മന്ദാന പുറത്ത്, കൗമാരതാരം കമലിനിക്ക് ട്വന്‍റി20 അരങ്ങേറ്റം; ഇന്ത്യയെ ബാറ്റിങ്ങിന് വിട്ട് ശ്രീലങ്ക

തിരുവനന്തപുരം: വനിത ട്വന്‍റി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിന് വിട്ടു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം. സൂപ്പർ ബാറ്റർ സ്മൃതി മന്ദാനയും രേണുക സിങ് ഠാക്കൂറിനും വിശ്രമം നൽകി.

തമിഴ്നാടിന്‍റെ കൗമാര താരം ജി കമലിനി ഇന്ത്യക്കായി ട്വന്‍റി20 അരങ്ങേറ്റം കുറിക്കും. 17കാരിക്ക് ഓപ്പണറായാണ് അരങ്ങേറ്റം. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ അരങ്ങേറ്റ തോപ്പി സമ്മാനിച്ചു. വനിത പ്രീമിയർ ലീഗ് നടക്കാനിരിക്കെ, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ക്യാപ്റ്റനായ മന്ദാനക്ക് ടീം മാനേജ്മെന്‍റ് വിശ്രമം അനുവദിക്കുകയായിരുന്നു. ആദ്യ മൂന്നു മത്സരങ്ങളിൽ 25, 14, ഒന്ന് എന്നിങ്ങനെയായിരുന്നു താരത്തിന്‍റെ സ്കോർ. നാലാം മത്സരത്തിൽ തകർപ്പൻ അർധ സെഞ്ച്വറിയുമായി താരം തിളങ്ങി. സ്നേഹ് റാണയും പ്ലെയിങ് ഇലവനിലേക്ക് തിരിച്ചെത്തി.

എല്ലാ മത്സരങ്ങളും ജയിച്ച ഇന്ത്യൻ വനിതകൾ പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെയാകും കളത്തിലിറങ്ങുന്നത്. നിലവിൽ നാല് മത്സരങ്ങളും വിജയിച്ച് 4-0ത്തിന് ഇന്ത്യ പരമ്പര നേരത്തെ തന്നെ സ്വന്തമാക്കിക്കഴിഞ്ഞു. തുടർച്ചയായ തോൽവികളിൽ പതറുന്ന ശ്രീലങ്കക്ക് ഇന്നത്തെ മത്സരം അഭിമാന പോരാട്ടമാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും സമാനതകളില്ലാത്ത ആധിപത്യമാണ് ഇന്ത്യ ലങ്കക്കെതിരെ പുലർത്തുന്നത്.

സൂപ്പർ താരം ഷഫാലി വർമയുടെ മിന്നും ഫോമും മധ്യനിരയിൽ വെടിക്കെട്ട് ബാറ്റർ റിച്ച ഘോഷിന്‍റെ സാന്നിധ്യവും ഇന്ത്യയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. ക്യാപ്റ്റൻ ചമാരി അത്തപ്പത്തു ഒഴികെ മറ്റാർക്കും മികച്ച റൺ കണ്ടെത്താനാകുന്നില്ലെന്നതാണ് ലങ്കയെ വലക്കുന്നത്. മികച്ച തുടക്കം ലഭിച്ചാലും മധ്യനിരക്ക് അത് മുതലാക്കാൻ കഴിയാത്തതും സന്ദർശകരെ അലട്ടുന്നുണ്ട്. അതേസമയം, ഫീൽഡിങ്ങാണ് ഇന്ത്യയുടെ പ്രധാന തലവേദന.

Tags:    
News Summary - Smriti Mandhana not playing in the fifth and final T20I against Sri Lanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.