തിരുവനന്തപുരം : രഞ്ജി ട്രോഫിയിലെ ആദ്യ ഇന്നിങ്സിൽ കേരളത്തിനെതിരെ മഹാരാഷ്ട്രക്ക് ലീഡ്. മഹാരഷ്ട്രയുയർത്തിയ 239 റൺസ് പിന്തുടർന്നിറങ്ങിയ കേരളം 63.2 ഓവറിൽ 219 ന് എല്ലാവരും പുറത്തായി. കേരളത്തിനായി സൂപ്പർ താരം സഞ്ജു സാംസൺ 54 റൺസും സൽമാൻ നിസാർ 49 റൺസും ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ധീൻ 36 റൺസും നേടി. മഹാരാഷ്ട്രക്കായി ജലജ് സക്‌സേന മൂന്നും വിക്കി ഓസ്റ്റ്വാൾ, മുകേഷ് ചൗദരി, രജ്‌നീഷ് ഗുർബാനി എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.
കളിയുടെ ആദ്യത്തിൽ കേരളത്തിനായിരുന്നു മേൽക്കൈ. അഞ്ച് വിക്കറ്റ് വീഴ്ത്തിയ എം.ഡി. നിധീഷിന്റെ ബൗളിങ് മികവാണ് ഒന്നാം ഇന്നിങ്സിൽ മഹാരാഷ്ട്രയുടെ ബാറ്റിങ് നിരയെ തകർത്തത്. വാലറ്റത്ത് വിക്കി ഓസ്വാളും രാമകൃഷ്ണ ഘോഷും നടത്തിയ ചെറുത്തുനിൽപ്പാണ് മഹാരാഷ്ട്രയുടെ സ്കോർ 200 കടത്തിയത്. ഇരുവരും ചേർന്ന് എട്ടാം വിക്കറ്റിൽ 59 റൺസാണ് കൂട്ടിച്ചേർത്തത്. 31 റൺസെടുത്ത രാമകൃഷ്ണ ഘോഷിനെ പുറത്താക്കി അങ്കിത് ശർമയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പത്ത് റൺസെടുത്ത രജനീഷ് ഗുർബാനിയെ പുറത്താക്കി നിധീഷ് അഞ്ച് വിക്കറ്റ് നേട്ടം പൂർത്തിയാക്കി. ഒടുവിൽ വിക്കി ഓസ്വാളും പുറത്തായതോടെ 239 റൺസിന് മഹാരാഷ്ട്ര ഇന്നിങ്സിന് അവസാനമായി. 38 റൺസെടുത്ത വിക്കി ഓസ്വാളിനെ എൻ.പി. ബേസിൽ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. കേരളത്തിന് വേണ്ടി നിധീഷ് അഞ്ചും ബേസിൽ മൂന്നും ഏദൻ ആപ്പിൾ ടോമും അങ്കിത് ശർമയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തെ മഹാരാഷ്ട്ര ബൗളർമാർ ഞെട്ടിച്ചു. സ്കോർ 23ൽ നിൽക്കെ അക്ഷയ് ചന്ദ്രനെ രജനീഷ് ഗുർബാനി വിക്കറ്റിന് മുന്നിൽ കുരുക്കി. 21 പന്തുകൾ നേരിട്ട അക്ഷയ് റണ്ണൊന്നുമെടുക്കാതെയാണ് മടങ്ങിയത്. ചായക്ക് പിരിയുന്നതിന് തൊട്ടു മുമ്പ് ഗുർബാനിയുടെ പന്തിൽ ബാബ അപരാജിത്തിനെയും (ആറ്) മനോഹരമായ കാച്ചിലൂടെ ഗുർബാനി പുറത്താക്കി. രോഹൻ കുന്നുമ്മലിന്‍റെതായിരുന്നു അടുത്ത ഊഴം. 28 പന്തുകളിൽ നാല് ഫോറടക്കം 27 റൺസെടുത്ത രോഹനെ ജലജ് സക്സേനയും പുറത്താക്കിയതോടെ കേരളം പതറി.
മൂന്നാം ദിനം ബാറ്റിംഗ് തുടർന്ന കേരളത്തിന്റെ സ്കോർ നില മൂന്നു വിക്കറ്റ് നഷ്ടത്തിൽ 35 എന്നായിരുന്നു. 22ാം ഓവറിൽ സച്ചിൻ ബേബിയെ രാമകൃഷ്ണ ഘോഷ് മടക്കി അയച്ചതോടെ നാല് മുൻ നിര ബാറ്റർമാരെ കേരളത്തിന് നഷ്ടമായി. പിന്നാലെ വന്ന സഞ്ജു സാംസണും ക്യാപ്റ്റൻ അസറുദ്ദീനും ചേർന്ന് കേരളത്തിന് പ്രതീക്ഷയേകുന്ന കൂട്ടുകെട്ടാണ് നൽകിയത്. വൈകാതെ സഞ്ജു സാംസൺ തന്റെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. പക്ഷെ പിന്നാലെ തന്നെ വിക്കി ഓസ്റ്റ്വാൾ സാംസണെ മടക്കിയയച്ചു. അധികം വൈകാതെ തന്നെ 36 റൺസുമായി അസറുദ്ദീനും പുറത്തായി. സൽമാൻ നിസാർ ഒരു ഭാഗത്ത് ചെറുത്ത് നിൽപ്പ് തുടർന്നെങ്കിലും മറുഭാഗത്ത് കേരളത്തിന്റെ വിക്കറ്റുകൾ തുടരെ തുടരെ നഷ്ടമായി. അങ്കിത് ശർമയേയും നിധീഷിനെയും ജലജ് സക്‌സേന പുറത്താക്കിയപ്പോൾ ഏദൻ ആപ്പിൾ ടോമിനെ പുറത്താക്കിയത് മുകേഷ് ചൗദരിയാണ്. 64ാം ഓവറിൽ സൽമാൻ നിസാറും പുറത്തായതോടെ 20 റൺസിന്റെ ലീഡ് വഴങ്ങി കേരളം ഓൾ ഔട്ടായി.
രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് തുടങ്ങിയ മഹാരാഷ്ട്ര നിലവിൽ വിക്കറ്റുകൾ നഷ്ടമാകാതെ 51 റൺസ് എന്ന നിലയിലാണ്. 37 റൺസെടുത്ത് പൃഥ്‌വി ഷായും 14 റൺസെടുത്ത് അർശിന് കുൽക്കർണിയുമാണ് ക്രീസിലുള്ളത്. വെളിച്ചക്കുറവ് മൂലം നിലവിൽ മത്സരം നിർത്തി വെച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.