അകന്നു നിൽക്കുന്ന സമീപനമാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് സ്വീകരിച്ചത്. ടോസിനു ശേഷമോ മത്സര ശേഷമോ പതിവായി തുടരുന്ന ‘കൈകൊടുത്തു പിരിയലി’ന് സൂര്യകുമാർ തയാറായില്ല. പാക് ക്യാപ്റ്റൻ സൽമാൻ അലി ആഘയെ പോലും സൂര്യ അവഗണിച്ചു. മത്സരശേഷം നടത്തിയ വാർത്ത സമ്മേളനത്തിൽ ചില കാര്യങ്ങൾ സ്പോർട്സ്മാൻ സ്പിരിറ്റിന് പുറത്താണെന്ന വിശദീകരണമാണ് സൂര്യ നൽകിയത്. ടീം ഇന്ത്യയുടെ പെരുമാറ്റത്തിൽ പ്രതിഷേധിച്ച പാക് ക്യാപ്റ്റൻ, പോസ്റ്റ്-മാച്ച് പ്രസന്‍റേഷൻ സെറിമണി ബഹിഷ്കരിച്ചു. പരിശീലകൻ മൈക്ക് ഹെസനും ഇന്ത്യയുടെ നിലപാടിൽ നിരാശയറിയിച്ചു. മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

Tags:    
News Summary - Suryakumar Yadav's Warning To Asian Cricket Body: Won't Accept Trophy From Mohsin Naqvi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.